സ് നേഹപൂര്‍വ്വം…


പേങ്ങാട്ടയിലിനും പെരുമ്പറമ്പത്തിനും പിന്നെ ബ്ലോഗിന്റെ എല്ലാ സഹകാരികള്‍ക്കും സ് നേഹപൂര്‍വ്വം…


റിഗ്ഗിലെ ഏകാന്തതയില്‍ നൈറ്റ് ഡ്യൂട്ടിയും പകലുറക്കവും കഴിഞ്ഞുള്ള അലസസായാഹ്നത്തിന്റെ ഉറക്കച്ചടവിലേക്ക് ഒരു ദിവസത്തെ പഴക്കമുള്ള മാധ്യമം പത്രം വന്നെത്തി. പേജുകള്‍ക്കിടയിലൂടെയുള്ള പര്യടനത്തിനിടയില്‍ കണ്ണില്‍പെട്ട കഥയില്‍ നങ്കൂരമിട്ടു.


“ജ്യോതിര്‍ഗമയ” – യിലെ വരികളില്‍ നിന്ന് ബാലന്‍ വൈദ്യരും ദാസന്റെ ചായപ്പീടികയും പരൂപ്പാടവും അകലാട് കടലും കൊച്ചനുങ്കുളവും തെളിഞ്ഞുവന്നപ്പോള്‍ ആഹ്ലാദകരമായ വിസ്മയം ഉള്ളിലുരിയിട്ടു. കൌതുകത്തോടെ കഥ വായിച്ചുതീര്‍ത്തു.


മുസ്തഫ പെരുമ്പറമ്പത്ത് എന്ന രചയിതാവ് എനിക്കജ്ഞാതനായിരുന്നു. ഒരു ഫോണ്‍കോളിലൂടെ ആളിന്റെ ഐഡന്റിറ്റി തപ്പിയെടുത്തു.


കഥാപാരായണം പൂര്‍ത്തിയായതോടെ ഇംഗ്ലീഷിലെ ഒരു പഴമൊഴി മനസ്സിലെത്തി. “-എവിടെ അജ്ഞത പരമാനന്ദമായിരിക്കുന്നുവോ അവിടെ അറിവ് അബദ്ധമാകുന്നു..” എന്നാണ്‍ പഴമൊഴിയുടെ എകദേശ ഭാഷന്തരം.


അറിവുകള്‍ പൂര്‍ണ്ണമല്ലെങ്കില്‍ അബദ്ധങ്ങള്‍ സംഭവിക്കുമെന്ന്… അല്‍പ്പജ്ഞാനത്തേക്കാള്‍ സുരക്ഷിതം അജ്ഞാനമാണെന്ന്….


അജ്ഞതയുടെ പറുദീസയില്‍ (മൂഡസ്വര്‍ഗ്ഗത്തില്‍) അതിജീവനത്തിന്റെ പ്രാചീനവും പാരമ്പര്യസിദ്ധവുമായ ശീലങ്ങളില്‍, അല്ലലറിയാതെ കഴിഞ്ഞിരുന്ന നിഷ്കളങ്കജീവിതത്തിന്റെ അതിരുകളിലേക്ക് ആരോ തെളിച്ചുകൊടുത്ത വെട്ടത്തിന്റെ പൊട്ടുകള്‍ ആ ജീവിതത്തെ പ്രകാശിപ്പിക്കുന്നതിനു പകരം കരിച്ചുകളഞ്ഞു.


ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതകളൊന്നുമില്ലാതെ, അടിത്തട്ടുകാണാവുന്ന പുഴയുടെ തെളിമയോടെ ശാന്തമായൊഴുകിയിരുന്ന ആ ജീവിതം കലങ്ങിമറിഞ്ഞ് കലുഷമായതെത്ര പെട്ടെന്നായിരുന്നു…!


വേലപ്പുവിന്റെ ദുരന്തം വരച്ചുകാട്ടുന്നതില്‍ മുസ്തഫ പെരുമ്പറമ്പത്ത് അഭിനന്ദനീയമായ കയ്യടക്കം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു നവാഗതനില്‍നിന്ന് പ്രതീക്ഷിക്കാവുന്നതിനപ്പുറം കഥയുടെ ക്രാഫ്റ്റ് കൈക്കലാക്കുന്നതില്‍ മുസ്തഫ മുന്നോട്ട് പോയിട്ടുണ്ടെന്ന് മനസ്സിലാകുന്നു.


വേലപ്പുവിന്റെയും പരീതുമാപ്ലയുടേയും ഇഴയടുപ്പമുള്ള ആത്മബന്ധം കഥയിലെ ആകര്‍ഷകമായ ഒരു ചിത്രമാണ്. പരസ്പരസംശയത്തിന്റെയും സ്പര്‍ദ്ധയുടെയും വിഷവിത്തുകള്‍ വളര്‍ന്നു പടര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക സാമൂഹികസാഹചര്യത്തില്‍, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അത്തരം “സ്പീഷിസു” കളെപ്പറ്റിയുള്ള സ്മരണകള്‍ പോലും പാവനമാണ്.


കന്നുകളും ആളുകളും ഒന്നിച്ചുകുളിച്ചിരുന്ന – അകലാട് കടല്‍ പോലെ ചെറുപ്പത്തില്‍ തോന്നിച്ചിരുന്ന – വിശാലമായ കൊച്ചനുങ്കുളവും ഏറെ സങ്കോചിച്ചു കഴിഞ്ഞു… ആളുകളുടെ മനസ്സു പോലെ… പരീതാപ്ലയും ചെണ്ടപ്പുറത്തേക്ക് താങ്ങിയിരുത്തപ്പെട്ട വേലപ്പനും എന്നെന്നേക്കുമായി രംഗം വിട്ടു കഴിഞ്ഞു. ഇനി അരങ്ങത്ത് അസുരവേഷങ്ങള്‍ മാത്രം.


ശ്വസിക്കാന്‍ കീടനാശിനി കലര്‍ന്ന വായു,.. കഴിക്കാന്‍ രാസപഥാര്‍ത്ഥസമ്പുഷ്ടമായ അന്നം, നടക്കാന്‍ ഗന്ധക ഭൂമി, കുടിക്കാന്‍ അമ്ലജലം…ആശുപത്രിചിലവിനു ബ്ലേഡുപണവും….ദൈവം രക്ഷിക്കട്ടെ………..
ഇങ്ങിനിവരാത്ത വണ്ണം പോയ് മറഞ്ഞ ആ ഗതകാലം മനസ്സില്‍ നഷ്ടബോധം ഉണര്‍ത്തുന്നു….


കൊച്ചനൂരിന്റെ ബ്ലോഗില്‍ അര്‍ഹമായ സ്ഥാനത്ത് “ജ്യോതിര്‍ഗമയ” സ്ഥാനം പിടിച്ചിരിക്കുന്നത് പിന്നീട് കാണുകയുണ്ടായി. കൊച്ചനൂരിന്റെ സ്വഛസുന്ദരമായ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന കഥകള്‍ കണ്ടെടുത്ത് ഇനിയും ആവിഷ്കരിക്കുക. കലാകാരനായ ആലിക്കുട്ടിക്കാന്റെ മകനു ഭാവുകങ്ങള്‍.


കൊച്ചനൂര്‍ ബ്ലോഗില്‍ അശ്റഫ് പേങ്ങാട്ടയിലിന്റെ “ഭൂഗണ്ഡങ്ങള്‍ കടന്നുവരുന്ന മത്സ്യങ്ങ”ളേയും കണ്ടു. കൌതുകത്തിനു വേണ്ടി കുപ്പിയിലിട്ടു വളര്‍ത്തിയ മത്സ്യക്കുരുന്നുകള്‍ പിന്നീട് അക്വേറിയം എന്ന സ്ഫടികഭാജനത്തിലേക്കും സമീപത്തെ കുളത്തിലേക്കും വളര്‍ന്ന് (“പാലേമാക്കന്ന് കുട്ടിയെ എടുത്ത പോലെ”) ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന ഭീഷണസാന്നിദ്ധ്യമായതും ബ്രഹ്മാണ്ഡത്തോളം വളര്‍ന്ന മത്സ്യങ്ങളെ പ്രതിരോധിക്കാനെത്തിയവരുടെ കാഴ്ച, ഉയര്‍ന്ന മണ്‍പടലങ്ങളില്‍പെട്ടു പോയതും വായിച്ചു. അശ്റഫിന്റെ ആഖ്യാനം നന്നായിട്ടുണ്ട്.


പ്രതീകാത്മകം (സിമ്പോളിക്) ആയ കഥ ഒ. വി. വിജയന്റെ ‘അരിമ്പാറ’ എന്ന കഥയുടെ ഓര്‍മ്മയുണര്‍ത്തി.


ആഗോളീകരണം എന്ന സാംക്ര്രമികരോഗത്തിന്റെ അണുക്കള്‍ നിരുപദ്രവം എന്നു തോന്നിപ്പിക്കുന്ന വിധം നമ്മെത്തന്നെ ഇരകളാക്കി വിഴുങ്ങുന്നതും ഭ്രമാത്മകമായി ആവിഷ്കരിക്കാന്‍ അശ്റഫിന്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചുവര്‍ത്തമാനം പോലെ തുടങ്ങിയ കഥ പുതിയ മാനങ്ങള്‍ തേടി വളരുന്നത് തികഞ്ഞ നാടകീയതയോടെയാണ്. കഥയുടെ സന്ദേശം കാലികപ്രസക്തി സംവഹിക്കുന്നുമുണ്ട്.


“മൂട്ട”യും “പൂച്ചകളുടെ വംശാസൂത്രണ”വും കടന്ന് ‘ഭൂഖണ്ഡങ്ങള്‍ കടന്നുവരുന്ന മത്സ്യങ്ങ”ളുടെ കഥയിലെത്തുമ്പോള്‍ അശ്റഫിന്റെ സാഹിതീസപര്യ ഒരടികൂടി മുന്നോട്ട് തന്നെയാണെന്നത് ആഹ്ലാദകരമാണ്.


പേങ്ങട്ടയിലിനും പെരുമ്പറമ്പത്തിനും അഭിവാദനങ്ങള്‍……..


കൊച്ചനൂര്‍ ബ്ലോഗ് സഹൃദയരുടെ സമ്മേളനവേദിയായി ഒരു എകീകരണപ്രസ്ഥാനമായി വളരട്ടെ എന്ന് ആശംസിക്കുന്നു.
ജസീമിന്റെ പരിശ്രമം ശ്ലാഘനീയം.


ബ്ലോഗിന്റെ എല്ലാ സഹകാരികള്‍ക്കും ബ്ലോഗിലെ എല്ലാ സന്ദര്‍ശകര്‍ക്കും നമോവാകം.

സ് നേഹപൂര്‍വ്വം
ഉസ്മാന്‍ യാങ്കത്ത്, കൊച്ചനൂര്‍

5 thoughts on “സ് നേഹപൂര്‍വ്വം…

 1. കൊച്ചനനൂര്‍,

  അബ്ര പല പ്രാവശ്യം കണ്ടിട്ടുണ്ട്.വല്ലപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുമുണ്ട്.പക്ഷെ ഇപ്പോള്‍ താങ്കളുടെ വരികള്‍ വായിച്ചപ്പോഴാണു കൂടുതല്‍ അതിനെപ്പറ്റി ആലോചിക്കുന്നത്,നന്ദി.

  babu647918@gmail.com

 2. well done jaseemka….this is a gud place to know more abt kochanoor…my hearty wishes for ur effortz…well done…

  Lowfeer Chavakkad.

 3. Its great effort ,Mr.Jaseem took to place such a blog abt our kochanoor…
  proud to b a “kochanoorerian”….really i hope this will enable us all 2 b in touch even we the people from kochanoor are in different parts of the world…………jeevithathinte pachappu thedi angingaayi chidari kidakkunna kochanoorkare orumichu oru kudakkeezhil konduvaraanum alppa neram nammude naattukaarumaayi samvadikkaanum idhu upayogapedunnu……
  humbly request all the visitors to convey the address to our mates in kochanoor and to b a part of it allways…….
  once again hearty congrats to Mr. jaseem and all the best wishes…….

  wishing to b a part of u all…………..

  Shebin Babu V K, Kochanoor. mshebinvk@yahoo.com

 4. കൊച്ചനൂര്‍ കാരുടെ ഈ ബ്ലോഗ് വളരെ നല്ല ഒരു സംരംഭമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ അടയാളമാണ് ഈ പ്രതികരണം. ഈ പ്രതികരണത്തിലെ കുറിപ്പുകളും, പ്രശംസകളും, വിലയിരുത്തലുകളും തീര്ച്ചയായും കൊച്ചനുരിന്റെ സ്വന്തം എഴുത്തുകാര്‍ക്ക് ഒരു വലിയ പ്രചോദനം തന്നെയായിരുക്കും എന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് മുജിബ്, മുസ്തഫ, മുത്തുക്കോയ എന്നിവര്‍ക്ക്. ഇവരിലെ മറ്റുള്ളവര്‍ അറിയാതെ കിടന്നിരുന്ന സാഹിത്യ അഭിരുചിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഈ ബ്ലോഗിന് സാധിച്ചു എന്നതില്‍ സംശയമില്ല. ഈ ബ്ലോഗ് കൊച്ചനൂരുകാരുടെ കൂട്ടായ്മക്ക് നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു. ആ കൂട്ടായ്മക്ക് സംഘടനാ അതിര്‍ വരമ്പുകള്‍ തടസ്സമാകാതിരിക്കട്ടെ. തീര്‍ച്ചയായും മുതിര്‍ന്നവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും ഇനിയും ഉണ്ടാവണം.

Leave a Reply

Your email address will not be published. Required fields are marked *