ചക്കിത്തറ റോഡിനോട് പഞ്ചായത്തിന് ചിറ്റമ്മനയം

പഞ്ചായത്തിലെ ഏറെ പഴക്കവും പ്രാധാന്യവുമുള്ള കൊച്ചനൂർ-ചക്കിത്തറ റോഡ് തകർന്നു. റോഡ് തകർന്ന് കുഴികളിൽ വെള്ളവും ചളിയും നിറഞ്ഞതോടെ വാഹനങ്ങൾ ഓട്ടം വിളിച്ചാൽ വരാതെയായി. സ്വകാര്യവാഹനങ്ങളും അപൂർവ്വമായേ ഈ വഴി ഓടുന്നുള്ളൂ. കഴിഞ്ഞ വർഷം പഞ്ചായത്തിൽ റോഡുകളെല്ലാം പുതുക്കിപ്പണിയുകയും പുതിയ റോഡുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. പക്ഷെ, കാലങ്ങളായി തകർന്നുകിടക്കുന്ന ചക്കിത്തറ റോഡിലെ കുഴികൾ നികത്താൻ പണം അനുവദിച്ചില്ല. പഴയ കൊച്ചി-മലബാർ അതിർത്തിയുടെ അടയാളമായ ചക്കിത്തറ പാലം മുതൽ വട്ടംനിലം പകുത്ത് വടക്ക് കൊച്ചനൂരിലെത്തുന്ന റോഡിന് ഒരു കിലോമീറ്റർ ദൂരമുണ്ട്. പറേമ്പാടം-ആറ്റുപുറം റോഡും മന്ദലാംകുന്ന് ബീച്ച് റോഡും ചേരുന്നത് ഇവിടെയാണ്.

പഞ്ചായത്തിലെ അഞ്ചു മുതൽ എട്ടുവരെ വാർഡുകളെയും കുന്നംകുളം, ഗുരുവായൂർ നഗരസഭ അതിർത്തി പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. കരിച്ചാൽ കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ ഗുരുവായൂർ ക്ഷേത്രനഗരിയിലേക്കുള്ള എളുപ്പവഴിയാകുമിത്. അതോടെ ഈ വഴി ബസ് റൂട്ടിനും സാധ്യത തെളിയും. ചക്കിത്തറ റോഡിൽ ഗതാഗതം കുറഞ്ഞതോടെ പ്രദേശം കഞ്ചാവ് വിൽപനക്കാരും മദ്യപാനികളും താവളമാക്കിയതായി പരിസരവാസികൾ പറയുന്നു. മുഖ്യരാഷ്ട്രീയ പാർട്ടികളും റോഡ് വികസനത്തിനോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്. പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് ഇങ്ങിനെ റോഡുള്ളതായി അധികാരികൾ അറിഞ്ഞ ഭാവമില്ലെന്ന് അവർ പറഞ്ഞു.

കടപ്പാട് – മാധ്യമം വാർത്ത

1 thought on “ചക്കിത്തറ റോഡിനോട് പഞ്ചായത്തിന് ചിറ്റമ്മനയം

  1. തീരാ ദുരിതത്തിന്റെ അറുതിയില്ലാത്ത അവസ്ഥ !!

Leave a Reply

Your email address will not be published. Required fields are marked *