ഗ്രാമസഭ സംഘടിപ്പിച്ചു

വടക്കേകാട് പഞ്ചായത്തിലെ അഞ്ചാം വാർഡായ കൊച്ചനൂരിന്റെ ഗ്രാമസഭാ യോഗം പതിവിലധികം ജനപങ്കാളിത്തത്തോടെ ഞായറാഴ്ച്ച – 22/07/2018-ന് നടന്നു. കൊച്ചനൂർ ഹൈസ്കൂളിൽ വിളിച്ചു ചേർത്ത ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി വി. ആന്റണി, വാർഡ് മെമ്പർ കുഞ്ഞിമുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

നിരവധി ജനകീയപ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. പ്രധാനമായും കാലവസ്ഥയുമായി ബന്ധപ്പെട്ടതും വെള്ളക്കെട്ടിന്റെ കെടുതിയിലേക്കും ദുരിതത്തിലേക്കും ശ്രദ്ധക്ഷണിക്കുന്നതുമായിരുന്നു. ഈയിടെ പണി നടന്ന ആറ്റുപുറം-പാറേമ്പാടം റബ്ബറൈസ്ഡ് റോഡിന്റെ ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത ചില ജോലികൾ ആക്ഷേപത്തിനു വിഷയമായി. റോഡ് സൈഡിൽ മണ്ണിട്ട് നികത്താത്തത് മൂലം നിലനിൽക്കുന്ന അപകടഭീഷണിയും പലയിടത്തും കാനയില്ലാത്തതിന്റെ ഫലമായുള്ള വെള്ളക്കെട്ടിന്റെ അസൗകര്യങ്ങളും കാനയുടെ കോൺഗ്രീറ്റ് പണി നടക്കുന്ന ഭാഗങ്ങളിൽ വീടുകളിലേക്കുള്ള ടെലഫോൺ കേബിൾ നാശമായതും ഉന്നയിക്കപ്പെട്ടു.

കരിച്ചാൽ കോളനി ഭാഗത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്തത് അധികാരികളുടെ ശ്രദ്ധയിലെത്തിച്ചു. ആ ഭാഗത്തുതന്നെ വീടുകളുടെ പിൻഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും അതിൽ ഉൾപ്പെടുന്ന വീടുകൾക്ക് അടുത്ത വേനൽ കാലത്ത് അവിടം മണ്ണിട്ടുനികത്താൻ പഞ്ചായത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ചക്കിത്തറ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാൻ പഞ്ചായത്തിന്റെ അടിയന്തിര ശ്രദ്ധപതിയേണ്ടതിന്റെ ആവശ്യകതയും ഉന്നയിക്കപ്പെടുകയുണ്ടായി. കപ്ലിയങ്ങാട് താഴം റോഡിൽ പാതിവഴിയിൽ നിൽക്കുന്ന കുടിവെള്ളവിതരണ പൈപ്പ് ബാക്കി ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കേണ്ട കാര്യവും ഉണർത്തപ്പെടുകയുണ്ടായി. തെക്കൻ തിരുത്തുമ്മൽ റോഡിൽ കാനയുടെ അഭാവം മൂലം വെള്ളം റോഡിലൂടെ ഒഴുകി റോഡ് നാശമാകുന്നതും മങ്കുളങ്ങര റോഡിന്റെ നവീകരണവും ആവശ്യമായി ഉന്നയിച്ചു.

കൊച്ചനൂരിനും സമീപ സ്ഥലങ്ങൾക്കും ഉപകാരപ്പെടുന്ന രണ്ട് കുടിവെള്ള പദ്ധതികളുടെ രൂപരേഖ വാർഡിലെ സാമൂഹിക പ്രവർത്തകർ കഴിഞ്ഞവർഷം പഞ്ചായത്തിനു മുന്നിൽ അവതരിപ്പിച്ചിരുന്നു. അതിന്റെ തുടർ നടപടികളൊന്നും തന്നെ ഉണ്ടായില്ല എന്നതും ബന്ധപ്പെട്ടവർ ഉന്നയിച്ചു. പദ്ധതി രൂപരേഖ പരിശോധിച്ച് വേണ്ട നടപടികൾ കൈകൊള്ളാമെന്ന് മറുപടിയായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വാർഡിലെ തന്നെ തെരുവ് വിളക്കുകളുടെ പ്രശ്നങ്ങളും ഉന്നയിച്ചു. പതിനാറ് വാർഡുകൾക്ക് ഒരുമിച്ച് കരാർ കൊടുക്കുന്നതിന് പകരം രണ്ടോ മൂന്നോ വാർഡുകൾക്ക് ഒരുമിച്ച് അതാത് പ്രദേശങ്ങളിലെ ആളുകൾക്ക് കരാർ നൽകുന്നത് കേടുപാടുകൾ കാര്യക്ഷമമായി പരിഹരിക്കാൻ സഹായിക്കുമെന്നും ആവശ്യപ്പെട്ടു.

സുലൈമാൻ തെക്കൻ തിരുത്തുമ്മൽ, ഭാസ്കരൻ മാഷ്, മുഹമ്മദാലി പള്ളിക്കരയിൽ, ഹനീഫ കൊച്ചനൂർ, ജമാൽ കരിച്ചാൽ, അശ്റഫ് പള്ളിക്കരയിൽ, മുഹമ്മദ് കുട്ടി കരിച്ചാൽ പറമ്പിൽ, റസാഖ് പി.എച്, നജീബ് ഊക്കയിൽ, തുടങ്ങിയവരായിരുന്നു വ്യത്യസ്ത വിഷയങ്ങൾ ഉന്നയിച്ചത്. സ്ത്രീകളുടെ പങ്കാളിത്തവും ചർച്ചകളിൽ സജീവമായിരുന്നു.

ഇതുവരെ ചെയ്ത പ്രവർത്തനങ്ങളെപ്പറ്റി വാർഡ് മെമ്പർ വിശദീകരിച്ചു. പുതിയ പഞ്ചായത്ത് സെക്രട്ടറി ചർച്ചകളിൽ സജീവമായി ഇടപെടുകയും സമാപനപ്രസംഗം നിർവ്വഹിക്കുകയും ചെയ്തു. ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് അനുഭാവപൂർവ്വം പ്രതികരിച്ച സെക്രട്ടറിയുടെ നിലപാട് യോഗത്തിൽ പങ്കെടുത്തവരുടെ സ്നേഹവും പ്രശംസയും പിടിച്ചുപറ്റുകയുണ്ടായി.

1 thought on “ഗ്രാമസഭ സംഘടിപ്പിച്ചു

  1. ഗ്രാമസഭയിൽ പറയുന്ന അനുഭാവപൂർവ്വമായ മറുപടികൾക്കപ്പുറം തുടർനടപടികളാണാവശ്യം….. കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *