പൂമുഖം സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അതിജീവനം – 2018 എന്ന പരിപാടി ഇന്ന് വൈകീട്ട് കൊച്ചനൂർ ഹൈസ്കൂൾ അങ്കണത്തിൽ നടന്നു. കൊച്ചനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൂമുഖം സാംസ്ക്കാരിക വേദി എന്ന സംഘടനയുടെ പ്രവർത്തനവഴിയിലെ ഒരു നാഴികക്കല്ലായി ഇന്നത്തെ പരിപാടിയേയും അതു സംബന്ധമായ തുടർ പ്രവർത്തനങ്ങളേയും കണക്കാക്കാം.

നമ്മുടെ തലമുറയ്ക്ക് അഭൂതപൂർവ്വമായ പ്രകൃതിദുരന്തം നൂറ്റാണ്ടിന്റെ പ്രളയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളപ്പൊക്കത്തിൽ വീട് തകർന്നു അശരണരായിത്തീർന്ന ഗ്രാമത്തിലെ പത്ത് കുടുംബങ്ങളിൽ നിന്ന് ആറു കുടുംബങ്ങൾക്ക് അവരുടെ വീടിന്റെ പുനർനിർമ്മാണ യത്നത്തിൽ കൈത്താങ്ങാകാൻ സന്നദ്ധമായി മുന്നോട്ടുവന്ന പൂമുഖം പദ്ധതിയാണ്  അതിജീവനം-2018.  പദ്ധതിയുടേ ഔപചാരിക ഉത്ഘാടനം പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ
എം.എൽ.എ ശ്രീ കെ. വി. അബ്ദുൽ ഖാദർ  ഔപചാരികമായി ഉത്ഘാടനം ചെയ്തു.

പൂമുഖം ട്രഷറർ അഷറഫ് പേങ്ങാട്ടയിലിന്റെ ആമുഖഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി ശാരദ ടീച്ചർ സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഉസ്മാൻ പള്ളിക്കരയിൽ ആദ്ധ്യക്ഷം വഹിച്ചു. പൂമുഖം രൂപീകരിക്കാൻ ഇടയായ സാഹചര്യവും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും വിവരിച്ച പ്രസിഡന്റ് കക്ഷിരാഷ്ട്രീയ മത ജാതിഭേദമന്യേ  എല്ലാവരോടും പൂമുഖത്തിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ പൊതുവായി അഭ്യർത്ഥിച്ചു. 
അപകടത്തെ തുടർന്ന് ഇന്ന് അന്തരിച്ച പ്രശസ്ഥനായ സംഗീതജ്ഞൻ ശ്രീ. ബാലഭാസ്ക്കറിനോടുള്ള ആദരസൂചകമായി ഒരു നിമിഷത്തെ മൗനപ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ഗ്രാമത്തിൽ തകർച്ച പറ്റിയ വീടുകളിൽ ഭൂരിഭാഗം വീടുകളുടേയും ചുമതലയേറ്റെടുത്ത പൂമുഖത്തിന്റെ മാതൃകാപരമായ പ്രവർത്തനത്തെ എം.എൽ.എ അഭിനന്ദിച്ചു.

പൂമുഖത്തിന്റെ നിർമ്മാണ പദ്ധതിയുടെ പ്രായോജകരായ ആറു കുടുംബങ്ങൾക്കും അനുമതി പത്രം നൽകിക്കൊണ്ട് സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ പഞ്ചായത്ത് ഭരണസംവിധാനത്തിൽ നിന്നുള്ള എല്ലാ സഹകരണങ്ങളും ഉറപ്പു നൽകി. പഞ്ചായത്ത് സെക്രട്ടറി ശ്രീ. ആന്റണി വഴപ്പുള്ളി പദ്ധതി വിശദീകരണവും  പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ശ്രീ. നബീൽ, NMK,  പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. അഷറഫ് പാവൂരയിൽ, ഗ്രാമ പഞ്ചായത്ത് അംഗം യു.എം.കുഞ്ഞഹമ്മദ്  എന്നിവർ ആശംസാ പ്രസംഗവും നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ, നടനും ടെലിവിഷൻ പെഴ്സണാലിറ്റിയും ഗ്രന്ഥകാരനും ചിത്രകാരനുമായ വി.കെ. ശ്രീരാമൻ എന്നിവർ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഭാഷണങ്ങൾ കൊണ്ടും ചടങ്ങിനു മിഴിവേകി.

ദുരിതസഹായ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് പല സംസ്ഥാനങ്ങളിലൂടെ മോട്ടോർ സൈക്കിളിൽ ഇന്ത്യാ-ചൈനാ അതിർത്തിവരെ സഞ്ചരിച്ച് തിരിച്ചെത്തിയ ഷമീൽ അബ്ദു എന്ന തദ്ദേശവാസിയായ ചെറുപ്പക്കാരന് വടക്കേകാട് ഗ്രാമപഞ്ചായത്തിന്റെ ആദരം MLA-യുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വക്കേറ്റ് മുഹമ്മദ്  ഫൈസൽ  ഷീൽഡ് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ശ്രീ. ഷമീൽ അബ്ദു അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ ഹ്രസ്വമായി വിവരിച്ചു.

കേരളാ സാഹിത്യ അക്കാദമി സഞ്ചാരസാഹിത്യ അവാർഡ് കൃതിയായ: നൈൽ വഴികളിൽ: (ഡോകടർ മുരളീകൃഷണൻ) എന്ന കൃതി പൂമുഖത്തിനു വേണ്ടി ശ്രീ.ശ്രീരാമൻ ഷമീൽ അബ്ദുവിനു സമ്മാനിച്ചു.  പൂമുഖം  സെക്രട്ടറി ബിജു കണ്ടമ്പുള്ളിയുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമംഗളം സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *