ചാക്രികം


ഓരോ ജലകണികയും
നീരാവിയാകുന്നതിന്റെയും
മേഘമായി മാറുന്നതിന്റെയും
പെയ്തിറങ്ങുന്നതിന്റെയും
ശാസ്ത്രം പറഞ്ഞു തന്നത് ലീലാവതിട്ടീച്ചറായിരുന്നു.

പക്ഷേ..ഓരോരുത്തരെയായി
സൂര്യന്‍ വിളിച്ചതും
വിളി കേട്ട് കൂടെ പോയതും
മേഘമാക്കിയപ്പോള്‍ സ്വയം മറന്നതും
സ്വയം മറന്നു പറന്നു നടന്നതും
ഒടുവില്‍

‍മാനം ഇടി മുഴക്കി പേടിപ്പിച്ചതും
പേടിച്ചു താഴോട്ടു വീണു പോയതും
…….അതിനെ കുറിച്ചൊന്നും
ആരും പറഞ്ഞില്ല.

കണ്ടില്ലേ..?
താഴോട്ട് വീഴാന്‍ മടിച്ച്..
ചേമ്പിലയില്‍ കാട്ടികൂട്ടുന്ന
ഈ സന്ത്രാസം ..?

ഞാനിപ്പോള്‍ വിചാരിക്കുന്നത്
ഇക്കാണുന്ന മഷിതണ്ടുകളല്ലാം
സൂര്യന്‍ വീണ്ടും വിളിച്ചപ്പോള്‍
‍കൂടെ പോകാന്‍ മടിച്ച് രൂപം മാറി ഒളിച്ചിരിക്കുന്ന
ജലകണികകളാണെന്നാണ്‌.

By
Mujeeb E U, Kochanoor
mujeebeu@yahoo.com

4 thoughts on “ചാക്രികം

  1. മനസ്സില്‍ വിരിയുന്ന താമരയാണ്’ കവിത. അതില്‍ അലസമായി ഇറ്റിവീഴുന്ന മഴത്തുള്ളികളാണ്’ ഭാവന. വിരസമാം മനസ്സിനെ ഉണര്‍ത്തുന്നതാണതിന്റെ സ്വത്വം.

  2. “നിലാരാത്രിയില്‍ ചേമ്പിലയില്‍ ഊറിക്കൂടുന്ന നീര്‍ ത്തുള്ളി” കാല്‍പ്പനിക സൌന്ദര്യത്തിന്റെ പ്രതീകാത്മകതയുള്ള ഒരു ബിംബമായി മനസ്സില്‍ എന്നും നിലനിന്നിരുന്നു. നീര്‍ത്തുള്ളി ചേമ്പിലയില്‍ കാട്ടിക്കൂട്ടുന്ന സന്ത്രാസം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും, സൂര്യന്‍ തിരികെവിളിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനായി നീര്‍ത്തുള്ളികള്‍ സ്വീകരിച്ച പ്രച്ഛഹ്ന വേഷമാണു മഷിത്തണ്ടുകള്‍ എന്നുമുള്ള കവിഭാവന വളരെ കൌതുകകരമായി തോന്നി.
    ആഗോളതാപനവും വറ്റിക്കൊണ്ടിരിക്കുന്ന നീര്‍ത്തടങ്ങളും പുതിയ തലമുറയുടെ ആകുലതകളാകുമ്പോള്‍ , കാല്‍പ്പനികസൌന്ദര്യത്തിന്റെ ഭാവതലങ്ങളോട്‌ വിടപറയേണ്ടിവരികയും എല്ലാറ്റിനേയും പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ വീക്ഷിക്കേണ്ടിവരികയും ചെയ്യുന്ന അനിവാര്യതയുടെ പ്രതിഫലനമാകുന്നു കവിതയുടെ ഈ പുതിയ വഴികള്‍ .

    കവിത നന്നായിട്ടുണ്ട്‌ . അഭിനന്ദനങ്ങള്‍.

    ഉസ്മാന്‍ കൊച്ചനൂര്‍

Leave a Reply

Your email address will not be published. Required fields are marked *