അകത്തേക്കൊഴുകുന്ന കണ്ണീര്‍ ……

അനിയന്റെ സ്ഥാനത്ത്
അവരോധിതനായവന്‍
അരങ്ങൊഴിഞ്ഞു………

നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍
എന്നെ നിര്‍ത്തി
‘ഇതെന്റെ ഫസ്റ്റ് കസിനാണെ’ന്ന്
നീയിനി പറയില്ല……

എന്റെ സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച്
“നിങ്ങളെ സ്റ്റേജില്‍ കണ്ടപ്പോള്‍
ഞാന്‍ കോരിത്തരിച്ചു” എന്നു പറയില്ല…
“നിങ്ങളെന്റെ ആരാധനാവിഗ്രഹമായിരുന്നു”
എന്നു മൊഴിഞ്ഞ്
എന്റെ ആത്മാഭിമാനത്തില്‍
പീലികൊണ്ടുഴിയില്ല………..

ഭൂതകാലത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തി
ആവേശപൂര്‍വ്വം
നൂറ്റൊന്നാം തവണയും
എന്നെക്കൊണ്ട് പഴങ്കഥകള്‍ പറയിക്കില്ല.
കഥകേട്ടു വിസ്മയക്കണ്ണുമായ്
നീയിനിയും എന്നെനോക്കിയിരിക്കില്ല………

നഗരത്തിലെ എന്റെ അനാഥത്ത്വത്തില്‍
അഭയസ്ഥാനമായി
നിന്റെ അര്‍ദ്ധശയ്യ
എനിയ്ക്കായിനി ഒരുക്കിവെയ്ക്കില്ല…
എന്റെ ജംഗമസ്വത്തുക്കള്‍
സ്വന്തം കട്ടിലിനടിയില്‍ സൂക്ഷിച്ചു വെക്കില്ല……….

ഉച്ചയുറക്കത്തിനൊടുവില്‍
മധുരം കുറഞ്ഞ് കടുപ്പമുള്ള ചായ
എനിക്കായ് ഉണ്ടാക്കിവെക്കില്ല…..
സ്വന്തമായ് വാങ്ങിയ
പായ് ക്കറ്റില്‍ നിന്നു
ഒരു ഗ്ലാസ് നറും പാല്‍
എനിക്കായ് ബാക്കിവെയ്ക്കില്ല…….

ഫ്ളാറ്റിലെ താമസസ്ഥലത്ത്
തട്ടിക്കൂട്ടുന്ന ‘മെഹ്ഫിലു’കളില്‍
പാടാന്‍ ഇനിയെന്നെ നിര്‍ബന്ധിക്കില്ല..
എന്റെ പാട്ടിനു തലയിളക്കി
ഇനി നീ പ്രോല്‍സാഹിപ്പിക്കില്ല………

താളവാദ്യത്തില്‍ സംഗീതമുണര്‍ത്താന്
നിന്റെ വിരലുകളിനി ചലിക്കുകയില്ലാ..
നീയുള്ളിടത്തുനിന്നെല്ലാം
ഉയര്‍ന്നു കേള്‍ക്കുമായിരുന്ന
മൂളിപ്പാട്ടുകളും ഇനിയില്ല……

സുഹൃദ്സദസ്സുകളില്‍
നിറഞ്ഞുനില്ക്കുന്ന വെളിച്ചമായ്
നിന്നെയിനി കാണില്ല..
സ്വന്തവും പരകീയവുമായ
തമാശക്കഥകളുടെ കെട്ടഴിച്ച്
പൊട്ടിച്ചിരികള്‍ക്ക് തിരികൊളുത്താന്‍
ഇനി നീയില്ല……

എന്റെ ഏകാന്തതയുടെ കനംകുറക്കാന്‍
നിന്റെ സുദീര്‍ഘമായ ഫോണ്‍കാളുകള്‍
ഇനി എന്നെത്തേടിയെത്തില്ല….
എന്റെ കാതില്‍ നിന്ന്
പ്രസാദമധുരമായ
നിന്റെ വാക്കുകളും
കൂടൊഴിഞ്ഞു കഴിഞ്ഞു……..

എന്റെ ആജ്ഞകള്‍ ശിരസാവഹിക്കാന്‍
എന്റെ കുഞ്ഞനിയനായ്
നീയിനി നിന്നുതരില്ല………

ഇതൊക്കെ ഇനിയും പ്രതീക്ഷിക്കാന്‍
എനിക്കെന്തവകാശം….!!!
നീ നല്കിയതിനു പകരം
ഞാനെന്താണു തിരിച്ചു നല്കിയത്…?

ആര്‍ക്കും എവിടേയും
വെറുതെ കിട്ടാവുന്ന
ഉപദേശങ്ങള്‍ മാത്രം..
നീ കൃത്യമായി തിരിച്ചടച്ച
കുറെ കൈവായ്പ്പകള്‍ മാത്രം ..
അതൊന്നും നിനക്ക്
വേണ്ടരീതിയില്‍ ഉപകരിച്ചതുമില്ല…

ഒടുവിലെ കാലങ്ങളില്‍
ചുഴികളില്‍ നിന്ന് ചുഴികളിലേക്ക്
നിന്റെ ജീവിതം
നീങ്ങിനീങ്ങിപോയപ്പോള്‍
കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളു…

നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനു,
ബാദ്ധ്യതകളില്‍ ചെന്നുചാടിയതിനു
ജ്യേഷ്‌ഠന്റെ സ്ഥാനത്ത് നിന്ന്,
ശാസനകേള്‍ക്കേണ്ടി വരുമെന്ന സങ്കോചത്തില്‍
നീയെന്നില്‍ നിന്ന്, അകന്നുനിന്നു…
ഇഴയുടഞ്ഞ ബന്ധത്തിന്റെ
നൂലറ്റം മുറുകെപ്പിടിച്ച്
നീ വരും എന്നു ചിന്തിച്ച്
ഞാനും നിന്നു…

ഇപ്പോള്‍ ഞാനറിയുന്നു,
നീയിനി വരില്ലെന്ന്….
ആ അറിവില്‍ ഞെട്ടിത്തരിച്ച്
ഞാന്‍ ദുര്‍ബ്ബലനായ് നില്ക്കുന്നു….

നിന്റെ ഘടികാരം
നിലച്ചിരിക്കുന്നു…….

‘ശജറത്തുല്‍ മുന്‍തഹ’യില്‍ നിന്ന്
ആരുടെ നാമം വഹിക്കുന്ന ഇലയ്ക്കാണ്
പൊഴിയാന്‍ അടുത്ത ഊഴം
എന്നാര്‍ക്കറിയാം….
“അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണു
അനന്തമായ സമയമുള്ളത്”
അതിന്റെ പൂട്ടും താക്കോലും
അവന്റെ കയ്യില്‍ തന്നെ…..

എന്റെ ഹൃദയം
പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്നു..
നിന്റെ പാപവിമോചനത്തിനു..
നിന്റെ സുദീര്‍ഘനിദ്രാ സൌഖ്യത്തിനു.,
നിന്റെ പരലോകമോക്ഷത്തിനു….
സ്വര്‍ഗ്ഗപ്രവേശത്തിനു….

യാ…ഇലാഹീ…….

* അകാലത്തില്‍ പൊലിഞ്ഞുപോയ ആത്മ സുഹൃത്ത്……അനുജന്‍… …ഒല്ലാശേരി റസ്സാക്കിന്റെ ഓര്‍മ്മയില്‍…. റസ്സാഖ് ജനുവരി 12-നു അബൂദാബിയില്‍ വെച്ച് അന്തരിച്ചു. 13-ന് നാട്ടില്‍ ഖബറടക്കം നടന്നു.

2 thoughts on “അകത്തേക്കൊഴുകുന്ന കണ്ണീര്‍ ……

 1. First, shocked at the heartbreaking news; but one cannot turn deaf and dumb towards an obvious fact. The rundown of your experience, emerged from the innermost, with the beloved one of each one of us is the clear evidence of a great heart he had. The lively features of this gentle character will be remembered always by all who ever had any sort of contact with him.

  May his soul rest in eternal peace. Ameen.

  Abu Suroor

 2. It is the expression of Powerful emotion and feeling from the very bottom of heart.It varries from person to person. When I try to express my feeling, words are blocked off my tongue and tears welled up in my eyes.
  He is still alive in our heart.
  Let us pray for him…..

  P A saleem
  Kochanoor

Leave a Reply

Your email address will not be published. Required fields are marked *