ഭൂഖണ്ഡങ്ങള്‍ കടന്നുവരുന്ന മല്‍സ്യങ്ങള്‍

എന്റെ മകന്‌ മീനുകളുമായി വലിയ ചങ്ങാത്തമാണ്‌. തോട്ടുവക്കിലിരുന്ന്‌ അവന്‍ മീനുകളോട്‌ വര്‍ത്തമാനം പറയും. ചിലപ്പോളവന്‍ ചെറുമീനുകള്‍ക്ക്‌ കാലു നീട്ടിക്കൊടുക്കും. ചിരങ്ങു പിടിച്ച കാലിലെ പൊറ്റകള്‍ കടിച്ചു വലിക്കുമ്പോള്‍ അവന്‍ പുളയുന്നതും മീനുകള്‍ക്കു നേരെ ചെറിയ കല്ലുകള്‍ പെറുക്കി എറിയുന്നതും കാണാം. ചിലപ്പോള്‍ കോരിപ്പിടിക്കുന്ന മീന്‍ കുഞ്ഞുങ്ങളെ വീട്ടിലെ ചില്ലുഭരണിയില്‍ വളര്‍ത്താനിടുകയും ചെയ്യും.അവയ്ക്കു തിന്നാന്‍ ചോറും മണ്ണിരകളും ഇട്ടുകൊടുക്കും. വെള്ളത്തില്‍ മണ്ണിരകള്‍ കിടന്ന്‌ ലക്ഷ്യമില്ലാതെ ചുരുണ്ട്‌ നിവരുമ്പോള്‍ ചെറുമീനുകള്‍ കുറേശ്ശെയായി കൊത്തിയെടുക്കും. ഇരയങ്ങിനെ ചോരയൊലിപ്പിച്ച്‌ പല കഷണങ്ങളായി നുറുങ്ങിപ്പിടയും.

എങ്കിലും മീനുകളോടുള്ള അവന്റെ ഈ അടുപ്പം നല്ലതാണെന്നാണ്‌ എനിക്കു തോന്നിയത്‌.ഒരു സീസണ്‍ പണിക്കാരനായി തീര്‍ന്ന എന്റെ വര്‍ഷത്തിലെ രണ്ടൂ മൂന്നു മാസങ്ങള്‍ കടന്നു പോകുന്നത്‌. മീനുകളെക്കൂടി ആശ്രയിച്ചായതിനാല്‍ മകന്റെ
രക്‌തത്തിലും ആ ഒരടുപ്പം കാണാതിരിക്കില്ലല്ലോ? അതുകൊണ്ട്‌ ഒരിക്കലും ഞാനവനെ വിലക്കിയില്ല. മാത്രമല്ല ചില പ്രോല്‍സാഹനങ്ങളും കൊടുക്കാന്‍ തുടങ്ങി.

അങ്ങനെയാണ്‌ മാര്‍ക്കറ്റിലെ ജോബേട്ടനോട്‌ പറഞ്ഞ്‌ പഴയൊരു അക്വേറിയം ഒപ്പിച്ചെടുക്കുന്നത്‌. ഓടിട്ട മേല്‍ക്കൂരയും കണ്ണീര്‍ ജലവും സ്ഫടികം പോലത്തെ ചില്ലും തോട്ടു മണലും ചെടികളും ചക്രംചവിട്ടുകാരനുമൊക്കെയുള്ളത്‌. പുഴയും കുടിലും കന്നുകാലികള്‍ മേയുന്ന തെങ്ങിന്‍തോപ്പുമൊക്കെയുള്ള ഒരു ചിത്രം അക്വേറിയത്തിനു പിന്നില്‍ ഒട്ടിച്ചു തന്നു ജോബേട്ടന്‍. അതിലൂടെ പരല്‍മീനുകളും പൂചൂടികളും പാഞ്ഞു നടന്ന്‌ ചില്ലില്‍ മുഖമിടിച്ചു. അടുത്ത ദിവസം അവയുടെ വാല്‍ഭാഗം താഴ്‌ ന്നു തൂങ്ങാന്‍ തുടങ്ങി. മൂന്നാംനാള്‍ മരണവും. തോട്ടുമണ്ണിലങ്ങിങ്ങു കിടക്കുന്ന പച്ചവറ്റുകള്‍ക്കിടയില്‍ പരല്‍മീനുകളും ചീര്‍ത്തുകിടന്നു. അവയുടെ തിളങ്ങുന്ന ചിതമ്പലുകളില്‍ മകന്റെ അനേകം വാടിയ മുഖങ്ങള്‍ പതിഞ്ഞുകിടപ്പുണ്ടായിരുന്നു.

സംഗതിയറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു ജോബേട്ടന്‍. ‘പരല്‍മീനിനെ ആരെങ്കിലുമുണ്ടെടാ അക്വേറിയത്തിലിടല്‌…?’

പോരുമ്പോള്‍ വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ അഞ്ചെട്ടു മീന്‍ കുഞ്ഞുങ്ങളെയും തന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിറത്തിലുള്ളവ. ചുവപ്പും മഞ്ഞയും വരകളുള്ളവ. സാരിപോലത്തെ ചിറകുകളുള്ളവ. അക്വേറിയത്തിലിടുമ്പോള്‍ അവ പാറി നടന്നു. മകന്റെ മുഖവും തെളിഞ്ഞു.

മാങ്ങാസീസണായതിനാല്‍ തോട്ടിയും ചാക്കുമെടുത്ത്‌ ഞാന്‍ പടിയിറങ്ങുകയായിരുന്നു. അപ്പോഴാണ്‌ നിറയെ പൂക്കളും പച്ചിലകളും വരച്ചുവച്ച ഒരു വാന്‍ വന്ന്‌ മുന്നില്‍ നിര്‍ത്തുന്നത്‌. പാന്റും ടൈയുമൊക്കെയിട്ട ഒരു പയ്യന്‍ അതില്‍നിന്നിറങ്ങി വന്നു. എന്റെ കൈ പിടിച്ചു കുലുക്കി. വീട്ടില്‍ മനോഹരമായ ഒരു അക്വേറിയം സൂക്ഷിക്കുന്നതിന്‌ എന്നെ അഭിനന്ദിച്ചു. ഏതോ ഫാമില്‍ നിന്നു വരികയാണെന്നു പറഞ്ഞ്‌ അയാളുടേ പേരടിച്ച കാര്‍ഡു തന്നു.

പുതിയ ഒരു തരം മീന്‍ കുഞ്ഞുങ്ങളെ പരിചയപ്പെടുത്താന്‍ വന്നതാണത്രേ! നാടന്‍ അലങ്കാര മല്‍സ്യങ്ങളെപ്പോലെ പെട്ടെന്നു ചത്തുപോകുന്നതോ നാണംകുണുങ്ങികളോ അല്ലെന്നുള്ളതു മാത്രമല്ല, ഏതു കാലാവസ്ഥയിലും ഇവയ്ക്കു ജീവിക്കാന്‍ ബുദ്ധിമുട്ടില്ലത്രേ! തീറ്റയുടെ കാര്യത്തിലും നിര്‍ബന്ധങ്ങളില്ല. എന്തും കഴിച്ചോളും. വളരെ ആകര്‍ഷണീയമായ ചേഷ്‌ടകളോടെ ചെറുപ്പക്കാരന്‍ മീനിന്റെ ഓരോ ഗുണങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്‌.

ഇപ്പോള്‍ പ്രചരാണാര്‍ഥ്ഥം പാക്കറ്റൊന്നിന്‌ കേവലം ഇരുപത്തിയുരൂപയേയുള്ളൂ എന്നു പറഞ്ഞ്‌ ഭംഗിയായി പ്രിന്റ്‌ ചെയ്‌ തൊരു പാക്കറ്റ്‌ പുറത്തെടുത്തു. അതു കണ്ടതും മോന്‍ വാശിപിടിച്ചു. ഒടുവില്‍ ഒരു പാക്കറ്റ്‌ വാങ്ങേണ്ടിയും വന്നു. പ്ലാസ്റ്റിക്‌ പാക്കറ്റ്‌ പൊട്ടിച്ച്‌ മൂന്നു കുഞ്ഞുങ്ങളെയും അക്വേറിയത്തിലേക്കിട്ടതും അവ തെങ്ങിന്‍പറമ്പിലേക്കു നോക്കി നീന്തിക്കളിച്ചു.

ഒറ്റനോട്ടത്തില്‍ നമ്മുടെ നാടന്‍ കടുവിന്റെയും മുഷിയുടേയുമൊക്കെ കുഞ്ഞുങ്ങളെപ്പോലെ തന്നെ. എന്നാല്‍ തല അല്‍പം കൂടി പരന്നതും കൊമ്പുകള്‍ നീളം കൂടിയതുമായിരുന്നു. വാലു പിടപ്പിച്ചും കൊമ്പുകള്‍ നീര്‍ത്തി വീശിയും അവ മറ്റുള്ളവയോടൊപ്പം ചിറകു തുഴഞ്ഞു. തീറ്റയിട്ടുകൊടുക്കാന്‍ അക്വേറിയത്തിന്റെ അടപ്പുതുറന്നാല്‍ മതി അവ മൂന്നും വായും പിളര്‍ന്നു മുന്നിലെത്തും.

മഴ നേരത്തേ തുടങ്ങിയതിനാല്‍ ഇത്തവണത്തെ സീസണ്‍ വേഗം കഴിഞ്ഞു. മഴക്കുത്തു വീണാല്‍ മാങ്ങയുടെ ഭംഗി പോകും. മാര്‍ക്കറ്റിടിയും. പോരാത്തതിന്‌ മുംബൈ മാര്‍ക്കറ്റിലെ ഡിമാന്റ്‌ കുറവും. കഷ്‌ടിച്ച്‌ പിടിച്ചു നിന്നു എന്നു പറയാം. കറപിടിച്ച മാങ്ങാക്കൊട്ടകളും തോട്ടികളും ചാക്കുകെട്ടും അടുത്ത്‌ കയറ്റിവച്ച്‌ ഇറങ്ങുമ്പോഴാണ്‌ അക്വേറിയം ശ്രദ്ധിക്കുന്നത്‌. പുതിയ മീന്‍ കുഞ്ഞുങ്ങള്‍ മൂന്നും അതില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒന്നു വളയാനോ തിരിയാനോ കഴിയാത്ത വിധം അവ വളര്‍ന്നു കഴിഞ്ഞിരുന്നു. ഇനിയും വൈകിയാലവ ചില്ലു പൊട്ടിച്ചേക്കുമെന്ന്‌ എനിക്കു മനസിലായി. എന്നിട്ടും കുറേ നിര്‍ബന്ധിക്കേണ്ടി വന്നു മകനെ മൂന്നിനേയും പിടിച്ച്‌ താഴത്തെ പറമ്പിലെ കുളത്തില്‍ കൊണ്ടിടാന്‍. പിടുത്തത്തിനിടയില്‍ ഒരെണ്ണം അവന്റെ കൈവിരലില്‍ കുത്തി. ചോരയൊലിക്കുന്ന മുറിവിലേക്ക്‌ ഉടനെ മൂത്രമൊഴിപ്പിച്ചു. എന്നിട്ടും നേരത്തോടുനേരമെടുത്തു കടച്ചില്‍ മാറാന്‍.

മഴക്കാലമായാല്‍ താഴെ പറമ്പിലെ കുളവും പുഞ്ചപ്പാടവും തിരിച്ചറിയാനാവാത്ത വിധം തെളിയോടിക്കിടക്കുകയയിരിക്കും. മഴ നിലക്കുന്നതോടെ കുളപ്പടവുകള്‍ തെളിഞ്ഞു പൊന്തും. കുളത്തില്‍ അകപ്പെട്ടു പോയ വരാല്‌, മുയ്യ്‌, കടു, കല്ലുത്തി, പൂട്ട, ആരല്‌, പരല്‌, തുടങ്ങി ഒരുപാട്‌ കായല്‍മീനുകള്‍ അങ്ങിനെ അവിടെ കിടന്നു പെറ്റുപെരുകും. ആറ്റവേനലായാല്‍ കുളം വറ്റിച്ച്‌ മീന്‍ പിടിക്കും. കൂടിയവര്‍ക്കൊക്കെ കൊടുത്താലും, ഒരു പത്തു നാലായിരം രൂപയുടെ മീനെങ്കിലും വില്‍ക്കാന്‍ പറ്റും എല്ലാ കൊല്ലവും.

കുളത്തിലെത്തിയതും മീന്‍ കുഞ്ഞുങ്ങള്‍ ഒന്നു കൂടി ഉഷാറായി മുകള്‍ പരപ്പിലൂടെ തേറ്റകള്‍ വിറപ്പിച്ച്‌, പുറം കാഴ്ചകള്‍ കണ്ട്‌, അവ വെയില്‌ കാഞ്ഞു. ഈ അപൂര്‍വ മീനുകളെ കാണാന്‍ ചുറ്റുപാടുമുള്ള കുട്ടികള്‍ കുളക്കരയിലെത്തി. അവരുടെ വീടുകളില്‍ ബാക്കിയാവുന്ന ചോറും പലഹാരങ്ങളും കൊണ്ടുവന്ന്‌ കുളത്തിലിടും. മീന്‍ കുഞ്ഞുങ്ങള്‍ മൂന്നും ആര്‍ത്തിയോടെ അതെല്ലാം വെട്ടിപ്പിടിക്കുന്നതു കാണുമ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. ഇവറ്റകളുടെ ഈ ആക്ര്ലാന്തം കണ്ടു ഭയന്ന്‌ പരല്‍മീനുകളും കല്ലുത്തികളുമൊക്കെ ദൂരെ മാറി കുളത്തിന്റെ ഒതുക്കുകളില്‍ പമ്മി നടന്നു.

നിലാവില്‍ തെങ്ങുകളുടെ നിഴല്‍ കുളത്തിലേക്ക്‌ വീണുകിടന്ന ഒരു രാത്രിയില്‍,പുതിയ മീനുകളെ കാണാന്‍ പത്രോസ്‌ കുളക്കരയിലെത്തി. പുഞ്ചപ്പാടത്തെ മാത്രമല്ല, പുത്തന്‍ തോട്ടിലെവരെ സര്‍വ്വമീനുകള്‍ക്കും പത്രോസിനെ അറിയാം.ഒരിക്കലവന്റെ കണ്ണു പതിഞ്ഞാല്‍ പിന്നെ അടുത്ത കാലവര്‍ഷം കാണില്ലെന്ന് അവ വേദനയോടെ മനസിലാക്കും; നെടിയവ പ്രത്യേകിച്ചും.പത്രോസിന്റെ ചൂളം വിളി കേട്ടാല്‍ മകുടിയൂത്തിലേക്ക്‌ വരുന്ന പാമ്പുകളെപ്പോലെ മീനുകള്‍ ഓടിയടുക്കും. അവന്റെ ചൂണ്ടക്കൊളുത്തിലോ വലയിലോ കുടുങ്ങിത്തീരുന്നു മീനുകളുടെ സഞ്ചാരങ്ങള്‍.

പക്ഷേ പുതിയ മീന്‍ കുട്ടികള്‍, അവ പത്രോസിന്റെ മുന്നിലൂടെ വാലുകള്‍ പിടപ്പിച്ചും തേറ്റകള്‍ ചുഴറ്റി വീശിയും അലസം നിലാവു കൊണ്ടു. പത്രോസിന്റെ കറുത്ത മുഖത്തപ്പോള്‍ നിലാവിന്റെ കുഞ്ഞോളങ്ങള്‍ തിളങ്ങിത്തുടങ്ങി. അയാള്‍ കക്ഷത്തുപിടിച്ച ചൂണ്ടക്കമ്പിലൊന്ന് വെറുതെ തൊട്ടതും മീന്‍ കുട്ടികള്‍ മൂന്നും പൊടുന്നനെ കുളത്തിന്റെ ആഴത്തിലേക്ക്‌ ഊളിയിട്ടു.

മഴ കനത്തതോടെ ഞാന്‍ ഇഞ്ചന്‍ തറയിലേക്ക്‌ മാറി. ഇനി നെല്ലു വിളയുവോളം ഈ ഇഞ്ചന്‍ പുരയിലുണ്ടാവണം.കൈതോട്ടില്‍ വെള്ളം കൂടിയാല്‍ പെട്ടിമ്പറയടിച്ച്‌ പുത്തന്‍ തോട്ടില്‍ കയറ്റുക. കുറഞ്ഞാല്‍ ചീര്‍പ്പു തുറന്ന് വെള്ളമിറക്കുക. കോള്‍നിലങ്ങളില്‍ എപ്പോഴും ഒരിഞ്ചു കനത്തില്‍ വെള്ളം കെട്ടി നിര്‍ത്തണം. കണ്ണും കാതും കൂര്‍പ്പിച്ചിരിക്കേണ്ട അട്ടകടിയുടെ കാലം. പെട്ടിമ്പറ എഞ്ചിന്റെ കടകട ശബ്ദത്തിലുറങ്ങുന്ന കാലം. കുരുത്തിവെച്ചും ചാട്ടംകെട്ടിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്ന കാലം.

തോട്ടുവക്കിലെ ചായക്കടയിലിരിക്കുമ്പോഴാണ്‌ പുതിയ മീന്‍ കുട്ടികള്‍ക്ക്‌ നന്നായി തീറ്റയിട്ടുകൊടുക്കേണ്ട കാര്യം പത്രോസ്‌ പറയുന്നത്‌. കടലപ്പിണ്ണാക്കു മുതല്‍ പച്ച ഇറച്ചിവരെ തിന്നുമെന്ന്. മീന്‍ മാര്‍ക്കറ്റില്‍ വച്ച്‌ അവന്‍ കണ്ടിട്ടുണ്ട്‌ പോലും ഇതു പോലുള്ള വലിയൊരു മീനിനെ. ഇത്തരം മീന്‍ കുഞ്ഞുങ്ങളെ ഇപ്പോള്‍ തൃശൂരെ പല കടകളിലും വാങ്ങാന്‍ കിട്ടുന്നുണ്ടെന്ന് പിന്നെ ജോബേട്ടനും പറഞ്ഞു. വളരെ ലാഭകരമായി ചെയ്യാവുന്ന കൃഷി.

അന്നു തൊട്ട്‌ അടുത്തുള്ള ഇറച്ചിക്കടയിലെ അവശിഷ്ടങ്ങള്‍ കൊണ്ടു വന്ന് കുളത്തിലിടാന്‍ തുടങ്ങി മകനും കൂട്ടുകാരും. അവയെല്ലാം മീന്‍ കുട്ടികള്‍ കടിച്ചു വലിച്ചു. ഒപ്പം കുളത്തില്‍ നിന്നും വല്ലാത്ത നാറ്റം പൊന്താനും തുടങ്ങി. കുളിക്കാനും തിരുമ്പാനുമൊന്നും പറ്റാതാവുകയും ചെയ്തു.

കുളമിനി ഒന്നിനും പറ്റില്ലെന്നായപ്പോള്‍ തൃശൂര്‌ പോയി ഞാന്‍ ഒരു ഡസന്‍ മീന്‍ കുഞ്ഞുങ്ങളെ കൂടി വാങ്ങിക്കൊണ്ടു വന്ന് കുളത്തിലിട്ടു. അവ തേറ്റകള്‍ ചലിപ്പിച്ചും വാലിളക്കിയും ആഫ്രിക്കന്‍ പായലുകള്‍ക്കിടയില്‍ നീന്തിത്തുടിച്ചു.

കൊയ്ത്തുകാലം കഴിഞ്ഞപ്പോഴേക്കും ഒരാളോളം വലുതായിക്കഴിഞ്ഞിരുന്നു മീനുകളെന്ന് കുട്ടികള്‍ പറയുന്നതു കേട്ടു. ആഫ്രിക്കന്‍ പായല്‍ മൂടിക്കിടക്കുന്നതിനാല്‍ ശരിക്കവയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പോളയിടാന്‍ വരുന്നതും പോകുന്നതും ഞൊടിയിടയില്‍ കഴിയും. കുളമപ്പോള്‍ ഒരു വെട്ടുകല്ല് വീണപോലെ ഊക്കന്‍ ശബ്ദത്തോടെ ഇളകി മറിയും.പായലുകള്‍ വട്ടത്തില്‍ വഴുതി നീങ്ങും.
കുട്ടികള്‍ക്ക്‌ തനിച്ച്‌ കുളക്കരയിലേക്ക്‌ വരാന്‍ പേടിയായിത്തുടങ്ങി. ഒരിക്കല്‍ മകന്റെ കാലില്‍ കടിക്കാന്‍ ചാടിയത്രേ. ഭഗ്യത്തിനു കാലു വലിച്ചു.

വിവരമറിഞ്ഞ്‌ അയല്‍ പ്രദേശങ്ങളിലുള്ള പല മീന്‍ കമ്പക്കാരും കുളക്കരയിലെത്താന്‍ തുടങ്ങി. മീനിന്റെ തൂക്കത്തെപ്പറ്റിയും രുചിയെപ്പറ്റിയും മാര്‍ക്കറ്റുവിലയെപ്പറ്റിയുമൊക്കെ പത്രോസ്‌ എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നു.<

പാലക്കാടന്‍ ലോറികളില്‍ വരുന്ന നെല്ലുകച്ചവടക്കാരുമായി ഞാന്‍ കൃഷിക്കാരുടെ വീടുകളില്‍ കയറിയിറങ്ങി നടക്കുന്ന സമയത്താണ്‌ പത്രോസിനെ വഴിയില്‍ വച്ച്‌ കണ്ടത്‌. മീനുകളിലൊന്നിനെ പിടിക്കാന്‍ കുറച്ചു ദിവസമായി അവന്‍ തിടുക്കം കൂട്ടുകയാണ്‌. ശരിയെന്ന് എനിക്കും തോന്നി. കോഴിത്തല കോര്‍ത്ത കടല്‍ച്ചൂണ്ട കുളത്തിലേക്കിട്ടതേയുള്ളൂ, പൊന്ത്‌ ഊക്കോടെ വലിഞ്ഞു താഴാന്‍ തുടങ്ങി.സര്‍വ്വശക്തിയുമുപയോഗിച്ച്‌ ആഞ്ഞുപിടിച്ചു പത്രോസ്‌.പിന്നെ ഇരുമടക്കിട്ട നൈലോണ്‍ നൂല്‍ സാവധാനം വലിച്ചുയര്‍ത്താന്‍ തുടങ്ങി. ചുറ്റും കൂടിനിന്നവരുടെ ആകാംക്ഷയിലേക്ക്‌ മീനിന്റെ തേറ്റകള്‍ വിറച്ചു. തല പായല്‍പരപ്പിനു മുകളിലേക്ക്‌ പൊന്തിയതും ഞെട്ടിപ്പോയി. ഏതോ കാട്ടുമൃഗത്തിന്റെ ഭാവത്തോടെ മീന്‍ കണ്ണുതുറിച്ചു നോക്കി. കൊമ്പുകള്‍ ചുഴറ്റി വീശി. ഒന്നു പിടഞ്ഞതും നൂലു പൊട്ടി. അതു കുളത്തിലേക്ക്‌ തന്നെ വളഞ്ഞു ചാടി. വലിയ ശബ്ദത്തോടെ കുളത്തില്‍ ഒരു തിര ചീറ്റിയടിച്ചു. ദേഹത്തു വന്നു വീണ വെള്ളത്തുള്ളികളിലേക്കും പൊട്ടിയ നൂലിഴകളിലേക്കും നോക്കി പത്രോസ്‌ അന്താളിച്ചു.

പുതിയ ചൂണ്ടയുമായി വന്ന് പിന്നെ അവന്‍ പല തവണ ശ്രമിച്ചെങ്കിലും ഒരിക്കല്‍ പോലും മീനുകള്‍ അതില്‍ തൊട്ടില്ല. ഇനി വേനല്‍ കനത്താല്‍ വെള്ളം വറ്റിച്ചു പിടിക്കാം എന്നു പറഞ്ഞ്‌ തല്‍ക്കാലം എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചു. മീനുകളുടെ ശക്തിയൊന്ന് കുറയ്ക്കുന്നതിനു വേണ്ടി തല്‍ക്കാലം തീറ്റയിട്ടു കൊടുക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

രണ്ടു ദിവസം കഴിഞ്ഞു കാണും. കുളത്തില്‍ നിന്ന് പൂച്ചയുടെ ദയനീയമായ കരച്ചില്‍. പൂച്ചക്ക്‌ ഇടക്ക്‌ കുളപ്പടവില്‍ ഇരുന്ന് വെള്ളം കുടിക്കുന്ന പതിവുണ്ടായിരുന്നു. ഭാര്യ ഓടിച്ചെന്നു നോക്കിയപ്പോള്‍ അവിടെ പൂച്ചയുടെ പൊടിപോലും ഉണ്ടായിരുന്നില്ല. പിന്നീടൊരിക്കലും അതിനെ കണ്ടിട്ടുമില്ല.

ഈ സംഭവം എന്നെയും ഭാര്യയേയും ചെറുതായി ഭയപ്പെടുത്തി. മകനെ കുളത്തിന്റെ ഭാഗത്തേക്ക്‌ പോകുന്നത്‌ കര്‍ശനമായി വിലക്കുകയും ചെയ്തു.

ഒരു ദിവസം രാത്രി. എല്ലാവരും നന്നായി ഉറക്കം പിടിച്ച നേരം. താഴത്തെ പറമ്പില്‍ നിന്ന് നിര്‍ത്താതെ കുരക്കുകയാണ്‌ അടുത്ത വീട്ടിലെ നായ. ഞാന്‍ ടോര്‍ച്ചെടുത്ത്‌ പുറത്തിറങ്ങി. ഒപ്പം അയല്‍ വീടുകളില്‍ നിന്നും ടോര്‍ച്ചുകള്‍ തെളിഞ്ഞു. കള്ളന്‍ കള്ളന്‍ എന്നു വിളിച്ചു കൂവി, ഞങ്ങള്‍ താഴത്തെ പറമ്പിലേക്കോടിയിറങ്ങി. കുര പൊടുന്നനെ നിലച്ചു. ഞങ്ങള്‍ കുളക്കരയിലെത്തുമ്പോഴേക്കും, കുളത്തിലേക്കെന്തോ വലിയ ശബ്ദത്തില്‍ ആഞ്ഞുവീഴുന്ന ശബ്ദം. ടോര്‍ച്ചുവെളിച്ചത്തില്‍ കുളമപ്പോള്‍ ഇളകിമറിയുകയായിരുന്നു.

നായക്കു വേണ്ടി തിരച്ചില്‍ നടത്താതെ പേടിച്ചു വിളറിയ ടോര്‍ച്ചു വെളിച്ചങ്ങള്‍ വേഗം പിരിഞ്ഞു പോയി. താഴത്തെ കുളത്തിന്റെ ഭാഗത്തേക്ക്‌ പിറ്റേന്ന് പിന്നെ ആരും പോയില്ല.

അന്നു രാത്രി കോഴിക്കൂട്ടില്‍ നിന്ന് കരച്ചില്‍ കേട്ടിട്ടും പുറത്തിറങ്ങാന്‍ എനിക്കു ധൈര്യം ഉണ്ടായില്ല. നേരം വെളുത്തപ്പോള്‍ കൂട്‌ പൊളിഞ്ഞു കിടന്നിരുന്നു. കുറെ കോഴിത്തൂവലുകളും.

ഇരുട്ടും മുമ്പു തന്നെ എല്ലാ വീടുകളുടെയും വാതിലുകള്‍ അടയാന്‍ തുടങ്ങി.കുളത്തില്‍ നിന്നും വലിയ തിരയടി ശബ്ദങ്ങള്‍ പതിവായി കേട്ടു. ആടുകളുടെ നിലവിളികളും.

അയല്‍ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ എനിക്കു വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടായി തോന്നി. ഞാന്‍ കൊടുത്ത പരാതി വായിച്ച്‌ പോലീസുകാര്‍ ആര്‍ത്തു ചിരിച്ചു.

ചുറ്റുപാടുള്ള കന്നുകാലികള്‍ ഓരോന്നായി തീര്‍ന്നപ്പോള്‍ പച്ചക്കറികളും തെങ്ങിന്‍ തൈകളും വാഴകളും തീര്‍ന്നുകൊണ്ടിരുന്നു. കഥയറിയാതെ അതുവഴിപോയ വഴിയാത്രക്കാര്‍ അജ്ഞാതജന്തുവിനെക്കണ്ട്‌ പേടിച്ച്‌ നിലവിലിച്ചു. അപ്പോഴേക്കും നിലവിളികളിലേക്ക്‌ ഞങ്ങളാരും വാതില്‍ തുറക്കാറായിക്കഴിഞ്ഞിരുന്നു . ഇതിനിടയിലെപ്പോഴോ കുളം വറ്റിവരണ്ടുപോയിരുന്നുവെന്ന് കാറ്റിന്റെ മണം പിടിച്ച്‌ ഞാന്‍ മനസിലാക്കി. താമസിയാതെ അടുത്തുള്ള കിണറുകളും ഓരോന്നായി രാത്രികാലങ്ങളില്‍ വറ്റിത്തുടങ്ങി.

അവസാനത്തെ നനവും നഷ്ടപ്പെട്ടപ്പോള്‍ ചിലര്‍ നാടുവിട്ടു പോകാന്‍ തയ്യാറെടുത്തു.
കുത്തിമറിച്ചിട്ടിരുന്ന എല്ലാ മരങ്ങളുടെയും പച്ചത്തലപ്പുകള്‍ അപ്രത്യക്ഷമായിരുന്നു. ഓരോ മരത്തിന്റെ വീഴ്ചയിലും ഞങ്ങളുടെ വീടുകള്‍ വിറച്ചു. രാത്രിയില്‍ സ്ഥിരമായി താഴത്തെ പറമ്പില്‍ നിന്നും അലര്‍ച്ചകള്‍ ഉയര്‍ന്നു.

ഏതു നിമിഷവും ഞങ്ങളുടെ വീടുകള്‍ കൂടി ഇടിച്ചുമറിക്കും എന്നായപ്പോള്‍, എല്ലാവരും സംഘം ചേര്‍ന്ന് ഒരു ചെറുത്തുനില്‍പിന്‌ തയ്യാറെടുത്തു. കുന്തങ്ങളും കൂര്‍ത്ത കല്ലുകളുമെടുത്ത്‌ ഞങ്ങള്‍ താഴത്തെ കുളപ്പറമ്പ്‌ വളഞ്ഞു. മരുഭൂമി പോലെ പതച്ചു കിടക്കുകയായിരുന്നു ആ പ്രദേശമാകെ അപ്പോള്‍.

അതിന്നു നടുവില്‍ മീനൊരു പര്‍വ്വതം പോലെ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ കുന്തങ്ങളും കല്ലുകളും അതിനു നേരെ വീശിയെറിഞ്ഞു. കുന്തമുനകള്‍ ദേഹത്തു തട്ടിയതും മീനൊരു കിരാതമായ അലര്‍ച്ചയോടെ വാ പിളര്‍ന്നു. കൊമ്പുകള്‍ ചുഴറ്റി വീശി, ഞങ്ങളില്‍ പലരെയും വരിഞ്ഞെടുത്തു. അതൊന്നു വട്ടം കറങ്ങിയതും വലിയൊരു ചുഴലിക്കാറ്റ്‌ രൂപം കൊണ്ടു. ശക്തിയായുയര്‍ന്ന മണ്‍പടലങ്ങള്‍ക്കിടയില്‍ കാഴ്ചകള്‍ മാഞ്ഞു മാഞ്ഞു പോയി.