നിശബ്ദമായി കരഞ്ഞുറങ്ങിയ രാത്രികള്‍ മാത്രം സമ്പാദ്യമായുള്ള ഗള്‍ഫ് ജീവിതം ഉപേക്ഷിച്ചപ്പോള്‍ മുന്നോട്ടുള്ള ജീവിത മാര്‍ഗ്ഗത്തിനായി എനിക്ക് ആകെ ഉണ്ടായിരുന്ന വീടും പത്ത് സെന്റ് പറമ്പും വില്‍ക്കേണ്ടിവന്നു… ചെര്‍പ്പുളശേരിക്കടുത്ത് തൂതപ്പുഴക്കരികിലൊരു കുന്നിന്‍ മുകളില്‍ കുറഞ്ഞ ചെലവില്‍ ചെറിയൊരു വീടും സ്ഥലവും ഒത്ത് കിട്ടിയപ്പോള്‍ മനസ്സ് സ്വപ്ന സാഫല്ല്യത്തിന്റെ നിര്‍വൃതിയില്‍ ആനന്ദിക്കുകയും ഗ്രാമീണതയുടെ നന്മയെപ്പറ്റി ഭാര്യയോട് വാതോരാതെ സംസാരിക്കുകയും ചെയ്തു….

ജനിച്ചു വളര്‍ന്ന നാട്ടിലേക്ക് തന്നെ വരാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു എന്റെ ഉമ്മ.. അങ്ങിനെ ഞങ്ങള്‍ പുതിയ ചുറ്റുപാടുകളോട് ഇഴുകി ചേര്‍ന്നു എന്നു വേണമെങ്കില്‍ പറയാം….
ബാല്യകാലങ്ങളില്‍ ഞാന്‍ അടുത്തറിഞ്ഞ തൂതപ്പുഴ ക്രൌര്യഭാവങ്ങള്‍ വെടിഞ്ഞ് ക്ഷയിച്ചുണങ്ങി വളരെപാടുപെട്ട് ഒഴുകുന്നുണ്ടായിരുന്നു…
പുഴയുടെ കാണാകയങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുന്ന ചെകുത്താനെപ്പറ്റിയുള്ള കഥ ഇപ്പോഴത്തെ കുട്ടികള്‍ക്ക് കേട്ടുകേള്‍വിപോലുമുണ്ടാവില്ല…!

“മാമു വെയ്ച്ച്യാത്ത് കുട്ട്യോളെ പുടിച്ചാന്‍” സീരിയലിലെ ഭീകരന്‍മാരെത്തന്നെ വിളിക്കണമായിരിക്കും…
ഒരു ദിവസം രാത്രിയില്‍ വരുമാന മാര്‍ഗ്ഗത്തെ കുറിച്ച് തലപുകഞ്ഞാലോചിച്ചിരിക്കുമ്പോള്‍ അടുക്കളയിലെ പണികള്‍ കഴിച്ചെന്നു വരുത്തി ഭാര്യ പതിവുപരിഭവങ്ങളുമായി അടുത്തു വന്ന് അതിശയോക്തി നിറഞ്ഞ ഒരു സംഗതിയുടെ കുരുക്കഴിച്ചു…

“നമ്മുടെ മേലെ പറമ്പിലുള്ള ആ വീട് ശ്രദ്ധിച്ചോ…?”
“രാത്രിയും പകലുമൊക്കെ മുമ്പാരത്ത് റാന്തല്‍ വിളക്ക് കത്തിച്ച് വെച്ചിരിക്കുന്ന ആ വീടോ…?” അതിലുപരി വിശേഷമൊന്നും തോന്നാത്തത് കൊണ്ടാണ്’ ഞാനങ്ങിനെ ചോദിച്ചത്….

“അത് തന്നെ… പക്ഷെ അതില്’ താമസക്കാരായി ഒരാള്’ മാത്രേ ഉള്ളൂ…
ഒരാള്‍ടേം സഹായമില്ലാതെ അയാളൊറ്റക്കാത്രേ ചെങ്കല്‍ വെട്ടിയും ചെളികുഴിച്ചും ആ വീട് പണിത് തീര്‍ത്തത്….!”
അത് കേട്ടപ്പോള്‍ എനിക്ക് അല്‍ഭുതം തോന്നി… ഒരാളെ കൊണ്ട് പണിത് തീര്‍ക്കാന്‍ കഴിയുന്നത്ര ചെറിയതായിരുന്നില്ല ആ വീട്….
“അയാള്‍ക്കെന്തെങ്കിലും അമാനുഷീക ശക്ത്യുണ്ടായിരിക്കും..”
“നല്ല ശക്ത്യന്നെ … ശക്തി…. മുഴുത്ത വട്ടാന്നാ പറഞ്ഞു കേട്ടത്…” എന്ന് പറഞ്ഞ് അവള്‍ ഫാനിന്റെ വേഗത കൂട്ടി കൊണ്ട് ഉറങ്ങി കിടക്കുന്ന മോനെ പുതപ്പിച്ചു…ഒരു ഗള്‍ഫുകാരന്റെ സ്വപ്നം ഭ്രാന്തന്റെ വിനോദമായ് മാറിയതോര്‍ത്ത് ഞാന്‍ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു…

നേരം പുലര്‍ന്നപ്പോള്‍ ആകെയുള്ള കായ്ക്കുന്ന ആറു തെങ്ങുകള്‍ക്ക് താഴെ വീണുകിടക്കുന്ന ‘പാറ്റാടന്‍’ തുരന്നിട്ട കരിക്കുകളെ വേദനയോടെ നോക്കി നില്‍ക്കുമ്പോള്‍ മേലെപ്പറമ്പിലുള്ള വീടിനടുത്ത് ആളനക്കം കണ്ടു…
ഭാര്യ പറഞ്ഞ കഥയിലെ നായകന്‍ ഒരു പക്ഷെ വീടിന്ന് മുന്നില്‍ ഉലാത്തുന്ന ആ കുറിയ മനുഷ്യന്‍ തന്നെ ആയിരിക്കും … ഇവിടെക്ക് താമസം മാറിയതിന്’ ശേഷം എന്റെ ഭാര്യയുടെ സ്ഥിരം പരാതിയാണ്‍ അയല്‍വാസികളോടൊന്നും ഞാന്‍ അടുപ്പം കാണിക്കുന്നില്ല എന്നത്… അതൊന്ന് തീര്‍ത്ത് കളയാമെന്ന് മനസ്സില്‍ തീരുമാനിച്ചുറപ്പിച്ച് ഒതുക്കുകള്‍ കയറി അയാളുടെ മുന്നില്‍ ചെന്ന് മുരടനക്കി… അയാളെന്നെയൊന്ന് നോക്കി കണ്ട ഭാവം നടിക്കാതെ ഉലാത്തുക മാത്രം ചെയ്തു…

‘ഞാന്‍ താഴെ പുതിയതായി വന്ന താമസക്കാരാനാണ്’… നമ്മള്‍ അയല്‍ക്കാരായ നിലക്ക് ഒന്ന് പരിചയപ്പെടാം എന്ന് കരുതി…’
ഞാനെന്റെ ആഗമനോദ്ധേശം അയാളെ അറിയിച്ചു….
അയാള്‍ മൌനം പാലിച്ച് നടത്തം തുടര്‍ന്നപ്പോള്‍ പിന്നെ സംശയ നിവാരണത്തിനായി ഞാന്‍ ശ്രമിച്ചു നോക്കി…
“നിങ്ങളൊറ്റക്കാണ്’ ഈ വീട് പണിത്തത് എന്നറിഞ്ഞു… ശെര്യാണോ…?”
‘ഞാന്‍ ഒറ്റക്കോ തെറ്റക്കോ പൊര പണ്യേ പൊളിക്ക്യേ ഒക്കെ ചെയ്യും അയ്’ന്‍ അനക്കെന്താ മജ്ജത്തേ കൊയപ്പം…’ എന്ന് പറഞ്ഞ് ഉടുമുണ്ട് പൊക്കി കാണിച്ച് കൊണ്ട് തുടര്‍ന്നു…’ ഹല്ലാപിന്നെ..! പെലച്ചാവാന്‍ നേരല്ലാണ്ട് എല്ലാരുംപാടെ കേറിവരും.. ന്റെ വിസായം അറ്യാന്‍… ഈ അമ്മുണ്ണിനെ പുയു തിന്ന് പുയ്ത്ത് കെടക്കലെ ഇബടെ…!”

സംസാരം അശ്ലീലത്തിലേക്ക് വഴി മാറുന്നത് മനസ്സിലാക്കി ജാള്യതയോടെ ഞാനെന്റെ വീട്ടിലേക്കുള്ള ഒതുക്കുകള്‍ ഇറങ്ങുമ്പോള്‍ ഞാനെന്തോ വലിയ പാതകം ചെയ്ത പോലെ ആരുടെയൊക്കെയോ കണ്ണുകള്‍ എന്നെ ആകെയൊന്ന് ഉഴിഞ്ഞ് നോക്കി കൊണ്ട് കുന്നിറങ്ങുന്നുണ്ടായിരുന്നു… ജനല്‍ പാളികള്‍ക്കിടയിലൂടെ സംഭവം നോക്കി നിന്നിരുന്ന എന്റെ ഭാര്യ ചിരിച്ചു കൊണ്ട് എന്നെ പരിഹസിച്ചു… “ഇതൊക്കെയാവും നിങ്ങള്‍ പറഞ്ഞ ഗ്രാമീണതയുടെ നന്മയല്ലെ..? മേലെ കേറി വിശേഷറ്യാന്‍ പോയ നേരം ആ റോട്ടിലേക്കിറങ്ങി വല്ല മീനും വാങ്ങി കൊണ്ട്വെന്നിരുന്നെങ്കില്‍ എരുംമ്പുള്യും കൂട്ടി വായക്ക് രുചിള്ള ഭക്ഷണം കഴിക്കാര്‍ന്നു…”

മറുത്തൊന്നും പറയാതെ റോട്ടിലേക്ക് ഇറങ്ങുമ്പോള്‍ പരിചയിച്ചു വരുന്ന മുഖങ്ങളോട് പുഞ്ചിരിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും എനിക്ക് നന്നേ പാടുപെടേണ്ടി വന്നു…
‘എട ചെര്‍ക്കാ… ഇബടെ വാവൈ..!’
കുഞ്ഞാന്‍ക്കാടെ ചായക്കടയിലിരുന്ന് ഒരു വയസ്സന്‍ എന്നെ വിളിച്ചു..
പണ്ടെങ്ങോ കണ്ട് മറന്ന മുഖമായിരുന്നു അയാളുടേത്….’ ഇജ്ജ് ന്നെ അറ്യോ..? എബ്’ട്ന്ന് അറ്യാന്‍ അല്ലെ… പെരുത്ത് കാലായില്ലെ കണ്ടിട്ട്..’ തൊട്ടടുത്തിരുന്ന് ചായകുടിക്കുന്ന ഖദര്‍ വസ്ത്രക്കാരനോടായ് തുടര്‍ന്നു… ‘നമ്പീശന്‍ മാഷ്’ക്ക് അറ്യോ… ന്റെ വൈദ്യരെളാപ്പാന്റെ മോളെ കുട്ട്യാ… ചാവക്കാട്ട്ക്ക് കെട്ടിച്ച…ഇങ്ങക്ക് പറ്റ്യ ചെങ്ങായ്യ്യാണ്… കഥേളൊക്കെ എയ്’തലല്ലെ ആള്‍ടെ പണി…’

നമ്പീശന്‍ മാഷ് എന്നെ അയാളുടെ അടുത്ത് പിടിച്ചിരുത്തി.. ‘സായ്’വിനെ കാണണംന്ന് നിങ്ങള്‍ വന്നന്ന് മൊതല്’ നിരീക്ക്ണതാ… ഇന്നൊരൂട്ടം കേള്‍ക്കേം ചെയ്തു… ആ നൊസ്സ് മൂത്ത അമ്മുണ്ണിടെ അട്ത്ത്ക്കല്ലാണ്ട് വിശേഷറ്യാന്‍ പോവോ…?
‘അയാളെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍…’ ഞാന്‍ മുഴുമിക്കുന്നതിന്‍ മാഷ് ഇടക്ക് കയറി.. ‘നല്ല ചേലായി… മ്മടെ സിനിമാ നടന്‍ ശ്രീരാമന്‍ അമ്മുണ്ണിനെ പറ്റി കേട്ടറിഞ്ഞ് വേറിട്ട കാഴ്ചകളില്‍ കൊടുക്കാനാന്നും പറഞ്ഞ് വന്നിട്ട് മൂപ്പരെ ഓടിച്ച ആളാ ഈ അമ്മുണ്ണി…’
‘അമ്മുണ്ണിക്ക് പെണ്ണും കുടുംബവും ഒന്നും ഇല്ലെ..?’ എന്തെങ്കിലും അറിയാന്‍ കഴിഞ്ഞെങ്കിലോ എന്നു കരുതി ഞാന്‍ ചോദിച്ചു…

‘പെണ്ണും പെടക്കോഴ്യും ഒക്കെണ്ടാര്‍ന്ന്…’ ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് ചുമച്ചുകൊണ്ട് ബീഡി വലിക്കാന്‍ പ്രയാസപ്പെടുന്ന ഒരു മദ്ധ്യ വയസ്കന്‍ കയറി…’ ഇണ്ടായിട്ടെന്താ കാര്യംന്റെ ഹബീബെ… ആ മന്ന്യോന്റെ കെട്ട്യോള്‍ പത്തും തെകഞ്ഞ് പെറാനായിട്ട് വയര്‍ വെരുത്തായിട്ട് നെലോളിച്ചപ്പള്… ആസോത്രീല്‍ കൊണ്ടോവാണ്ട് ഒറ്റക്ക് പെറാന്‍ പറ്റോങ്കി പെറ്റാ മതീന്നും പറഞ്ഞ് മുറീന്റെ വാതില്’ പറങ്കി താവിട്ട് പൂട്ട്യോനാ..’ ശക്തിയായി വന്ന ചുമ അയാളുടെ വാക്കുകളെ മുറിച്ചു.. ചുമക്കിടയിലും ബീഡി വലിക്കാന്‍ അയാള്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്നു…
പിന്നെ തുടങ്ങിവെച്ചത് എന്റെ കുടുംബക്കാരന്‍ എന്നു പറഞ്ഞ വയസ്സനായിരുന്നു… ‘ഈ കണ്ണീ ചോരല്ലാത്ത കാട്ടല്’ കണ്ടപ്പൊ…ഓന്റെ കാര്‍ന്നോര്’ ചോയ്’ക്കാന്‍ പോയി… പിന്നെ വാക്കായി വക്കാണായി… ഒന്നാം നമ്പറ്’ വീടും കുടുമ്പോം വിട്ട് പടച്ചോന്റെ കുദ്റത്തോണ്ട് പെറ്റ ഓന്റെ പെണ്ണിനെ കൂട്ടീട്ട് ഈ കുന്നുംപൊറത്ത് വന്ന് താമയ്’ക്കല്’ തൊടങ്ങി… ഓന്റെ പൊരേല്‍ന്ന് ആകെപ്പാടെ കൊടുന്നത് ഒരു റാന്തല്‍ മാത്രം…’

ചായക്കടക്കാരന്‍ കുഞ്ഞാന്‍ക്ക എല്ലാവരുടെ മുന്നിലും ഓരോ ചായ കൊടുന്ന് വെച്ചു കൊണ്ട് നനഞ്ഞ കൈ കൊണ്ട് എന്നെ തോണ്ടിയിട്ട് പറഞ്ഞു. ‘….കാറല്‍ മണ്ണേലെ പിലക്കുന്നത്ത് മരക്കാരാജിടെ മോള്‍ക്ക് ചെറ്റപ്പെരേല്’ കെടന്നൊറങ്ങാന്‍ പറ്റോ… കര്‍ക്കിടകത്തിലെ മഴേല്‍ ചോര്‍ന്നൊലിക്ക്ണ പൊരേല്’ …ഇന്നക്കൊണ്ട് കൂട്ട്യാ പറ്റുല്ല ഇങ്ങടെ കൂടെ കയ്യാന്” എന്നും പറഞ്ഞ് കുട്ടിനേം എടുത്ത് ഓള്’ ഓള്‍ടെ പാട്ടിന്’ പോയി….’
‘അമ്മുണ്ണി വിളിക്കാനൊന്നും പോയില്ലെ..?’ ഞാന്‍ ചോദിച്ചു…
“ഒരാള്‍ക്ക് കെടന്നൊറങ്ങാന്‍ ചോര്‍ന്നൊലിക്കാത്ത അടച്ചൊറപ്പുള്ള പൊരപണിതിട്ടേ പോയി വിളിക്കൂന്നും പറഞ്ഞ് തൊടങ്ങ്യേ പൊരപ്പണ്യാണ്’… ഇപ്പൊ പണി കഴിഞ്ഞന്ന് മൊതല്’ ഒരു റാന്തല്’ വെളക്കും കത്തിച്ച് പിടിച്ച് റോട്ടുമ്മല്’ വന്നിട്ട് കൊറേ നേരം കുത്തിരിക്കും… ഒടുക്കം പറ്യേണേട്ടു ഇന്നല്ലെങ്കി നാളെ വിളിക്കാന്‍ പോവുംന്നൊക്കെ’…….

ചായകുടിക്കുന്നതിന്’ വേണ്ടി നാലഞ്ച് ആളുകള്‍ കടയിലേക്ക് കയറി വന്നപ്പോള്‍ അമ്മുണ്ണിയെ കുറിച്ചുള്ള വിവരണങ്ങള്‍ നിറുത്തിവെച്ച് അവര്‍ക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞു കൊടുത്തു….

മീനും വാങ്ങി വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ ഭാര്യയും ഉമ്മയും കൂടി വരിക്കചക്ക ചുളപറിച്ച് പാത്രത്തിലിടുകയായിരുന്നു…
‘ഇതെവിടെ നിന്നൊപ്പിച്ചു…?’
ഭാര്യ അമ്മുണ്ണിയുടെ വീടിന്’ നേരെ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു… ‘അയാള്‍ക്ക് എല്ലാവരും പറ്യേണ പോലെ വട്ടൊന്നുമില്ല… പാവം നല്ല മനുഷ്യന്‍…! അല്ലെ ഉമ്മാ…’ അവള്‍ ഉമ്മയുടെ മുഖത്ത് നോക്കി കണ്ണിറുക്കി …….
‘ആര്‍ക്ക് അമ്മുണ്ണിക്കോ…?’
“അല്ലാണ്ട് പിന്നാര്‍ക്കാ…” ഉമ്മ വളരെ ഉത്സാഹത്തോടെ പറഞ്ഞ് തുടങ്ങി
‘ ഓനാ ഈ ചക്ക കൊടുന്നത്… ഞങ്ങളേറ്റ് കൊറേ വര്‍ത്താനോം പറഞ്ഞു…
ആള്’ ഉടുത്തൊരുങ്ങീട്ട് ഓന്റെ കെട്ട്യോളെ വിളിക്കന്‍ പോയീണ്ട്… വിളിച്ചാല്‍ വര്വോണാവോ… വരാന്‍ തോന്നിക്കാന്‍ ദുഃആ ചെയ്യണോംന്നൊക്കെ പറഞ്ഞിട്ടാ പോയത്…’

തൂതയില്‍ നിന്നും രണ്ട് കിലോമീറ്ററിലധികം ദൂരമില്ലാത്ത കാറല്‍മണ്ണയിലേക്ക് പ്രതീക്ഷകളോടെ പോയ അമ്മുണ്ണി ഭാര്യയേയും കൂട്ടി വരുന്നതും നോക്കി ഞാനും എന്റെ വീട്ടുകാരും നേരം ഇരുട്ടും വരെ കാത്തിരുന്നു… അന്നത്തെ വിശേഷങ്ങളെ ഡയറിയിലേക്ക് പകര്‍ത്തി എഴുതുമ്പോള്‍ അമ്മുണ്ണി വീടിനു മുന്നില്‍ കത്തിച്ചു വെച്ചിരുന്ന റാന്തല്‍ വിളക്കിന്റെ കരിപിടിച്ച ചില്ലിനുള്ളിലൂടെ വെളിച്ചം ഒരു പൊട്ടുപോലെ കാണുന്നുണ്ടായിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *