അവിചാരിതം

അവിചാരിതമായി ലഭിച്ച സ്ഥലംമാറ്റം അലോസരപ്പെടുത്തിയത് അന്തിയുറങ്ങാന്‍ ഒരിടം തരപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു.. എന്റെ ശീലങ്ങൾക്കനുയോജ്യമായഒരു മുറിയെ കുറിച്ച് പറഞ്ഞു തന്നത് വളരെ അടുത്ത ഒരു സുഹൃത്തും..

“നാൽപത് വർഷത്തോളമായി പ്രവാസജീതം നയിക്കുന്ന ഹാജിക്ക.. നാട്ടിലോ ഇവിടെയോ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ആര്ക്കോ വേണ്ടി ജീവിക്കുന്ന ഒരു മഞ്ചേരിക്കാരന്‍.. മുറിയില്‍ തനിയെ താമസിക്കുന്നു..

വിശേഷണങ്ങള്‍ കേട്ടപ്പോള്‍ കൂടുതലായൊന്നും ചിന്തിച്ചില്ല.. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ സ്വകാര്യങ്ങളായ ചിന്തകളുമായി കാടുകയറാന്‍ പറ്റിയ വാസസ്ഥലമെന്നു മനസ്സില്‍ ഉറപ്പിച്ച് മറ്റുള്ള നടപടികളിലേക്ക്‌ കടന്നു…

പുസ്തകങ്ങളും വസ്ത്രങ്ങളും അടക്കിവെച്ച ട്രോളിബാഗും വലിച്ച് മുറിയിലേക്ക്‌ കടന്ന്‍ ചെല്ലുമ്പോള്‍ എന്നെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാജിക്ക… കള്ളിമുണ്ടും അങ്ങിങ്ങായി കീറിയ അരകയ്യന്ബനിയനും ധരിച്ച ഹാജിക്കാക്ക്‌ സമാധാനം നേര്ന്ന്‍കൊണ്ട് ഹസ്തദാനം ചെയ്തു.

-“മുസ്തഫയുടെ വീട് കുന്നംകുളത്ത് എവിടാന്നാ പറഞ്ഞെ.? ഹാജിക്ക തുടക്കം കുറിച്ചു..

“കുന്നംകുളത്ത് നിന്ന് ആറുകിലോമീറ്ററോളം പോണം… കൊച്ചനൂര്‍ എന്ന് പറയും.

“പണ്ട്‌ ഉപ്പാക്ക് കച്ചോടമൊക്കെ ഉണ്ടാര്ന്ന കാലത്ത്‌ കുന്നംകുളത്ത്‌ വരാറുണ്ട്… ഇപ്പൊ കുന്നംകുളം പോയിട്ട് ജനിച്ച നാടായ മഞ്ചേരി തന്നെ കണ്ടിട്ട് കാലം ഇമ്മിണി ആയക്ക്ണ്..

അപരിചിത്വത്തിനിടയിലെ അത്ഭുതമുളവാക്കുന്ന വാക്കുകള്‍.. മനസ്സില്‍ തികട്ടിവന്ന ചോദ്യങ്ങള്‍ ഒരു ചിലന്തിവലയില്‍ അകപ്പെട്ടപോലെ ഉത്തരമെന്ന പ്രാണനുവേണ്ടിപിടഞ്ഞു..

മുറി നിറയെ ഒരു വാസന തൈലത്തിന്റെ മണമുണ്ടായിരുന്നു

എന്റെ ജീവിതത്തിന്റെ താളമെന്നു ഞാന്‍ വിശേഷിപ്പിക്കുന്ന മൊബൈല്‍ ശബ്ദിച്ച് കൊണ്ടിരുന്നു… ഭാര്യയാണ്.. “എന്താ ഇക്കാ വിളിക്കാമെന്നു പറഞ്ഞിട്ട്.. പുതിയ റും ഇഷ്ടായോ?

“ഇപ്പൊ വന്നു കയറിയതെയുള്ളു… ഇഷ്ടായി.. നാളെ രാവിലെ വിളിക്കാം..” എന്ന് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു.

കട്ടിലിനോട് ചെര്ത്തിട്ടിരുന്ന ചെറിയ മേശപ്പുറത്ത് നിരത്തിവെച്ച മരുന്നുകളുടെ കൂട്ടത്തില്‍ നിന്ന് ഓരോന്നെടുത്ത് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഹാജിക്ക തുടര്ന്നു .

“ഒറ്റയ്ക്ക് താമസിക്കനായിരുന്നു ഇഷ്ടം പക്ഷെ പ്രായവും ദീനവും കൂടിയപ്പോള്‍ ഒരാള്‍ കൂടെ ഉണ്ടാവുന്നതല്ലെ നല്ലത് എന്ന് തോന്നി…”

“ഹാജിക്കാക്ക്‌ ഭാര്യയും കുട്ടികളും..?” മുഖഭാവം കണ്ടപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. ഒരു ദീര്ഘാമായ നിശ്വാസം മാത്രമായിരുന്നു മറുപടി…പിന്നെ തലയിണ ചുമരിനോട് ചാരിവെച്ചു കൊണ്ട് കട്ടിലില്‍ കാലു നിവര്ത്തി ഇരുന്ന് തലയിലെ കൊഴിഞ്ഞുപോവാതെ അവശേഷിച്ചിരുന്ന നരച്ച കുറ്റിരോമങ്ങളെ വലത് കൈയ്യാല്‍ ഉഴിഞ്ഞ്‌ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു..

“സ്വന്തമാല്ലാത്തത് കൈവശം വെക്കുന്നത് ശെരിയല്ലല്ലോ.. അപ്പൊ ഓൾടെ കുട്ടീനേം ഓളേം വേണ്ടാന്നു വെച്ചു…. സത്യം പറഞ്ഞാല്‍ അവര്ക്കൊരു നല്ല ജീവിതം കൊടുത്തൂന്ന്‍ പറയുന്നതാവും ശെരി… നമ്മളൊക്കെ നേടാനുള്ള പരക്കം പാച്ചിലിനിടയില്‍ അവനവന്റെ ജീവിതം മറന്നു പോവുന്നവരാ..” ശീതികരിച്ച മുറിയിലും ഹാജിക്കാടെ നെറ്റിയില്‍ നിന്ന് വിയര്പ്പ് പൊടിയുന്നുണ്ടായിരുന്നു..

“ആട്ടെ… മുസ്തഫ ഇപ്പൊ എത്ര കൊല്ലായി ഇവിടെ..?”

“പതിനഞ്ചു കൊല്ലം..!”

“കിടപ്പാടം വല്ലതും ഉണ്ടാക്ക്യാ..”

“ഉണ്ടാക്കാന്‍ ലോണ്‍ എടുക്കാനുള്ള ഏര്പ്പാടുകള്‍ നടക്കുന്നു..”

“ഇതാ ഞാന്‍ പറഞ്ഞു വരുന്നെ… സ്വന്തായിട്ടു വല്ല ഭൂസ്വത്തും ഉണ്ടെങ്കില്‍ അത് വിറ്റ് കിടപ്പാടണ്ടാക്കാനുള്ള ഏര്പ്പാടു നോക്കണം… ഇനി ലോണെടുത്ത് വീട് വെച്ച് അതൊക്കെ തിരിച്ചടച്ചു വരുമ്പോള്‍ പിന്നെന്ത്‌ ജീവിതാ ബാക്ക്യുണ്ടാവ..! പോരാത്തതിന് പലിശയും.. ഇഹലോകത്തും പരലോകത്തും ജീവിക്കാന്‍ പറ്റാണ്ടാവും..” എന്ത് പറയണമെന്നറിയാതെ ഞാന്‍ ഹാജിക്കാടെ ആശകളസ്തമിച്ച മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു..

കീറിയ ബനിയന്റെ കഴുത്ത് വലിച്ച് താഴോട്ട് മാറ്റി നെഞ്ചിലെ ഏതോ സര്ജറിയുടെ വലിയ മുറിപ്പാടു കാണിച്ച് ഹാജിക്ക തുടര്ന്നു .. “ദാ ഇത് കണ്ടോ.. നഷ്ടപ്പെട്ട ജീവിതത്തിന്റെ. അടയാളമാണ്.. ആദ്യമൊക്കെ ഒരു വിങ്ങലായിരുന്നു നെഞ്ചിനുള്ളില്‍.. പിന്നെ പണിമുടക്ക് നടത്തിയപ്പോള്‍ കത്തിവെക്കേണ്ട ഗതി വന്നു.. ഇപ്പൊ ചോറിനെക്കാള്‍ പെരുത്ത് ഗുളികേളാ തിന്നാന്‍…” എന്ന് പറഞ്ഞു ജഗ്ഗില്‍ നിറച്ചു വെച്ചിരുന്ന വെള്ളം പകുതിയിലധികവും അകത്താക്കി കിതച്ച് കൊണ്ടിരുന്നു..

“വന്നു കയറിയ അന്നുതന്നെ ഞാന്‍ ആവലാധികള്‍ പറഞ്ഞ് ഇയാളെ വിഷമിപ്പിച്ചു.. കണ്ടപ്പോള്‍ എന്തോ ഒരു അടുപ്പം തോന്നി അതോണ്ടാ..” പിന്നെ ടൈംപീസില്‍ സമയം നോക്കി അലാറം സെറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.. “നേരം കൊറേ ആയി… കെടന്നൊറങ്ങാന്‍ നോക്കാം.. ”

ലൈറ്റണക്കുന്നതിന് മുന്നെ ചുമരില്‍ ചുവന്ന മഷികൊണ്ട് കുറിച്ചിട്ട ടെലെഫോണ്‍ നമ്പര്‍ കാണിച്ച് കൊണ്ട് ഹാജിക്ക പറഞ്ഞു.. “ദുനിയാവില് ആര്ക്കാ.. എന്താ.. എപ്പഴാ സംഭാവിക്കാന്നു പറയാന്‍ പറ്റില്ല.. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ നമ്പരിലേക്ക് വിളിച്ച് പറയണം..”

ആരുമില്ലാത്ത ഹാജിക്കാടെ വിവരങ്ങള്‍ ആരോടായിരിക്കും പറയാനുണ്ടാവുക.. മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തുന്ന വ്യക്തിത്വം..

ജനല്‍ വിരിക്കുള്ളിലൂടെ അരിച്ചു വരുന്ന തെരുവ്‌ വെളിച്ചത്തില്‍ ചുമരില്‍ കുറിച്ചിട്ട നമ്പറുകള്ക്ക് ജീവന്‍ കൈവരിക്കുന്നത് പോലെ തോന്നി… വിവിധ വര്ണ്ണങ്ങളില്‍ ഓരോ അക്കങ്ങള്‍ മുറിക്കുള്ളില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നു കളിച്ചു കൊണ്ടിരുന്നു.. പിന്നെ ചുവപ്പുവര്ണ്ണത്തിലുള്ള ഒരു വ്യാളിയായ് തീ തുപ്പിക്കൊണ്ട് എന്റെ നേര്ക്ക് ‌ പറന്നടുത്തു..

… “ഇച്ചിരി വെള്ളം താരോ..” ഹാജിക്കയാണ്… ജഗ്ഗിലെ വെള്ളം കയ്യില്‍ എടുത്ത്‌ കൊടുക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു… നെറ്റിയിലെ വിയര്പ്പ് തുള്ളികള്ക്ക് രക്തനിറം.. മുറിനിറയെ ചോരയുടെ മണം… പിന്നെ ചലനമറ്റു കിടക്കുന്ന ഹാജിക്കയുടെ വായില്‍ നിന്നും ഒരു നീല പുക പറന്നുയരുന്നു.. ഞാന്‍ ഹാജിക്കയെ കുലുക്കി വിളിച്ചപ്പോള്‍ ആ ശരീരത്തില്‍ നിന്നും ഒരു തണുപ്പ് കൈകളിലൂടെ പടര്ന്നു കയറി.. മരണം നടന്നിരിക്കുന്നു…

എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്കുമ്പോള്‍ ചുമരില്‍ കുറിച്ചിട്ട ചുവന്ന അക്കങ്ങളില്‍ കണ്ണുകളുടക്കി… ഹാജിക്കയുടെ അവസാനത്തെ ആഗ്രഹം… വിറയാര്ന്നച കൈവിരലാല്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ ആരായിരിക്കും ഫോണ്‍ എടുക്കുക എന്ന ആകാംക്ഷ… മുറിഞ്ഞും പാടുപ്പെട്ടും മറുഭാഗത്തെ മണിയടിക്കൊടുവില്‍ ഒരു ഗുഹയില്‍ നിന്നെന്ന പോലെ പ്രതിധ്വനി നിറഞ്ഞ ശബ്ദം…

“പെരുത്ത് സന്തോഷായി മുസ്തഫാ.. എന്റെആഗ്രഹം സാധിപ്പിച്ചു തന്നല്ലോ..” മറുഭാഗത്ത്‌ ഹാജിക്കയാണ്..എന്റെ തൊണ്ട വരളുന്നത് പോലെ തോന്നി.. ഉറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെ ഞാന്‍ പിടഞ്ഞു..

ഉണര്ന്നെണീറ്റ കണ്ണുകള്‍ ഇരുട്ടിലേക്ക് തുറന്നു.. എല്ലാം സ്വപ്നമായിരിക്കണേ എന്ന പ്രാര്ത്ഥയനയോടെ മുരടനക്കി മെല്ലെ ഹാജിക്കയെ വിളിച്ച് നോക്കി.. പ്രതികരണമില്ലാത്ത വിളികലായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് അധിക സമയം വേണ്ടിവന്നില്ല… തുറന്നിരിക്കുന്ന വായയും കണ്ണും….. മുറിനിറയെ വാസന തൈലത്തിന്റെ സുഗന്ധവും… മുറിയിലെ നിറഞ്ഞ വെളിച്ചത്തില്‍; ഈ നമ്പര്‍ നിലവിലില്ല എന്ന് പലവട്ടം മൊഴിഞ്ഞ ചുമരില്‍ കുറിച്ചിട്ട ചുവന്ന നിറമുള്ള അക്കങ്ങള്‍ വിറച്ച് കൊണ്ട് നില്ക്കുന്നത്‌ പോലെ എനിക്ക് തോന്നി….

Leave a Reply

Your email address will not be published. Required fields are marked *