അവസ്ഥാന്തരം

ഴകിദ്രവിച്ച പേഴ്സില്‍ നിന്നും അമൂല്യമായ നിധിയായ് സൂക്ഷിക്കുന്ന തന്റെ മകന്റെ ഫോട്ടോ എടുത്ത് താലോലിച്ചുകൊണ്ട് നൂര്‍അലിഷാ പ്രഥമപുത്രന്റെ വീരചരിതങ്ങള്‍ പതിവ് പോലെ പറഞ്ഞു തുടങ്ങി..   ”ഇത് എന്റെ പുലി കുട്ടിയാണ്……”

 

മൂന്ന് ഭാര്യയും ഒരു മെഹ്ബൂബയും(കാമുകി) ഉള്ള നൂർഅലിഷാ എന്ന ഈ പാക്കിസ്താനി ഡ്രൈവറെ പരിചയപ്പെടുന്നത് ഞാനീ ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ മേലധികാരിയുമായുള്ള ആദ്യ കുടികാഴ്ചയുടെ ദിവസമായിരുന്നു.

 

പരീചയപ്പെട്ട അന്നുമുതല്‍ നിത്യേന കാണുന്ന നൂര്‍അലിക്ക് അടുത്തിടവരെ കാലം കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല.ഓരോവാർഷീക അവധിയിലും നാട്ടിൽ നിന്ന് തിരിച്ചെത്തുമ്പോൾ മൂന്നിലേതെങ്കിലുമൊരു ബീവിയിൽ തനിക്ക് ജനിക്കാൻ പോവുന്ന സന്താനത്തിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പും ഒരു പുതുമണവാളന്‍റെ പ്രസരിപ്പും മുഖത്ത് നിഴലിക്കുന്നുണ്ടാവും. ഈയൊരു അൽഭുത പ്രതിഭാസത്തെ കുറിച്ച് ആരായുന്നവരോട് ‘ദവ'(മരുന്ന്‌)യുടെ മാഹാത്മ്യത്തെ ബോധ്യപ്പെടുത്തും.. സ്വാഭാവികതകൾക്കപ്പുറത്തേക്കുള്ള പരീക്ഷണങ്ങൾക്ക് മുതിരാൻ താൽപര്യപ്പെടാത്തത് കൊണ്ട് ‘ദവ’ അയാൾ ഉപയോഗിക്കുന്ന ‘നസ്‌വാർ’ പോലെ തന്നെയാവുമെന്ന് കരുതി എന്നെ പോലുള്ളവർ സമാധാനിക്കുകയും അല്ലാത്തവർ പരീക്ഷണത്തിന് പാത്രീഭവിക്കുകയും ചെയ്തു

 

ഓരോ സന്താനലബ്ധിക്ക് ശേഷമുള്ള മധുര വിതരണത്തിലും ” മീഠാ കാവോ… ഇന്ത്യാകേലിയേ ഔർ ഏക് ദുശ്മൻ ഭി പൈദാഹുവാഹെ.! (മധുരം കഴിക്കൂ..ഇന്ത്യക്ക് ഒരു ശത്രു കൂടി ജനിച്ചിരിക്കുന്നു.) എന്ന സ്ഥിരം പല്ലവിയിൽ മധുരത്തോടൊപ്പം നർമ്മവും ഞങ്ങൾ ആസ്വദിച്ചിരുന്നെങ്കിലും മൂര്‍ത്തിസാറിനെ പോലുള്ളവർ ‘ഇന്ത്യക്ക് ഒരു വെടിയുണ്ടയുടെ ചിലവ് അധികരിച്ചിരിക്കുന്നു’ എന്ന് തിരിച്ചടിക്കാനും മറന്നില്ല.

 

ആൾപാർപ്പില്ലാത്ത തലയിൽ അന്നത്തിനുള്ള വക നേടാനുള്ള കഴിവ് അയാൾ സ്വായത്തമാക്കിയിരുന്നു. ‘കാലം കുറേ ആയില്ലെ ഇനിയെങ്കിലും കിട്ടാനുള്ളത് വാങ്ങി നാട് പിടിച്ചൂടെ’- എന്ന മജീദ്ക്കയുടെ ചോദ്യത്തിന് ‘ഒരു ഭാര്യയും മൂന്ന് മക്കളും ഉള്ള നീ പോവുന്നില്ല…എന്നിട്ടാണോ..എന്നോട്..!’ എന്ന് മറുപടി കൊടുത്ത് കൊണ്ട് പ്ലാസ്റ്റിക് പൊതിയില്‍ കീശയില്‍ സദാ കൊണ്ടു നടക്കുന്ന;പുകയിലപ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള നസ്‌വാർഎന്ന ലഹരി വസ്തു എടുത്ത് കീഴ്ച്ചുണ്ടിനടിയില്‍ തിരുകി നുണഞ്ഞ് അശ്ലീല പദപ്രയോഗം കൊണ്ട് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കും. ആരെങ്കിലും ഈ ലഹരി വസ്തുവിനെ കുറിച്ചു ആരഞ്ഞാല്‍ “ഇതിലെന്‍റെ ദേശത്തിന്‍റെ ഗന്ധവും വര്‍ണ്ണവും പിന്നെ വേണ്ടപ്പെട്ടവരുടെ ഓര്‍മ്മകളും അടങ്ങിയിരിക്കുന്നു എന്നായിരികും മറുപടി.

 

ആയുസ്സിൻെറ സായാഹ്നത്തിലും ബുഡ്ഡി(കിളവി) എന്ന് നൂര്‍അലി  വിളിക്കുന്ന ഒന്നാം ഭാര്യയിലെ മകളെ പഠിപ്പിക്കുന്ന ടീച്ചറുമായി പ്രണയ സല്ലാപം നടത്താൻ സമയം കണ്ടെത്തുകയും അടുത്ത അവധിയിൽ അവളെ വരിക്കണമെന്ന് താൽപര്യപ്പെടുകയും ചെയ്തു..

സ്നേഹോപഹാരങ്ങളുടേയൂം കിന്നാരങ്ങളുടേയും ഒടുവിൽ ഈയിടെയായി അയാളിൽ പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു.. ഛായം മാഞ്ഞ താടിരോമങ്ങൾ വെളുക്കെ പ്രതിഫലിച്ച മുഖത്ത് കണ്ണിന്ചുറ്റൂം കറുപ്പ്നിറം പടർന്ന്,മൊബൈലിൽ ആരോടെന്നില്ലാതെ പുഷ്തു ഭാഷയിൽ എന്തൊക്കയോ പറയുത് കേൾക്കുന്നവരുടെ ചോദ്യത്തിന് ഛോഡോ ഭായ്’ – എന്ന് മാത്രം പ്രതികരിച്ചു..

 

മാനസ്സീക പിരിമുറുക്കങ്ങളുടെ പാരമ്യത്തിലെപ്പോഴോ അയാൾ മനസ്സ് തുറന്നത് ഒരു ചോദ്യ രൂപത്തിലായിരുന്നു..

“പ്രായവും പ്രണയവും തമ്മിൽ ബന്ധമുണ്ടാ..?’

അറിയില്ലെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും വിടുന്ന ഭാവമില്ലായിരുന്നു..

“എന്നോടുള്ള മെഹ്ബൂബയുടെ പ്രണയം നാട്യമായിരുന്നു.. അവൾക്കിപ്പോൾ എൻെറ മൂത്തമകൻെറ കൂടെ ജീവിക്കണമെത്രേ..!”

കീശയിൽ നിന്ന് പൊതിയിയെടുത്ത് നസ്‌വാർ വായിൽ തിരുകി കൊണ്ട് തുടർന്നു.. ‘ജോലിയൂം കൂലിയും ഇല്ലാത്ത അവൻക്ക് ചിലവിന് കാശ് അയച്ച് കൊടുത്തില്ല ഈ മാസം.. അതിൻെറ പേരിലാ ഈ ബഹളങ്ങളൊക്കെ…’തുടർച്ചയായി മൊബൈൽ ശബ്ദിച്ചപ്പോ സംസാരം നിറുത്തി ‘ഛോട്ടാ’ബീവിയുടേതാണെന്ന് പറഞ്ഞ് അയാൾ ഫോണെടുത്തു…

മറുഭാഗത്ത് നിന്ന് ഉച്ചത്തിലുള്ള നിലവിളിയും ഞങ്ങൾക്ക് അർത്ഥമറിയാത്ത ഭാഷയിലുള്ള അയാളുടെ പ്രതികരണവും..പിന്നെ തേങ്ങലും… കാര്യമറിയാതെ പകച്ചു നിന്ന ഞങ്ങളുടെ മുന്നിൽ വിറച്ച്, മൂത്തമകനെ അസഭ്യവാക്കുകൾ കൊണ്ട് ശപിച്ച് അയാൾ നിലത്തിരുന്നു…

“നിൻെറ മകനല്ലെ” എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കാൻ ശ്രമിച്ചവരോട് ആക്രോശിച്ച് കൊണ്ട് ”ഓ മേരാ ബേട്ടാ നഹി.. മേരാ ദുശ്മൻഹെ..മകന് ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയോ.. ഞാൻ നേരത്തെ ചീത്ത വിളിച്ചതിന് അവന്‍ എൻെറ ഇളയ ഭാര്യയൂടേയും കുട്ടിയുടേയും നേർക്ക് നിറയൊഴിച്ചതിൽ നിന്ന് തലനാരിഴക്കാണ്‌ അവര്‍ രക്ഷപ്പെട്ടത്..’എന്ന് പറഞ്ഞു അമൂല്യനിധിയായ്‌ സൂക്ഷിച്ച ഫോട്ടോ പിച്ചിചീന്തുമ്പോള്‍ കയ്യിലെ പൊതി തകർന്ന് പച്ച നിറത്തിലുള്ള ‘നസ്‌വാർ’താഴേക്ക് പതിക്കുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *