“മുസാഫിര് ഹൊ യാരൊ…”

കോര്‍ട്ടിന്റെ കോര്‍ണറില്‍ എന്തിനെപറ്റിയോ ചിന്തിച്ചു നില്ക്കുമ്പോഴായിരുന്നു നെറ്റിന്റെ മൂലക്കുനിന്ന് ഇടിമിന്നല്‍പോലെ ഒരു സ്മാഷ് വന്നത്. പെട്ടെന്നുണ്ടായ ഒരു ‘റിഫ്ളക്ട് ആക്ഷനില്‍’ കയ്യൊന്നു നീട്ടി കൊടുത്തു. ഭാഗ്യം, പന്ത് കൃത്യം നീട്ടിയ കൈകളുടെ പള്ളക്ക് തന്നെ കൊണ്ടു. പന്ത് അതേ സ്പീഡില്‍ എതിര്‍കോര്‍ട്ടിലേക്ക് പറന്നു. ” ഗുഡ് ക്യാരി” പുറത്ത് തട്ടി റസാക്ക്ക്ക അഭിനന്ദിക്കുമ്പോഴാണ് എനിക്ക് സംഭവിച്ചതിനെ പറ്റി ഒരു രൂപം കിട്ടുന്നത്. അപ്പോഴേക്ക് കോര്‍ട്ടിന്റെ മധ്യത്തിലേക്ക് അടുത്ത അടി വന്നു. ഇത്തവണ റസാക്ക്ക്ക ആയിരുന്നു താരം. അല്‍പം മുന്നോട്ട് കുനിഞ്ഞ് ഒരു ക്ലാസിക്കല്‍ ക്യാരി. തൊട്ടു മുമ്പ് ഞാന്‍ ചെയ്തതിനെ നിഷ്പ്രഭമാക്കിയ ഒന്ന്… ഗ്രൌണ്ട് ആവേശത്താലും ആരവങ്ങളാലും മുങ്ങി….

രണ്ട് മാസം മുമ്പ് ഒരു വൈകുന്നേരം സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ഒരു വോളിബോള്‍ കളിയിലെ ചില നിമിഷങ്ങളാണിത്. അന്ന് കളി കഴിഞ്ഞിട്ടും ഞാന്‍ അതിശയപ്പെടുകയായിരുന്നു. സ്വയം പ്രചോദിതനാവാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനുമുള്ള ആ മനുഷ്യന്റെ കഴിവിനെ പറ്റി ഓര്‍ത്ത്. കളി കഴിഞ്ഞ് വിയര്‍പ്പാറ്റുമ്പോള്‍ റസാക്ക്ക്ക ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ കളിക്കാന്‍ വരാന്‍ വൈകുന്നതിനെ കുറിച്ചുള്ള പരാതി, (റസാക്ക ആയിരുന്നു ആദ്യം ഗ്രൌണ്ടില്‍ വരുന്നത്) കളിതുടങ്ങും മുമ്പെത്തെ വാമപ്പിനെ പറ്റി, അതങ്ങനെ നീണ്ട് കിഷോര്‍കുമാറിന്റെ പാട്ടുകളിലെത്തി ഗള്‍ഫിലേക്ക് തിരിച്ച് പോകുന്നതിലെത്തി നിന്നു. തിരിച്ചു പോക്കിന്റെ കാര്യം പറഞ്ഞ ശേഷം പിന്നെയൊന്നും സംസാരിച്ചില്ല. അല്‍പ്പനേരം മൌനിയായിരുന്ന് ഞങ്ങളോട് യാത്ര പറഞ്ഞ് ബൈക്കില്‍ കയറി. അന്നായിരുന്നു അവസാനം കണ്ടത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കൂടി അത്ര വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും വര്‍ഷങ്ങള്‍ കൂടി മാത്രം കണ്ടുമുട്ടുന്ന ഗള്‍ഫുകാരായ ജ്യേഷ്ടസഹോദരന്മാര്‍ ഞങ്ങള്‍ക്ക് അപരിചിതര്‍ തന്നെയായിരുന്നു.

നൌഷുക്കാടെ കല്യാണതലേന്ന് കരോക്കെ ഗാനമേള സംഘടിപ്പിക്കാന്‍ ഉത്സാഹിക്കുന്നത് കാണുമ്പോഴാണ് റസാക്ക നല്ലൊരു കലാസ്വാദകനും സഹൃദയനുമാണെന്ന് മനസ്സിലാവുന്നത്. ഒരോരൊ തമാശകള്‍ പൊട്ടിച്ചും പ്രസന്നനായി എല്ലാവരോടും സംസാരിച്ചും അന്നവിടെ നിറഞ്ഞു നിന്നു. ആവിയെ കൊണ്ട് കുറേ പാട്ടുകള്‍ പാടിപ്പിച്ചു. റസാക്കയും കിഷോര്‍കുമാറിന്റെ ഒരു പാട്ട് പാടി. “മുസാഫിറ്’ ഹൊ യാരോ..” എന്നോട് സംസാരിച്ചപ്പോള്‍ സൌണ്ട് എന്‍ജിനീയറായിട്ടാണ് ജോലി എന്നറിഞ്ഞപ്പോള്‍ അതിശയം കൂറി. പിന്നെ സംഗീതവും പഴയ കലാപ്രവര്‍ത്തനങ്ങളുമായി ചര്‍ച്ച. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ വളരെ ഇഷ്ടമായിരുന്നെന്ന് അന്ന് സംസാരത്തില്‍ നിന്ന് മനസിലായി. പഴയ അപ്സര ക്ലബ്ബിന്റെ നാടകങ്ങളെ പറ്റിയും വല്ലാത്ത ഗൃഹാതുരതയോടെയായിരുന്നു സംസാരിച്ചത്. പിന്നെ ഒരോ തവണ ലീവിന് വരുമ്പോഴും കരുതലുള്ള ഒരു ജ്യേഷ്ടനായി വിശേഷങ്ങള്‍ ചോദിച്ചറിയുമായിരുന്നു. ബലംപിടുത്തങ്ങളൊന്നുമില്ലാത്ത, എല്ലാവര്‍ക്കും ഇഷ്ടമായിരുന്ന മനുഷ്യന്‍. അതായിരുന്നു റസാക്ക്ക്ക, എന്റെ അത്ഭുതം ഇതൊന്നുമല്ല. ഇത്ര ‘ജോവിയല്’ ആയിരുന്ന ആ മനുഷ്യന്‍ എങ്ങനെയാണ് ഇത്രയും ആധികളെ ഉള്ളിലൊളിപ്പിച്ച് നടന്നിരുന്നത്… നടന്നു മറഞ്ഞത്…

ജനുവരി പന്ത്രണ്ടാം തീയതി രാവിലെ പതിഞ്ഞ ശബ്ദത്തില്‍ ആരോ ആ മരണവിവരം അറിയിച്ചു. പിറ്റെന്ന് രാത്രി, എയര്‍പോര്‍ട്ടില്‍ നിന്ന് മയ്യത്ത് വീട്ടിലെത്തിക്കും വഴി ഇടക്കു കുന്നംകുളം പള്ളിയില്‍ വെച്ച് മയ്യത്ത് കൊണ്ടുവന്ന പെട്ടി തുറന്നു. ചെറിയ പുഞ്ചിരിയോടെ കിടക്കുന്ന റസാക്കാടെ മുഖം കണ്ടു. അല്ലെങ്കിലും ചിരിച്ചിട്ടല്ലാതെ അദ്ദേഹത്തിനെ കണ്ടിട്ടുമില്ലായിരുന്നു. മയ്യത്ത് കൊണ്ടുവന്ന ആംബുലന്‍സില്‍ ഞാനും റഫീക്കും കയറി. കൊച്ചനൂരെത്തും വരെ ജീവിതത്തിന്റെ ക്ഷണികതെയെ കുറിച്ച് നിശബ്ദമായി ചിന്തിച്ചു… വണ്ടിയില്‍ തങ്ങി നിന്നിരുന്ന മയ്യത്ത് എബാം ചെയ്യുമ്പോള്‍ പുരട്ടിയ മരുന്നുകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും രൂക്ഷഗന്ധം…, മരണത്തിന്റെ ഗന്ധം ..,

വീടെത്തി…

രാത്രി പത്ത് കഴിഞ്ഞിരിക്കുന്നു. മയ്യത്തിനെ പ്രതീക്ഷിച്ചു നില്ക്കുന്ന പുരുഷാരം. മോഹങ്ങളും പ്രതീക്ഷകളുമായി ഒരിക്കല്‍ കൂടി കടല്‍ കടന്നു പോയ ഒരാളുടെ തിരിച്ചുവരവാണ്…

മയ്യത്ത് പൊതുദര്‍ശനത്തിന് വെച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പരേതന് അന്ത്യോപചാരമര്‍പ്പിച്ചു കഴിഞ്ഞു. ഇനി വീട്ടുകാരാണ്… മുള ചീന്തും പോലുള്ള ശബ്ദത്തില്‍ ഒരു കരച്ചില്‍ കേട്ടു…റസാക്കാടെ ചെറിയ മോളാണ്. കഴിഞ്ഞ പെരുന്നാളിന് ആ വീട്ടില്‍ ഉണ്ടായിരുന്ന ആഘോഷങ്ങള്‍ കണ്ടതോര്‍ത്തു. കമ്പിപൂത്തിരികള്‍..കുട്ടികളോടൊത്ത് ആഹ്ലാദ പ്രഹര്‍ഷങ്ങളോടെ റസാക്ക്ക്ക…

ഖബറിസ്ഥാനിലേക്ക്..

വീണ്ടും മയ്യത്തിനോടൊന്നിച്ച് ആംബുലന്‍സില്‍ ‍. ഞാനും റഫീക്കും തലഭാഗത്തായിട്ടിരുന്നു. വണ്ടി വളരെ പതുക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. പള്ളിയിലേക്ക് തിരിയുന്ന വഴിക്ക് മയ്യത്ത് ചെരിയാതിരിക്കാന്‍ ചുമലില്‍ പിടിച്ചു. തണുത്തുപൊയിരുന്ന ചുമലുകള്‍ ..ആ തണുപ്പ് എന്റെ വിരലുകളിലൂടെ സഞ്ചരിച്ച് കാലിന്റെ പെരുവിരലിലൂടെ താഴോട്ടിറങ്ങി..

രാത്രി പന്ത്രണ്ട് മണി. ജനാസ നമസ്കാരം കഴിഞ്ഞു… ഇനി ആറടി ആഴത്തിലേക്ക്…

ഖബറിലേക്കെടുത്തു വെച്ച മയ്യത്തിനു മേല്‍ എല്ലാവരും പച്ചമണ്ണ് വാരിയിടുന്നു. മൊയ്തീന്‍കുട്ടിക്ക ചൊല്ലിതരുന്ന പ്രാര്‍ത്ഥനകള്‍ എല്ലാവരും ആവര്‍ത്തിക്കുന്നു. പുറകില്‍ നിന്ന് കുറച്ച് മാറി ഒറ്റതിരിഞ്ഞ ഒരു വിതുമ്പല്‍ കേട്ടു. പിന്നെയത് പതുക്കെ ഉച്ചത്തിലുള്ള തേങ്ങലുകളായി മാറി. റസാക്കാടെ ഏതോ സുഹൃത്താണെന്നു തോന്നുന്നു. മരണം എന്തിനെയൊക്കെയാണ് അനാഥമാക്കുന്നത്…

സ്’നേഹത്തിനെ…
വാത്സല്യത്തിനെ…
സൌഹൃദത്തിനെ…
അങ്ങനയങ്ങനെ എന്തിനെയൊക്കെ…

തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ ആ പാട്ട് ഓര്‍മ്മ വന്നു.
“മുസാഫിർ ഹൊ യാരൊ…”
അതെ
എല്ലാവരും യാത്രക്കാരാണ്…
ഇടതാവളത്തിലിറങ്ങി
ദൈവത്തിലേക്ക് മടങ്ങുന്ന യാത്രികര്‍….

5 thoughts on ““മുസാഫിര് ഹൊ യാരൊ…”

 1. yes,all are travellers…
  some deaths are shockings…effect of shockings reveals us how we deeprooted to this duniya…and again we turn to this greedy world..with our busy life…man like to forget these feelings.This POST again gained feelings of aftershocks….as quran said”qullu nafsu dahikattul mout”-every souls will taste death

 2. I am speechless.
  You people are expressing your feelings in a nice way which is touching.RAZAK IKKA passes away leaving a void that no one else is able to fill.
  Let us pray to Allah to have mercy upon the deceased and grant patience to us in general and to his family in particular to bear the loss.

  P A SALEEM
  KOCHANOOR

 3. ചിലര്‍ മഴ പോലെയാണ്’. ചിലപ്പോള്‍ ചാറ്റലായും, ലാസ്യമായ് പെയ്തും, പൊട്ടിച്ചിരിപോലെ ചിതറി പെയ്തും അവസാനം മിഴിയില്‍ നിന്നുതിര്‍ന്ന ജലകണം പോലെ നോവു പടര്‍ത്തി നമ്മോട് വിട ചൊല്ലുന്നു. റസ്സാഖ്ക്ക ചിരിച്ചും ചിരിപ്പിച്ചും നമ്മുടെ ഹൃദയത്തില്‍ നോവിന്റെ എന്തോ ഒന്ന് കോറിയിട്ടുകൊണ്ട് സ്വയം ചിരിച്ചു യാത്രയായി. ദൈവം തമ്പുരാന്‍ അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കികൊടുക്കുമാറാകട്ടെ.

  ആമീന്‍

 4. raskkade koode samsarikkunnthum idapzkunnthum orunimisham kanniloode kadannu pokunnu. mujeebinte vivaranam ente manssine pidichulakkunnu.

 5. mujeebe…….orupadu nanni.kuwaitil vechu rasakkayodu orupadu adukkan kazinju.orupadu sankadangal ullil othuikkivechu happiyayi nadakkukyayirunnu.ninte vivaranathiloode kalikkanvarunnakalam orthupokukayanu.ninakku nanni.

Leave a Reply

Your email address will not be published. Required fields are marked *