ബഷീറിന്റെ സവിധത്തിൽ ഇത്തിരി നേരം

ബഷീർ അന്തരിക്കുന്നതിന് ഏതാണ്ട് രണ്ടു വർഷം മുമ്പായിരുന്നു ആ സംഭവം.

പുസ്തകങ്ങൾ വായിച്ച് ആരാധനമൂത്ത്, ബഷീറിനെ കാണുക എന്നത് ജീവിതാഭിലാഷമായി മാറിയ കാലം. ആത്മസുഹൃത്ത് റഷീദിനോട് ഞാനീ ആഗ്രഹം ഇടക്കിടെ പറയുമായിരുന്നു. ബഷീറിന്റെ ബാല്യകാലസഖി എന്ന കഥ ശശികുമാറിന്റെ സംവിധാനത്തിൽ പണ്ട് സിനിമയാക്കിയപ്പോൾ (അത് പിന്നീടൊരിക്കൽ കൂടി സിനിമയാക്കപ്പെടുകയുണ്ടായി) അന്ന് സഹസംവിധായകനായി പ്രവർത്തിച്ച ഹമീദ് കാക്കശ്ശേരി, റഷീദിന്റെ സുഹൃത്തായിരുന്നു. റഷീദ് മുഖാന്തിരം അദ്ദേഹം എന്റെയും സുഹൃത്തായിത്തീർന്നിരുന്നു. സിനിമാസംരഭവുമായി ബന്ധപ്പെട്ട് ബഷീറുമായി സഹവസിച്ച അനുഭവം ഹമീദ് കാക്കശ്ശേരിക്കുണ്ട്. ഹമീദിന്റെ ഉറ്റ സുഹൃത്ത് അന്ന് വാരാദ്യമാധ്യമത്തിന്റെ എഡിറ്ററായിരുന്ന ജമാൽ കൊച്ചങ്ങാടി എന്ന എഴുത്തുകാരൻ ബഷീറിന് ദത്തുപുത്രനെപ്പോലെയായിരുന്നു. ഈ രണ്ട് പേരുടേയും ബഷീർസൗഹൃദത്തിന്റെ നൂലേണിയിൽ പിടിച്ചുകയറി ബേപ്പൂർ സുൽത്താന്റെ അരമനയിൽ കയറിപ്പറ്റാൻ ഒരു പദ്ധതി ഞങ്ങൾ തയ്യാറാക്കി. അതുപ്രകാരം തെക്ക് കൈപ്പമംഗലത്തുനിന്ന് ഹമീദ്ക്കയേയും മറ്റൊരു സുഹൃത്ത് കെരീമിനേയും വണ്ടിയിൽ കയറ്റി റഷീദ് ഒരു ദിവസം എന്റെ മുറ്റത്ത് പ്രത്യക്ഷനായി.

അന്ന് എനിക്ക് നേരിയ പനിയുണ്ടായിരുന്നു. അത് കാര്യമാക്കാതെ ഞാനും കാറിൽ കയറി യാത്രയായി. വെള്ളിമാട് കുന്നിൽ മാധ്യമം ഓഫീസിൽ ചെന്ന് ജമാൽ കൊച്ചങ്ങാടിയെ കൂട്ടി തിരികെ കോഴിക്കോട് വന്ന് അളകാപുരിയിൽ റൂമെടുത്ത് തങ്ങി. മരം എന്ന പ്രകൃതി സംബന്ധിയായ പ്രസിദ്ധീകരണത്തിന്റെ പ്രത്രാധിപർ വടേരി ഹസ്സൻ, ബാബുരാജിന്റെ ടീം അംഗമായിരുന്ന തബലിസ്റ്റ് അപ്പുകുട്ടൻ , ഗായകൻ സീറോ ബാബു എന്നിവരൊക്കെ ഹമീദ്ക്കയുടേയും ജമാൽക്കയുടേയും ക്ഷണപ്രകാരം അളകാപുരിയിലെത്തി. അളകാപുരിയുടെ സഹൃദയനായ മാനേജറുടെ കനിവിൽ അവിടത്തെ ഒരു ചെറു ഹാൾ മെഹ്ഫിൽ നടത്താനായി ഒരുക്കപ്പെട്ടു. സീറോബാബുവിനെക്കൂടാതെ വേറെയും ചില ഗായകന്മാരും സംഗീതോപകരണങ്ങളും വന്നെത്തി. ബാബുരാജിന്റെ പാട്ടുകളും മാപ്പിളപ്പാട്ടുകളുമായി രാത്രി മൂന്നുമണിവരെ സംഗീതസഭ സജീവമായി.

പിറ്റേന്ന് ഇത്തിരി വൈകിയുണർന്ന് കുളിച്ചു റെഡിയായി ഞങ്ങൾ അഞ്ചുപേരും കൂടി ബേപ്പൂരിലേക്ക് പുറപ്പെട്ടു. വഴിയിൽ ഒരു കടയിൽ നിന്ന് നല്ല മാമ്പഴം കുറച്ച് വാങ്ങി കയ്യിൽ കരുതിയിരുന്നു. മെയിൻ റോഡിനരികിൽ കാറു നിർത്തി. ഇരു വശവും മുള്ളുവേലികെട്ടിയ ഉയർന്ന പറമ്പുകൾക്കിടയിലെ ഇടവഴിയിലൂടെ നടന്നെത്തണമായിരുന്നു അന്ന് വൈലാലിൽ വീട്ടിലേക്ക്. സുൽത്താനെ കാണാനുള്ള വെമ്പലോടെ മാമ്പഴസഞ്ചിയും തൂക്കി ഇടവഴിയിലൂടെ നടന്നു.

വൈലാലിൽ എന്ന് മുദ്രണം ചെയ്ത ഇരുമ്പ് ഗേറ്റ് പാതി തുറന്നുകിടപ്പുണ്ടായിരുന്നു. ഓടിട്ട ഇടത്തരം വീടിന്റെ വരാന്തയിൽ തിണ്ണയിലേക്ക് ഒരു കാൽ മടക്കികയറ്റിവെച്ചിരുന്ന് കുനിഞ്ഞിരുന്ന് എന്തോ എഴുതുകയാണ് സാക്ഷാൽ വൈക്കം മുഹമ്മത് ബഷീർ. ഗേറ്റിൽ ആളനക്കം അറിഞ്ഞ് അദ്ദേഹം നിവർന്നിരുന്ന് സൂക്ഷിച്ചുനോക്കി.

മുന്നിൽ ജമാൽ കൊച്ചങ്ങാടിയെ കണ്ട് തിരിച്ചറിഞ്ഞ് മറ്റുള്ളവരെയൊന്നും ശ്രദ്ധിക്കാതെ ചീത്തവിളി തുടങ്ങി. “നിനക്കിങ്ങോട്ടുള്ള വഴിയൊക്കെ അറിയുമോ? എവിടെയയിരുന്നു നീ. നിനക്ക് ഇടക്കിടെ ഒന്ന് വന്നാലെന്താ?” എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ പരാതികൾ. “ഒത്തിരി നാളായി ആ വഴിക്ക് പോയിട്ട്, ചെന്നാൽ നല്ല ചീത്ത കേൾക്കാം” എന്ന് കാറിൽ വെച്ച് തന്നെ ജമാൽക്ക പറഞ്ഞിരുന്നതിനാൽ അമ്പരപ്പൊന്നുമില്ലാതെ ഞങ്ങൾ ആ ചീത്തവിളി ആസ്വദിച്ച് നിന്നു.

പരാതി പറച്ചിൽ നിർത്തി അദ്ദേഹം ഞങ്ങളെ ശ്രദ്ധിച്ചു. ജമാൽക്ക എല്ലാവരേയും പരിചയപ്പെടുത്തി. എല്ലാവരോടും കയറിയിരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം അകത്തേക്ക് ഫാബിയെ നീട്ടി വിളിച്ചു. വാതിൽക്കൽ മുഖം കാണിച്ച ഫാബിബഷീറിനോട് മാങ്ങയെടുത്ത് അകത്തേക്ക് വെയ്ക്കാനും ചായയുണ്ടാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

ബഷീർ ക്ഷീണിതനായിരുന്നു. ആസ്ത്മയുടെ അസുഖം അദ്ദേഹത്തെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. മാങ്കോസ്റ്റയിൻ മരചോട്ടിലെ തണലും, പാട്ടുപെട്ടിയും, സുലൈമാനി നിറച്ച ഫ്ലാസ്ക്കും ,അവയ്ക്കരികിലെ ചാരുകസേരയിലെ പ്രസിദ്ധമായ ഇരിപ്പും താൽക്കാലികമായെങ്കിലും നിർത്തി അദ്ദേഹം ഉമ്മറക്കോലായിലേക്ക് ഒരുങ്ങിക്കൂടിയിരുന്നു.

എന്നിട്ടും കാണാൻ വന്നവരെ നിരാശപ്പെടുത്താതെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ഇടക്കിടെ തിണ്ണയിൽ ഇരുകൈകളുമൂന്നി വിഷമിച്ച് ദീർഘമായി ശ്വാസമെടുത്തുകൊണ്ടിരുന്നു. ആയിടെ ആരുടേയോ നിദ്ദേശപ്രകാരം കഴിച്ച ഒരു ഹോമിയോ മരുന്നിന്റെ വിപരീതഫലം മൂലം ഉമിനീർ ഉൽപ്പാദനം വർദ്ധിക്കയാൽ കൂടെക്കൂടെ തുപ്പിക്കൊണ്ടിരുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാനിരുന്ന ബഷീറിന്റെ സമ്പൂർണ്ണകൃതിക്ക് പ്രീ പബ്ലിക്കേഷനായി ബുക്ക് ചെയ്തവർക്കുള്ള കോപ്പികളിൽ പതിച്ചുവെക്കാനായി ഒരു കെട്ട് കടലാസ് ചീളുകളിൽ ഒപ്പിട്ടുകൊണ്ടിരിക്കയായിരുന്നു അദ്ദേഹം.

എല്ലാ ശാരീരിക വിഷമതകൾക്കിടയിലും സംസാരത്തിനിടയിൽ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മോക്തികൾക്ക് പിശുക്കൊന്നുമുണ്ടായിരുന്നില്ല. കണ്ണുകളിൽ കുസൃതി കളിയാടിക്കൊണ്ടിരുന്നു. നിരവധി വിഷയങ്ങളെക്കുറിച്ച് പണ്ഡിതോചിതമായ വിലയിരുത്തലുകൾ, നിരീക്ഷണങ്ങൾ.. സംസാരിച്ച്കൊണ്ടിരിക്കെ സമീപത്തെ പള്ളികളിൽ നിന്ന് ബാങ്കുവിളികളുയർന്നു. ഉടനെ അതിനെപ്പറ്റിയുള്ള തന്റെ വീക്ഷണം അദ്ദേഹം പ്രകടിപ്പിച്ചു. “എന്തിനാണിങ്ങനെ എല്ലാ പള്ളിയിൽ നിന്നും മൈക്ക് വെച്ച് ബാങ്ക് കേൾപ്പിക്കുന്നത്. ഏതെങ്കിലും ഒരു പള്ളിയിൽ നിന്ന് മൈക്കിലും ബാക്കിയുള്ളവർ മൈക്കില്ലാതെയും ബാങ്ക് വിളിച്ചാൽ ശരിയാവില്ലേ”

അനുവാചകമനസ്സിൽ ഗാഡമായി മുദ്രിതമായിക്കഴിഞ്ഞ നിരവധി കഥാപാത്രങ്ങളെ സൃഷിച്ച, ഭാഷയിൽ നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധി ശൈലീവിശേഷങ്ങൾ വിരിയിച്ച എഴുത്തിന്റെ സുൽത്താനെ ഒരു സ്വപ്നത്തിലെന്നവണ്ണം കണ്ട്കൊണ്ടിരുന്നു. അദ്ദേഹത്തിന് കാത് കൊടുത്തുകൊണ്ടിരുന്നു. ചിന്തിപ്പിക്കുന്ന ആശയങ്ങളും അനുഭവവിവരണങ്ങളുമായി എത്രയോ മോഹിച്ച കൂടിക്കാഴ്ച്ച തുടരവെ അദ്ദേഹത്തിന്റെ മാറുന്ന മുഖഭാവങ്ങളും അംഗവിക്ഷേപങ്ങളും സാകൂതം നോക്കിനോക്കിയിരുന്നു. ഇതൊരപൂർവ്വ അവസരമാണെന്ന് അന്നേ മനസ്സ് മന്ത്രിച്ചിരുന്നു.

ഞങ്ങളുടെ സന്ദർശനത്തിനു തലേ ദിവസം ടെലിവിഷനുവേണ്ടി ഫീച്ചർ തയ്യാറാക്കാനെത്തിയവരൊത്ത് ഫ്ലാഷ് ലൈറ്റിന്റെ കടുത്ത ചൂട് സഹിച്ച് മണിക്കൂറുകൾ കഴിയേണ്ടിവന്നതിനാൽ ഞങ്ങളുടെ കൈവശമുള്ള വിഡിയോ കേമറ പ്രവർത്തിപ്പിക്കാൻ ആദ്യത്തിൽ അദ്ദേഹം അനുവദിച്ചില്ല. പിന്നീട്, ഫ്ലാഷ് ഇല്ലാത്ത തരം കേമറയാണെന്ന് ജമാൽക്ക ശുപാർശ ചെയ്തപ്പോൾ “ എന്നാ ശകലം എടുത്തോ” എന്ന് അദ്ദേഹം ഉദാരനായി.

താമ്രപത്രമുൾപ്പടെയുള്ള പുരസ്ക്കാരങ്ങളും നിരവധി ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന സ്വീകരണമുറിയിലും, എഴുത്തിലൂടെ പുകൾപെറ്റ മാങ്കോസ്റ്റയിൻ മരച്ചോട്ടിലും കാട്പിടിച്ച്കിടക്കുന്ന പുരയിടത്തിലും ചുറ്റി നടന്ന് മണിക്കൂറുകൾക്ക് ശേഷം നിറഞ്ഞ മനസ്സോടെ, രോഗാതുരനായ അദ്ദേഹത്തെ കൂടുതൽ നേരം സംസാരിപ്പിക്കുന്നത് ഉചിതമല്ലെന്ന ബോധത്തോടെ അറിവിന്റേയും അനുഭവങ്ങളുടേയും പ്രതിഭയുടെയും ആ അശ്വത്ഥച്ഛായയിൽ നിന്ന് ഞങ്ങൾ യാത്ര ചോദിച്ചിറങ്ങി.

ബഷീറിനെ സംബന്ധിച്ച്, അദ്ദേഹം സൃഷ്ടിച്ചുവെച്ച, മലയാളമുള്ളിടത്തോളം മരണമില്ലാത്ത കഥാപാത്രങ്ങളെക്കുറിച്ച് ഒക്കെ വിശദീകരിച്ചെഴുതാൻ ഞാൻ മുതിരുന്നില്ല.. അദ്ദേഹത്തിന്റെ യശസ്സിനോട് നീതിപുലർത്തി എഴുതാൻ എന്നെപ്പോലെ ഒരാൾ പോരാ എന്ന തിരിച്ചറിവുണ്ട്.

ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കപ്പെടുന്ന ഈ ദിനത്തിൽ, പണ്ടത്തെ ഒരു ചിത്രം ഉണർത്തിയ ഓർമ്മയിൽ ഇത്രമാത്രം കുറിച്ചിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *