പാലക്കുഴിയുടെ വിലാപം.

പാലക്കുഴി എന്നും മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ ഉണര്‍ത്തി. തെങ്ങിന്‍തോപ്പും നെല്‍പാടവും സമൃദ്ധി വിളഞ്ഞിരുന്ന കാലം. മണ്ണിന്റെ ഗന്ധമറിഞ്ഞ മനുഷ്യമനസ്സ് അന്ന് നന്മ കൊണ്ട് സമൃദ്ധമായിരുന്നു. സന്ധ്യായാമത്തില്‍ ഒത്തുകൂടുന്ന സൌഹൃദം അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പ് പാലക്കുഴിയിലെ പാലമരച്ചുവട്ടിലേക്ക് പടര്‍ന്നു.

പാലമരച്ചോട്ടില്‍ കഥ പറഞ്ഞിരുന്ന പുരുഷാരം സന്ധ്യ മയങ്ങിയിട്ടും, പാതിരാവടുത്തിട്ടും പിരിഞ്ഞില്ല. മതിതീരുവോളം കഥ പറഞ്ഞു. കൊതിതീരുവോളം കേട്ടിരുന്നു. ദിനവും കൂട്ടുപിരിയുന്ന അവരുടെ നെഞ്ചില്‍ ഒരു വേര്‍പ്പാടിന്റെ നൊമ്പരമെരിഞ്ഞിരുന്നു.

ത്വരിത വികസനം സമീപ പ്രദേശങ്ങളുടെ ഘടന മാറ്റിയപ്പോള്‍ തലമുറക്കു ചരിത്രസാക്ഷിയായ പാലക്കുഴി മാത്രം ഗ്രാമത്തിന്റെ മുഖം മാറാതെ നിന്നു. യുവത്വം സ്വപ്നങ്ങള്‍ കൂട്ടിവെക്കുന്ന കാലം. പാലക്കുഴിയിലെ പാലമരച്ചില്ലക്കിടയിലൂടെ കണ്‍മിഴിച്ച നക്ഷത്രങ്ങളെ പുലരുവോളം നോക്കിക്കിടന്ന രാത്രികള്‍, പച്ചവിരിച്ച നെല്‍പാടങ്ങള്‍, തഴുകിയ ഈറന്‍ സന്ധ്യകള്‍, പൂനിലാവ് പുതച്ച വൃശ്ചിക രാത്രികള്‍ യഥേഷ്ടം അലഞ്ഞു നടന്ന തീരം.

സ്നേഹിച്ച മനസ്സുകള്‍ തമ്മില്‍ യാത്ര പറഞ്ഞു. ലോകത്തിന്റെ പലദിക്കിലേക്കു പിരിഞ്ഞു. അറേബ്യന്‍ മണലാരുണ്യത്തിലേക്കു കുടുംബം വിട്ടു പോയവര്‍ എല്ലാം വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമകളായില്ല.

ഏറെയും ഉപജീവനത്തിന്റെ ഇരതേടിയ യാത്രകള്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെട്ട് ഒരു സമൂഹം നടപ്പാക്കിയ വ്യവസ്ഥിതിയുടെ ഒഴുക്കിനൊത്ത് നീങ്ങാനുള്ള കഠിനപ്രയത്നം.

ഗള്‍ഫ് സമ്പത്തിന്റെ വെളിച്ചം നാട്ടിലും നാട്ടിന്‍പുറങ്ങളിലുമെത്തി. ജീവിത രീതിയില്‍ വ്യക്തമായ സ്വാധീനം ചെലുത്തി. ആവശ്യങ്ങളും ആചാരങ്ങളും പെരുകി. അറിയാതെ കൈവന്ന അനുഗ്രഹങ്ങള്‍, സുഖസൌകര്യങ്ങള്‍, സര്‍വ്വൈശ്വര്യങ്ങള്‍ അനിയന്ത്രിതമായി നാം ലോകത്തെ വിസ്മരിച്ചു. അനന്തരം തമ്മില്‍ മിണ്ടാത്ത ബഹളം വെക്കുന്ന, ഒരു സമൂഹം രൂപപ്പെട്ടു. കഥയും ചരിത്രവും ഇല്ലാത്ത പുതിയ തലമുറ.

നടപ്പാക്കിയ നയങ്ങളിലെ പാളിച്ച ജീവന്റെ നിലനില്‍പ്പിന്നാധാരമായ കാര്‍ഷിക മേഖല തകര്‍ത്തു. ഗ്രാമീണ ജീവിതത്തിന്റെ താളം പിഴച്ചു. വിളവ് തന്ന വയലുകൾ തരിശു നിലങ്ങളായി. ഒരുനാൾ സമൃദ്ധി തന്ന കേരവൃക്ഷം അതിന്റെ പരിപാലനം ഇന്ന് കർഷകന്റെ തീരാബാധ്യത. ദീർഘമായ പ്രവാസജീവിതത്തിന് വിരാമമിട്ട് പലരും നാട്ടിലെത്തി. വിരഹിത ജീവിതത്തിന്റെ നോവുപേറിയ മരുഭൂമിയിലെ രാപ്പകലുകളിൽ മധുരസ്മരണകൾ മാത്രം തന്ന പാലക്കുഴിയുടെ നിജസ്ഥിതി കണ്ട് ഖേദിച്ചു.

കാത്തിരിപ്പും, കൂടിക്കാഴ്ചയും ഇല്ലാത്ത പുത്തൻ ജ്ജീവിത രീതിയിൽ വേരറ്റ സൌഹൃദം വിജനമാക്കിയ ഓർമ്മകളുടെ തീരം. തണൽ തന്ന പാലമരം കടപുഴകി.

ആ ഇടം സ്മരണയിൽ പാലക്കുഴിയായി. പിന്നെ കുഴിനികത്തി തീരങ്ങൾ കോർത്ത പാത, ചരിത്രങ്ങൾ വിസ്മരിച്ച കാലത്തിന്റെ യാത്ര. പ്രതീകമെന്നോണം സമീപം നട്ടുനനച്ച പാലമരത്തൈ തളിരിട്ടുനിന്നു. ആ പാലമരം വളർന്നു ആകാശം മുട്ടേ പടർന്നു പന്തലിക്കും.

ഷംസുവും, ഉമ്മറും, ബാലകൃഷ്ണനൂം, തങ്ങളും എല്ലാം ഒരിക്കൽ കടൽകടന്നെത്തും. അന്നേരം അവിടെ കഥപറയുന്ന, കഥ കേൾക്കുന്ന ഒരുകൂട്ടം മനുഷ്യരെ കാണും. അവരിൽ ഒരുവനായ് ആ പാലമരതണലിലെത്തി കഥ കേൾക്കാൻ ഇന്നും ഞങ്ങൾക്കൊരുപാട് മോഹം.

Leave a Reply

Your email address will not be published. Required fields are marked *