നാട്ടുവഴിയിലൂടെ…

രംഗം ചുട്ട ക്ലൈമാക്സിലേക്ക് കത്തിക്കയറുകയായിരുന്നു: രോഷകുലനായ യുവാവിന്നു (എളാപ്പ ഖാദര്‍) നേരെ, വൃദ്ധന്‍ (സുബ്രന്‍ മാഷ്) തോക്കു ചൂണ്ടാന്‍ മുതിരുന്നതേയുള്ളു. സൈഡുകര്‍ട്ടന്റെ മറവില്‍ നിന്ന് ഡയലോഗ് പറഞ്ഞ് കൊടുത്തിരുന്ന വല്ലാശേരി റസാക്ക് അപ്പോഴേക്കും പിറകിലേക്ക് സിഗ്നല്‍ കൊടുത്തു കഴിഞ്ഞു. സിഗ്നല്‍ കിട്ടേണ്ട താമസം, എപ്പഴേ തയ്യാറായി നിന്നിരുന്ന സഖാവ് ഹനീഫയുടെ ഉയര്‍ത്തിപ്പിടിച്ച ചുറ്റിക, ഏറുപടക്കത്തിലേക്ക് ആഞ്ഞുപതിച്ചു. ഒരു വല്ലാത്ത അലര്‍ച്ചയോടെ പടക്കം സൌണ്ട് ബോക്സിലൂടെ പൊട്ടി. കാണികള്‍ക്കൊപ്പം സ് റ്റേജിലെ വൃദ്ധനും യുവാവും ഞെട്ടിത്തെറിച്ചു. എങ്കിലും രംഗബോധം തിരിച്ചുപിടിച്ച് വൃദ്ധന്‍ തോക്കുചൂണ്ടി, കാഞ്ചിവലിച്ചു, നേരത്തെ നെഞ്ചത്ത് കെട്ടിവെച്ചിരുന്ന ചുവന്ന മഷി നിറച്ച ബലൂണ്‍ ഞെക്കിപ്പൊട്ടിച്ചു. രക്തം ഒലിപ്പിച്ച് കുഴഞ്ഞ് വീണു.

ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ കുളിച്ച സ്കൂള്‍ ഗ്രൌണ്ടില്‍, കാണികളുടെ കൂട്ടച്ചിരിയും കയ്യടിയും ഉയര്‍ന്നുപൊങ്ങി.

കൊച്ചനൂര്‍ അപ്സര ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു നാടകത്തിന്റെ രംഗങ്ങളാണത്. അഭിനേതാക്കളെല്ലാം നാട്ടുകാരും അയല്‍ഗ്രാമങ്ങളായ ചമ്മനൂരുകാരും ഞമനേങ്ങട്ടുകാരുമൊക്കെത്തന്നെ. ക്ലബ്ബിന്റെ രണ്ടുമൂന്നുമാസത്തെ കഠിനപ്രയത്നത്തിന്റെ കൂടി ക്ലൈമാക്സാണത്. നാടകം കഴിഞ്ഞ് നടിയേയും സാങ്കേതികക്കാരേയും കസേരക്കാരേയുമൊക്കെ പിരിക്കുമ്പോഴേക്കും ക്ലബ്ബ് ഭാരവാഹികളുടെ വാച്ചും മോതിരവുമല്ലാം അന്യാധീനപ്പെട്ടിരിക്കും.

….. ഇതൊക്കെ കൊച്ചനൂരിന്റെ പഴയ കഥ. എല്ലാ ഗ്രാമങ്ങളുമെന്ന പോലെ കൊച്ചനൂരും നാടകത്തെ മറന്നു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും നിന്നു. ചെറുപ്പക്കാരധികവും ഗള്‍ഫിലേക്ക് കുടിയേറി. കലാപ്രവര്‍ത്തനങ്ങളും നിലച്ചു.

തെങ്ങും നെല്ലും ലാഭമല്ലാതായതോടെ തികഞ്ഞൊരു കാര്‍ഷിക ഗ്രാമമായിരുന്ന കൊച്ചനൂരും ചലനമറ്റു. ഗള്‍ഫില്‍ നിന്നെത്തുന്ന ഡ്രഫ്റ്റുകളെ മാത്രം ആശ്രയിച്ച് ഇപ്പോള്‍ ഇതാ, ഈ ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നു.

കുന്ദംകുളത്തുനിന്നും ഏഴുകിലോമീറ്റര്‍ പടിഞ്ഞാറ്, വടക്കേക്കട് പഞ്ചായത്തിലെ ഒരു കൊച്ചു ഊരാണ്’ കൊച്ചനൂര്‍. മദ്രാസ് പ്രവിശ്യക്ക് കീഴിലുണ്ടായിരുന്ന മലബാര്‍ പ്രദേശത്തിന്റെ അതിര്‍ത്തി ഗ്രാമം കൂടിയായിരുന്നു കൊച്ചനൂര്‍. തൊട്ടപ്പുറത്ത് കൊച്ചി ശീമ. അങ്ങോട്ടുമിങ്ങോട്ടും സാധനങ്ങള്‍ കടത്തി കൊണ്ടുപോവുന്നതിനു വിലക്കുകളുണ്ടായിരുന്നു.

അവരെ കയ്യോടെ പിടികൂടാന്‍ ചെക്ക് പോസ്റ്റും ചൌക്കിദാറുമാരുമുണ്ടായിരുന്നു. പിന്നീട് ഭാഷാടിസ്ഥാനത്തില്‍, ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു. മലബാര്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പെടുത്തി, ഇന്നത്തെ കേരളം നിലവില്‍ വന്നപ്പോള്‍ ചെക്ക്പോസ്റ്റും ചൌക്കിദാറുമാരും അപ്രത്യക്ഷരായി. പക്ഷെ ഒരു ചൌക്കിദാര്‍ മാത്രം പോയില്ല. ചൌക്കിദാര്‍ ബാപ്പു. ഇതിനകം തന്നെ ഇവിടന്ന് വിവാഹം കഴിക്കുകയും കുട്ടികളും കുടുംബവുമൊക്കെയായി കൊച്ചനൂരിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു ബാപ്പുക്ക.

കുഞ്ഞുട്ടികാടെ ചായക്കടയില്‍ ഇരുന്ന് ഉറക്കെയും പക്ഷെ തപ്പിത്തടഞ്ഞുമുള്ള ബാപ്പുക്കാടെ എക്സ്പ്രസ്സ് ദിനപ്പത്ര വായന കേട്ടാണ്’ ഈ ഗ്രാമമുണരുന്നത്. പാടത്ത് പണിക്ക് പോകുന്ന കൂലിപ്പണിക്കാരായ അപ്പുട്ടനും ചേന്ദനും അടിമയുമൊക്കെയാണ്” പ്രധാന ശ്രോതാക്കള്‍. ആറുമണിയോടെ ബാലകൃഷണ്‍ ബസ്സ് കുന്ദംകുളത്തേക്ക് പോകുമ്പോള്‍ ബാപ്പുക്ക തന്റെ കറുത്ത ബാഗുമായി അതില്‍ കയറിക്കൂടും. കൂലിപ്പണിക്കാര്‍ അന്നന്നത്തെ പണിസ്ഥലങ്ങള്‍ അന്വേഷിച്ച് കൈകോട്ടും തോളില്‍ വെച്ച് യാത്രയാവുന്നു.

അപ്പോഴേക്കും മാമുണ്ണിയുടെ പെട്ടിക്കട തുറക്കും. പിന്നെ അബ്ദുക്ക, അന്ത്രയമുക്ക, മൊയ്തുക്ക എന്നിവരുടെ പലചരക്കു കടകളും, ക്ലബ്ബുമുറിയോടു ചേര്‍ന്നുള്ള വാസോപ്പന്റെ ഇസ്തിരിക്കടയും തുറക്കുകയായി. കൊച്ചനൂരങ്ങാടി അതിന്റെ ആവര്‍ത്തനവിരസങ്ങളായ മറ്റൊരു ദിവസത്തിലേക്ക് നീങ്ങുകയാണ്’. തട്ടാന്‍ കുഞ്ഞോനേട്ടന്റെയും ടൈലര്‍ കുഞ്ഞോന്‍ക്കാടേയും കടകള്‍ തുറക്കുന്നതോടെ ശബ്ദമുഖരിതമാകുന്ന കവല, മീന്‍കാരന്‍ മൊയ്തുക്കാടെ താളാത്മകമായ കൂവലും കൂടി ചേരുമ്പോള്‍ പൂര്‍ണ്ണതയിലെത്തും.

കൊച്ചനൂരിന്റെ അന്നത്തെയും ഇന്നത്തേയും ഏക ആരോഗ്യപരിപാലന കേന്ദ്രം ബാലന്‍വൈദ്യരുടെ ആര്യവൈദ്യശാലയാണ്’. ബാലന്‍വൈദ്യരുടെ കൈതൊട്ടാല്‍ മാറാത്ത അസുഖങ്ങളൊന്നുമില്ലെന്ന് നാട്ടുകാര്‍ പരക്കെ വിശ്വസിച്ചുപോന്നു. തീരെ നിവൃത്തിയില്ലെങ്കില്‍ കുന്ദംകുളത്തേക്കോ, തൃശ്ശൂര്‍ക്കോ വിരല്‍ ചൂണ്ടുന്നു ബാലന്‍ വൈദ്യര്‍.

ഈ ഗ്രാമത്തിന്റെ രണ്ടെ രണ്ടു പൊതു സ്ഥാപനങ്ങള്‍ സ്കൂളും പോസ്റ്റാഫീസും മാത്രമാണ്’. പഴമക്കാര്‍ പഴൂരെ സ്കൂള്‍ എന്നു വിളിക്കുന്ന ഈ ഗവണ്‍മെന്റ് ഹൈസ്കൂള്‍ രണ്ടു വര്‍ഷം മുമ്പ് പ്ലസ്റ്റു സ്കൂളായി ഉയര്‍ത്തി.

സര്‍ക്കാര്‍ ജോലിക്കാര്‍ വിരലിലെണ്ണാവുന്നവരെയുള്ളുവെങ്കിലും വിദ്യാഭ്യാസത്തിന്റെ ഉത്തുംഗതയിലെത്തിയവരും ഈ ഗ്രാമത്തിന്റെ മക്കളായുണ്ട്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ജിയോ-മഗ്നറ്റിസം ആന്‍ഡ് ഏറോണമിയുടെ വികസ്വരരാഷ്ട്രങ്ങളുടെ അദ്ധ്യക്ഷ പദവിവരെ അലങ്കരിച്ച സ് പേസ് സയന്റിസ്റ്റ് ഡോ: എം. എ. അബ്ദു, ഫിഖ് ഹ് സുന്ന എന്ന വിഖ്യാത മുസ്ലിം കര്‍മ്മശാസ്ത്ര ഗ്രന്’ഥ കര്‍ത്താവും മതപണ്ഡിതനുമായിരുന്ന ജ: ആലി മൌലവി, പ്രമുഖ വ്യവസായിയും സംഘാടകനുമായ കെ. പി. ഹമീദ് ഹാജി തുടങ്ങിയവരെ എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രസിദ്ധ സാഹിത്യകാരനായ ശ്രീ ഹനീഫ കൊച്ചന്നൂരും ഒട്ടനവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പ്രസിദ്ധ ഛായഗ്രാഹകന്‍ ശ്രീ ഖാദര്‍ കൊച്ചനൂരും ഈ ഗ്രാമത്തിന്റെ പുത്തന്‍ മിടിപ്പുകളാണ്’.

മതപരമായ അതിര്‍വരമ്പുകള്‍ പരസ്പരം മാനിച്ച് ഇവിടെ ഹിന്ദുക്കളും മുസ് ലീങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്നു. ഈ ഗ്രാമത്തിന്റെ ഉത്സവമായി കൊണ്ടാടുന്ന കപ്ലിയങ്ങാട്ട് ഭരണി അതിനൊരു മാതൃകയാണ്’. വെളിച്ചപ്പാട് വെളിച്ചപ്പെടണമെങ്കില്‍ തലയില്‍ കെട്ടുന്ന രണ്ട് മാപ്ലമാരെയെങ്കിലും കാണണമെന്നാണ്’ ഐതിഹ്യം. പണ്ട് മാഞ്ചിറക്കല്‍ നിന്ന് യാത്ര പുറപ്പെട്ട് കുടിയിരിക്കാന്‍ ഒരിടമില്ലാതെ വേവലാതിപൂണ്ട കപ്ലിയങ്ങാട്ടമ്മയെ കൂട്ടിക്കൊണ്ട് വന്ന് ഇന്നത്തെ കപ്ലിയങ്ങാട്ട് ക്ഷേത്രസ്ഥലത്ത് എത്തിച്ചുകൊടുത്തത് തലയില്‍ കെട്ടുള്ള ഒരു മാപ്പിളയായിരുന്നത്രെ. ഐതിഹ്യത്തിന്റെ നൂലാമാലകള്‍ അഴിക്കുന്നതിനേക്കാളും ആ സങ്കല്‍പ്പത്തിലെ സാഹോദര്യം ദര്‍ശിക്കാനാണ്’ ഇപ്പോഴും ഇവിടുത്തുകാര്‍ക്കിഷ്ടം. താലവും വേലയും ഭരണിയുമായി മൂന്നുദിവസം ഗ്രാമത്തിന്ന് ഉത്സവലഹരിയാവും.

വടക്ക്-കിഴക്ക് ചെറളിപ്പുഴയും, വടക്ക് കടപ്പായിപ്പാടങ്ങളും പടിഞ്ഞാറ്’ ആഞ്ഞിലക്കടവും തെക്ക് പാലക്കുഴി തോടും കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദീപാണ്’ ഈ ഗ്രാമം. പാലക്കുഴി തോടിന്റെ അപ്പുറത്ത് കാണുന്ന ആ ഒറ്റവീടുള്ള തറയാണ്’ ലാസര്‍ ഖൈമ. ലാസര്‍ എന്ന ബസ് ഡ്രൈവര്‍ വീടുവെച്ച് താമസിക്കുന്ന സ്ഥലം പിന്നീട് ലാസര്‍ ഖൈമയായി ഭവിച്ചതാണ്’. അതു പക്ഷെ ഈ നാട്ടുവഴികള്‍ക്കപ്പുറത്താണ്’. കൊച്ചനൂരില്‍ കൃസ്ത്യന്‍ പ്രാതിനിത്യമില്ല എന്നതാണ്’ വസ്തുത.

കൊച്ചനൂരിലെ മുസ് ലീങ്ങള്‍ ജനനം, മരണം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ സഹവര്‍ത്തിത്വത്തിലാണെങ്കിലും പ്രാര്‍ത്ഥനാപരമായ കാര്യങ്ങളില്‍ മൂന്നായി തിരിഞ്ഞാണ്’ ഇരിക്കുന്നത്. കേരളത്തിലെ പ്രബലമായ മൂന്നു വിഭാഗങ്ങള്‍ക്കും ഇവിടെ പള്ളികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അതിന്റേതായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും സാധാരണം. കേരളത്തിലെ ഒട്ടുമിക്ക മതപണ്ഡിതന്മാര്‍ക്കും ഈ ഗ്രാമം പരിചിതമാണ്’ താനും.

അതാ,…… ആ കുടയും ചൂടി, തലകുമ്പിട്ട് വരുന്നയാളെ മനസ്സിലായില്ലേ?…..അതേ…അബ്ദുമാഷ് തന്നെ. നാടന്‍ പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും ഞങ്ങള്‍ക്ക് മലയാള അക്ഷരങ്ങളുടെ രഹസ്യം പറഞ്ഞുതന്ന പ്രഥമ ഗുരുനാഥന്‍.

“കൊച്ചു ബാലരെ, വാഴനോക്കുവിന്‍, പൊക്കത്തില്‍ പൊടിച്ചുയര്‍ന്ന്,
കുലയും വന്നിതാ….”

കൈകള്‍ കൊണ്ട് മുദ്രണം കാണിച്ച് മാഷങ്ങിനെ ഞങ്ങളെ ക്ലാസ്സ് മുറിയില്‍ നിന്നിറക്കിക്കൊണ്ട് പോകുന്നതും മുറ്റത്തെ അരിനെല്ലിയുടേയോ, മാവിന്റെയോ ചുവട്ടില്‍ വട്ടത്തില്‍ ഇരുന്ന് കഥ പറയുന്നതും ഇന്നത്തെ ഡി.പി.ഇ.പി സമ്പ്രദായവുമൊക്കെ വരുന്നതിന്’ കാല്‍നൂറ്റാണ്ടിന്’ മുമ്പാണെന്നോര്‍ക്കുമ്പോള്‍, മാഷെ…. ഞങ്ങള്‍ താങ്കളെ തിരിച്ചറിയുന്നു. പ്രായം കുറെശെ കടന്നാക്രമിക്കാന്‍ തുടങ്ങുന്നുണ്ടെങ്കിലും മാഷിപ്പഴും നമ്മെ ഒര്‍മ്മയുടെ ചെപ്പില്‍ നിന്നും ചികഞ്ഞെടുക്കുന്നു.

“ആഹ്…ഹ… ങ്ങാ… നിന്നൊക്കെ അങ്ങിനെ മറക്കാന്‍ പറ്റ്വോടെ?…യ്യ്’പ്പൊ എവിടെയ്…നന്നാവണം…അള്ളാട് പ്രാര്‍ത്ഥിക്കണം”.

മാഷ്’ടെ വീട്ടില്‍ നിന്ന് ഈ മാട്ടമിറങ്ങിയാല്‍ ആ കാണുന്നതാണ്’ കൊച്ചനുകുളം. അവിടെയാണ്’ ഞങ്ങള്‍ കുട്ടികള്‍ മുങ്ങാംകുഴിയിട്ട് കുളിച്ചിരുന്നത്. ഒരു ഭാഗത്ത് കന്നുകാലികളെ തേച്ചുകുളിപ്പിക്കുന്ന അയ്യപ്പുവും ബാലനും മറുഭാഗത്ത് തുണിതിരുമ്പലും കുളിക്കലുമായി പെണ്ണുങ്ങള്‍. ഊളിയിട്ടും നീന്തിയും നിര്‍ത്താതെ മൂന്നുവട്ടം കുളം ചുറ്റിടുന്ന ഹസ്സന്‍കുട്ടി ഞങ്ങള്‍ക്കിടയില്‍ ഒരത്ഭുതമായിരുന്നു. ആ കൊച്ചനുകുളവും ഇപ്പോള്‍ ഞെങ്ങിചുരുങ്ങിവന്ന് അക്ഷരാര്‍ത്ഥത്തില്‍ കൊച്ചുകുളമായിരിക്കുന്നു.

കൊച്ചനുകുളത്തിന്റെ കാവല്‍കാരനെപ്പോലെ അപ്പുറത്തുകാണുന്ന ആ ഉയര്‍ന്ന സ്ഥലമാണ്’ മടത്തിലെ കാവ്. സത്യമുള്ള പല ദേവസര്‍പ്പങ്ങളേയും അവിടെത്തന്നെ കുടിയിരുത്തിയിട്ടാണത്രെ മുല്ല്യന്തറ മനക്കാര്‍ അവിടം വിട്ട് പോയത്.

കാവില്‍ നിന്ന്’ തെക്കോട്ട് നോക്കിയാല്‍ പച്ചപിടിച്ച നെല്‍പാടങ്ങള്‍ക്ക് മേലെ, തലയാടുന്ന തെങ്ങുകള്‍ക്കിടയില്‍ കാണുന്ന ചെത്തിത്തേക്കാത്ത ആ ചെങ്കല്‍ കെട്ടിടമാണ്’ കലല്‍ വെച്ച പീടിക. പണ്ടു കാലത്ത് ചാവക്കാട്ടങ്ങാടിയില്‍ നിന്ന്’ വഞ്ചിക്ക് അഞ്ഞൂര്’ വരെയും അവിടെന്ന്’ കാവിന്മേലും തലച്ചുമടുമായും പലചരക്ക് സാധനങ്ങള്‍ കൊണ്ടുവന്ന് കച്ചവടം നടത്തിയിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു കല്ല്വെച്ച പീടിക. തലച്ചുമടുകാര്‍ ധാരാളം പോയിരുന്ന പെരുവഴിയായ കാരണം ഇവിടെ ചിമടിറക്കിവെച്ച് ഒന്നാശ്വസിക്കാന്‍ ഒരു അത്താണിയും ഉണ്ടായിരുന്നു. കുന്ദംകുളത്തുനിന്നും കൊണ്ടുവന്ന ചുമട് ഈ അത്താണിയില്‍ ഇറക്കിവെച്ച് അതും ചാരിയിരുന്നാണത്രെ ഇബ്രാഹിംക്ക മരിച്ചത്. കല്ല്’വെച്ച പീടിക ഇന്ന്’ മമ്മിക്കാടെ വീടായി. പെരുവഴി, ടാറിട്ട റോഡായി വളര്‍ന്നപ്പോള്‍ അത്താണി ബലിയാടായി.

കല്ലുവെച്ച പീടികക്ക് തൊട്ട് തെക്ക് കാണുന്ന തറയാണ്’ പണ്ട് എട്ടുവീട്ടുകാര്‍ താമസിച്ചിരുന്ന എട്ടാംതറ. ഇന്നവിടെയും ജനനിബിഢമാണ്’. എട്ടാംതറയുടെ മൂലയില്‍ കരിയന്തടത്തില്‍ മറ്റൊരു തറയുണ്ട് അതാണ്’ കുപ്പടറ. തറയുടെ അടരുകള്‍ക്കിടയില്‍, ജനങ്ങളുടെ ഓര്‍മ്മകള്‍ക്കുമടിയില്‍ ചരിത്രത്തിന്ടെ ഒരു നിലവറയുണ്ട്. ആഴത്തിലാഴത്തില്‍ ചെന്നാല്‍ ഓരോ മണ്‍തരിയും ഓരോ അവശിഷ്ടങ്ങളും ബാലഭജ്ജികമാരയി കാണെക്കാണെ ഉയിര്‍ത്തുണരും. അവര്‍ പറയുന്നത് ചിലര്‍ക്ക് നാട്ടുചരിത്രം. ചിലര്‍ക്ക് ഐതിഹ്യം ചിലര്‍ക്ക് പഴങ്കഥ. ഈ ഐതിഹ്യ ‘ഓംലക്ക്’ന്റെ “നൂറ്റാണ്ടിന്റെ പുസ്തക”ത്തില്‍ ഒരു അദ്ധ്യായമാണ്’.

പണ്ട് എട്ടാംതറയിലെ കരപ്രമാണി വലിയ മൊ’യ്തു, അണ്ടത്തോട്ടുനിന്ന് കുറെ അടിമപ്പണിക്കാരെ കൊണ്ടുവന്നു. പലജാതിക്കാരും മതക്കാരുമായിരുന്ന അവരുടെ മൂപ്പനായിരുന്നു കുപ്പ. കുപ്പയുടെ തറയാണ്’ കുപ്പടറയായത്. എല്ലാ അഴകും പൂക്കാലവും തൊഴിലിന്നു കൊടുത്ത്, എല്ലാ അഴുക്കും വേനലും വാങ്ങുന്നവരുടെ ഓര്‍മ്മക്ക് കുപ്പ അവിടെ ഒരു കുങ്കുമം നട്ടു. അടിമകളുടെ സുഖദുഃഖങ്ങളാല്‍ നനക്കപ്പെട്ട ആ മരം തളിര്‍ത്തു, പൂത്തു. കണ്ണുകളില്‍ ഉദിക്കാത്ത, അസ്തമിക്കാത്ത നിത്യസന്ധ്യാരാഗം നിറച്ച് ആ മരം അടുത്ത കാലത്തോളം അവിടെയുണ്ടായിരുന്നു. ഇ. എം. എസ്. സര്‍ക്കാരിന്റെ പത്തുസെന്റ് നിയമം നടപ്പില്‍ വരുന്നതു വരെ.

അക്കൂട്ടത്തിലുണ്ടായിരുന്ന മൊയ്നപ്പന്റെ മകന്‍ ചക്കപ്പന്‍ നാട്ടുകാര്‍ക്ക് ഒരു ഐതിഹ്യമായിരുന്നു. ജീവിതത്തിലൊരിക്കലും മുടി മുറിക്കാത്ത ചക്കപ്പന്‍, മന്ത്രവാദിയും നാട്ടുവൈദ്യനും തെങ്ങുകയറ്റക്കാരനുമൊക്കെയായിരുന്നു. കരിയന്തടത്തിന്റെ രാത്രികളെ വിറകൊള്ളിച്ചിരുന്ന തെണ്ടാനും ഉഗ്രമൂര്‍ത്തിയായ പറക്കുട്ടിയും അദ്ധേഹത്തിന്റെ വിളിപ്പുറത്തായിരുന്നത്രെ. കൈകാലുകളിലെ നീരിന്ന് ചക്കപ്പന്റെ “കളടിയൂത്ത്” പ്രസിദ്ധമായിരുന്നു. കരിയന്തടത്തിലെ വമ്പന്‍ ആല്‍മരവും കൊച്ചുപാമ്പുകളെതിന്നു ജീവിച്ചുപോന്ന രാജവെമ്പാലയും ഉഗ്രമൂര്‍ത്തികളും ചക്കപ്പനും ഇന്ന് ഓര്‍മ്മകളും മിത്തുകളുമായി നാട്ടുമനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നാഴ്ന്ന് പോകാന്‍ തുടങ്ങുന്നു.

കരിച്ചാല്‍ കടവിലും, നിറയെ വള്ളികള്‍ ഞാന്ന് കിടക്കുന്ന ഒരു വയസ്സന്‍ ആല്‍മരമുണ്ടായിരുന്നു. പത്തിരുപത് കൊല്ലം മുമ്പൊരു പെരുമഴയില്‍ ആ മുത്തച്ചനും വിടപറഞ്ഞുപോയി. കടത്തുകാരി പുളിഞ്ചിരിത്തള്ളയുടെ വഞ്ചിക്ക് കൂവി, കാത്തു നില്‍ക്കുന്ന ഒത്തിരിപേരുടെ കിനാവുകള്‍ക്ക് മൂകസാക്ഷിയായിരുന്നു ആ മുതുമുത്തച്ചന്‍. ഇന്ന് കടവുമില്ല; കടത്തുതോണിയുമില്ല. പകരം ഇരു കരകളിലേക്കും കൈകാലുകള്‍ നീട്ടി വാര്‍പ്പുപാലം നീണ്ടുനിവര്‍ന്നു കിടക്കുന്നു.

 

(തുടരും)

അശ്റഫ് പേങ്ങാട്ടയില്‍
കൊച്ചനൂര്‍

5 thoughts on “നാട്ടുവഴിയിലൂടെ…

  1. മഠത്തിലെ കാവിലെ ദേവസര്‍പ്പങ്ങള്‍…അബ്ദു മാഷ്…
    ഫാന്റസിയും നൊസ്റ്റാള്‍ജിയയും ഇടകലരുന്ന വായനാനുഭവം.
    വിലയിരുത്താന്‍ ഞാന്‍ ആളല്ല.
    മാണിക്യ കൊച്ചനൂരിനെ നന്നായി അനുഭവിക്കാനാവുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *