തൂണുകളുടെ വേലായുധന്‍

യസ്സ് അന്‍പതിനോടടുക്കുന്നുവെങ്കിലും വേലായുധന്‍ ഒറ്റാന്തടിയാണ്. പെണ്ണുകെട്ടിയിട്ടില്ല. കുഞ്ഞുകുട്ടിപ്രാരബ്ധങ്ങളില്ല. പകലന്തിയോളം അദ്ധ്വാനിച്ചുകിട്ടുന്ന പണംകൊണ്ട് വേലായുധന്‍ സുഖമായി ജീവിക്കുന്നു.

തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തില്‍ കൊച്ചനൂര്‍ ചക്കിത്തറയിലാണ്` വേലായുധന്റെ വീട്. പഞ്ചായത്തില്‍ നിന്ന് വേലായുധന്റെ അമ്മ കോച്ചിക്ക് പത്തിരുപത് വര്‍ഷം മുമ്പു പതിച്ചുകിട്ടിയതാണ്` വീടുനില്‍ക്കുന്ന സ്ഥലം. വീട് എന്നു പറഞ്ഞെങ്കിലും അവിടെ നമ്മുടെ സങ്കല്‍പത്തിലുള്ള ഒരു വീട് കാണില്ല. ആ രണ്ടു സെന്റ് മുഴുവന്‍ കോണ്‍ക്രീറ്റ് പില്ലറുകളാണ്`. രണ്ടും നാലുമൊന്നുമല്ല ഇരുപത്തിനാലു പില്ലറുകളുണ്ടവിടെ. പില്ലറുകള്‍ക്കു ചുറ്റിലും ചെംമ്പരത്തിയും ആടലോടകവും വളര്‍ന്നു കാടായിരിക്കുന്നു. ഈ പില്ലറുകള്‍ തമ്മില്‍ മുളയും കവുങ്ങും കൂട്ടിക്കെട്ടി പാടിയുണ്ടാക്കി അതിനു മുകളിലാണ്` വേലായുധന്‍ കിടക്കുന്നത്. അടുക്കളയും ഓഫീസും പൂജാമുറിയുമുണ്ടവിടെ. പില്ലറുകള്‍ക്കു മുകളിലായി ഓലമേഞ്ഞ ഒരു മേല്‍ക്കുരയുമുണ്ട്. പണിതീരാത്ത പില്ലറിന്റെ കമ്പികള്‍ ഓലമേല്‍ക്കൂരക്കു മുകളിലൂടെ ആകാശം നോക്കിനില്‍ക്കുന്നു.

ഇത്രയധികം കോണ്‍ക്രീറ്റ് തൂണുകളെന്തിനാണെന്ന് ഞാന്‍ വേലായുധനോടു ചോദിച്ചു.
ചിരിച്ചുകൊണ്ടായിരുന്നു മറുപടി:
‘പുത്തന്‍തോടിന്’ കാവേരി നദിയുമായി ബന്ധമുണ്ട്. കാവേരി നദിക്ക് കടലുമായും. കടല്‍ കാവേരിനദിയിലൂടെ പുത്തന്‍തോട്ടിലേക്കു കടന്നാല്‍ തോടുവരമ്പു മുറിഞ്ഞ് പ്രളയമുണ്ടാകും. പ്രളയത്തില്‍ ഒലിച്ചുപോവാത്ത വീടിന്’ ചുരുക്കത്തില്‍ നൂറു പില്ലറെങ്കിലും വേണം. മുകളിലേക്ക് ഇരുപതടി, താഴേക്ക് അഞ്ചടി. അതാണ്’ കണക്ക്.’

ഒറ്റശ്വാസത്തിലുള്ള മറുപടിക്കു ശേഷവും വേലായുധന്റെ ചുണ്ടിലും കണ്ണിലും മങ്ങാത്ത ചിരി.

പുത്തന്‍തോട് ചക്കിത്തറയിലൂടെ പോവുന്നൊരു വെള്ളച്ചാലാണ്’. ഇന്നു നാലഞ്ചു മീറ്റര്‍ മാത്രം വീതിയുള്ള ഈ തോട് പണ്ട് മലബാറിനേയും കൊച്ചിയേയും വേര്‍തിരിച്ചുനിര്‍ത്തുന്ന അതിര്‍ത്തിരേഖയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കര്‍ക്കിടകത്തില്‍ തോടുവരമ്പ് മുറിഞ്ഞ് ചക്കിത്തറയിലെ വീടുകളിലൊക്കെ വെള്ളം കയറിയപ്പോള്‍ വേലായുധനും അമ്മയും വീടൊഴിഞ്ഞ് അടുത്തുള്ള പണിക്കരുടെ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പോയി താമസിച്ചിട്ടുണ്ട്. അന്നു വെള്ളം കയറിയതിന്റെ കാരണം വേലായുധന്‍ ദിവസങ്ങളോളം ആലോചിച്ചുവെങ്കിലും ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവില്‍ സ്ഥലത്തെ പ്രധാന ജ്ഞാനിയും വേലായുധന്റെ അച്ചന്‍ ചങ്ങന്റെ സ്’നേഹിതനുമായ അഹമ്മുസാഹിബാണ്’ പുത്തന്‍ തോടും കാവേരി നദിയും തമ്മിലുള്ള ബന്ധം വേലായുധനു പറഞ്ഞുമനസ്സിലാക്കികൊടുത്തത്. പുത്തന്‍ തോടിലൂടെ തന്റെ വീട്ടിലേക്കു കയറിയ വെള്ളത്തിന്’ ഉപ്പുരസമുണ്ടായിരുന്നതായി വേലായുധന്‍ സാക്ഷ്യപ്പെടുത്തുന്നു.

തേങ്ങ പൊതിക്കാനും റോഡ് ടാര്‍ ചെയ്യുന്ന പണിക്കും വേലായുധന്‍ സ്ഥിരമായി പോകാറുണ്ട്. ഈ പണികളില്ലാത്ത ദിവസങ്ങളില്‍ വലിയൊരു കാരിയറുള്ള തന്റെ സൈക്കിളില്‍ ചക്കിത്തറയിലെ ഗോഡൌണില്‍ നിന്ന് സിമന്റുചാക്കുകള്‍ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കും. ഇങ്ങിനെയെല്ലാം കിട്ടുന്ന പണം കൊണ്ട് ചിട്ടി നടത്തിയാണ്’ പില്ലറുകള്‍ വാര്‍ക്കുന്നത്. ആറുമാസംകൊണ്ടൊരു കുറി വട്ടമെത്തിയാല്‍ ഒരു പില്ലര്‍. ആറുമാസം കഴിഞ്ഞാല്‍ അടുത്തത്. അതാണ്’ വേലായുധന്റെ കണക്ക്.

‘പുരപ്പണി പൂര്‍ത്തിയാക്കാന്‍ ഒരുപാടു പണം വേണ്ടേ?’ ഞാന്‍ ചോദിച്ചു.
‘അതിന്’ രാധാകൃഷ്ണ ചിട്ടിയില്‍ ഒരു നറുക്ക് ചേര്‍ന്നിട്ടുണ്ട്.കുറി വട്ടമെത്തിയാല്‍ ഇരുപത്തിയഞ്ചുകോടി രൂപ കിട്ടും. അതുകൊണ്ടൊരു വീടു പണിഞ്ഞ് ബാക്കി കാശു കൊണ്ട് അഞ്ചാറു കാറും പത്തിരുപതു ബസ്സും രണ്ടു ലോറിയും വാങ്ങിക്കണം.’

രാധാകൃഷ്ണ കുറിയില്‍നിന്നു മാത്രമല്ല വരുമാനമുള്ളത്. മദ്രാസിലെ എ.വി.എം, ജമിനി എന്നീ സ്റ്റുഡിയോകള്‍ തന്റേതാണെന്നാണ്’ ഇയാള്‍ പറയുന്നത്. പില്ലറുകള്‍ തമ്മില്‍ മുളകൊണ്ട് കൂട്ടിക്കെട്ടിയുണ്ടാക്കിയ തട്ടില്‍ നൂറോളം നോട്ടുപുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുണ്ട്. പണി കഴിഞ്ഞുവന്നാല്‍ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും കണക്കെഴുത്തിനായി നീക്കി വെക്കുന്നു. താന്‍ നടത്തുന്ന സ്റ്റുഡിയോവിന്റെയും മാലോകര്‍ക്കറിയാത്ത തന്റെ മറ്റു വ്യവസായ സ്ഥാപനങ്ങളുടെയും കണക്കുകളാണ്’ ഇതില്‍ എഴുതിവയ്ക്കുന്നത്. എല്ലായിടത്തും തന്റെ കണ്ണെത്തിയിലെങ്കില്‍ കുഴപ്പമാണെന്ന് വേലായുധന്‍ പറയുന്നു.

ഇരുപത് കൊല്ലത്തോളമായി ഈ പുരയിടത്തില്‍ തൂണുകള്‍ ഉയരാന്‍ തുടങ്ങിയിട്ട്. ഇടയ്ക്ക് കുറച്ചുകാലം പില്ലര്‍ നിര്‍മ്മാണം മുടങ്ങിപ്പോയി. വേലായുധന്റെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിഞ്ഞതാണ്’ കാരണം. ഒരു ക്ഷേത്ര സംബന്ധിയാണ്’ പ്രശ്നം. ചക്കിത്തറക്കു കിഴക്കുഭാഗത്ത് വിശാലമായ പാടമാണ്. പാടത്തിന്റെ മദ്ധ്യേ കരിയന്‍തടം. കരിയന്‍തടം കുംഭം-മീനമാസത്തില്‍ പോലും വറ്റാത്ത വെള്ളക്കെട്ടാണ്’. അതിന്റെ കരയിലൊരാല്‍മരമുണ്ട്. ഈ വെള്ളക്കെട്ടിലാണ്’ വേലായുധന്‍ കുളിക്കുന്നത്. ഒരു ദിവസം കുളിച്ചുകയറിയ വേലായുധന്’ ഒരു വെളിപാടുണ്ടായി. ഈ ആല്‍മരത്തിന്റെ ചുവട്ടിലൊരു ദൈവപ്രതിഷ്ഠ നടത്തണം. പിന്നീടധികമൊന്നും ചിന്തിച്ചില്ല. ഒരു പാറക്കഷണം കരിയന്‍തടത്തില്‍ ഏഴുപ്രാവശ്യം കഴുകി ആലിന്‍ ചുവട്ടില്‍ മലവാഴിയെ പ്രതിഷ്ഠിച്ചു. ദിവസേന കുളി കഴിഞ്ഞു പോകുമ്പോള്‍ മലവാഴിയെ പൂജിക്കാന്‍ വേലായുധന്‍ മറന്നില്ല. ഇങ്ങിനെ ഉപാസന തുടരുമ്പോഴാണ്’ മറ്റൊരാശയം ഉരുത്തിരിഞ്ഞുവന്നത്. മലവാഴിക്കാവിലൊരു പൂരം നടത്തുക. അത് കുംഭമാസത്തില്‍ വേണം. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം കഴിഞ്ഞാല്‍ കരിയന്‍തടത്തിലെ മലവാഴിക്കാവിലെ ഉത്സവം കൊടികയറണം. അന്‍പത്തൊന്ന്’ ആനകള്‍ അടുത്തുള്ള ഗുരുവായൂരിലെ പുന്നത്തൂര്‍കോട്ടയില്‍നിന്നു വരും. പിന്നെ വെടിക്കെട്ട്; രാത്രിയില്‍ കഥാപ്രസംഗം.

ഭാവനയില്‍ രൂപപ്പെട്ട ഈ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ വേലായുധന്‍ തുടങ്ങി. ആനപ്പുറത്തിരിക്കുന്നവര്‍ക്കു പിടിക്കാനുള്ള പട്ടുകുടകള്‍ വാങ്ങിക്കുകയായിരുന്നു ആദ്യപടിയായി ചെയ്തത്. മൂന്നു കുടകള്‍ വാങ്ങിക്കുമ്പോഴേക്ക് തൂണുകള്‍ വാര്‍ക്കാന്‍ വച്ചിരുന്ന അയ്യായിരത്തോളം ഉറുപ്പിക അതിനായി ചെലവായി. അങ്ങിനെയാണ്’ പില്ലറുകളുടെ പണി കുറച്ചുകാലത്തേക്ക് മുടങ്ങിയത്.

വേലായുധന്റെ അച്ചന്‍ ചങ്ങന്‍ വടക്കെക്കാട്ടെ ഒരു രാഷ്ട്രീയ നേതാവായിരുന്നു. ഹരിജനങ്ങളുടെ ഇടയില്‍ പതിവില്ലാത്ത വെള്ളഖദര്‍മുണ്ടും ഷര്‍ട്ടും ധരിച്ചു നടന്ന ചങ്ങന്‍ ‘കോങ്ക്രസ് ചങ്ങന്‍’ എന്ന പേരിലാണ്’ അറിയപ്പെട്ടിരുന്നത്. ചങ്ങന്‍ തന്റെ സമുദായത്തില്‍നിന്നു ഭിന്നമായി അച്ചടി ഭാഷ സംസാരിച്ചു. ക്ഷേത്രപ്രവേശനസമരം, ദണ്ഡിയാത്ര, പൌരാവകാശസംരക്ഷണം, രാഷ്ട്രപുനര്‍നിര്‍മ്മാണം മുതലായ ഇന്നും മനസ്സിലാവാത്ത വാക്കുകള്‍ കേട്ടാണ്’ വേലായുധന്‍ വളര്‍ന്നത്.

ചങ്ങന്‍ പുത്തന്‍തോടിന്റെ വരമ്പത്തൂടെ തന്റെ പഴയ സൈക്കിളില്‍ യാത്ര ചെയ്തു. എതിരെ വന്ന വഴിപോക്കര്‍ ഓരോരുത്തരോടും പറഞ്ഞു. പുന്നയൂര്‍ക്കുളംവരെ ഒന്നു പോകണം. കെ.ജി. ചെല്ലാന്‍ പറഞ്ഞയച്ചിട്ടുണ്ട്. കൌക്കാനപ്പെട്ടിയില്‍ ഒരു വഴിപ്രശ്നം. ബാലകൃഷ്ണനും എന്നോട് ഇടപെടണമെന്ന്’ പറഞ്ഞിട്ടുണ്ട്.!

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന കെ.ജി.കരുണാകരമേനോനാണ്’ കെ.ജി. ബാലകൃഷ്ണന്‍, എം.എല്‍.എ യും ഹരിജന്‍ നേതാവുമായിരുന്ന കെ.ബാലകൃഷ്ണനും.

വഴിപ്രശ്നവും രാഷ്ട്രപുനര്‍നിര്‍മ്മാണവുമൊക്കെയായി ചങ്ങന്‍ യാത്ര തുടര്‍ന്നപ്പോള്‍ നാലു മക്കളെ പോറ്റാന്‍ കോച്ചി പെടാപ്പാടുപെടേണ്ടിവന്നു. കോച്ചിയും ചങ്ങനും ഇന്നില്ല. മൂത്തമകന്‍ ചന്തു വേറെ വീടുവെച്ച് മാറിതാമസിച്ചു. പെണ്‍കുട്ടികളെ രണ്ടാളെയും കോച്ചി ഒരുവിധത്തില്‍ ഓരോരുത്തരുടെ കൂടെ പറഞ്ഞയച്ചു. അങ്ങിനെ മക്കളില്‍ രണ്ടാമത്തെ മകനായ വേലായുധന്‍ കോച്ചിക്കു പതിച്ചുകിട്ടിയ രണ്ടു സെന്റില്‍ തനിച്ചായി.

എന്നാല്‍ വേലായുധന്‍ തനിച്ചല്ല. ആകാശത്തോളം വരുന്ന സ്വപ്നങ്ങള്‍ അയാള്‍ക്കു കൂട്ടിനുണ്ട്. നൂറു പില്ലറുകളില്‍ മാനംമുട്ടിനില്‍ക്കുന്നൊരു കരുത്തുറ്റ വീട്; എല്ലാ പ്രളയങ്ങളെയും ജയിച്ച് താന്‍ ആ മാളികയില്‍ സസുഖം വാണരുളും. കുംഭമാസത്തില്‍ കരിയന്‍തടത്തിലെ മലവാഴിക്കാവിലൊരാനപ്പൂരം! പിന്നെ വടിക്കെട്ടും. പട്ടുകുടകള്‍ ചൂടി വേലായുധന്റെ സ്വപ്നങ്ങള്‍ ഗഗനയാത്ര ചെയ്യുകയാണ്.

വി.കെ. ശ്രീരാമന്‍ എഴുതിയ ‘വേറിട്ട കാഴ്ചകള്‍’ എന്ന പുസ്തകത്തില്‍ നിന്ന്

3 thoughts on “തൂണുകളുടെ വേലായുധന്‍

 1. നാമറിയാത്ത പലതുമുണ്ട് നമുക്ക് ചുറ്റും,കൊച്ചനൂര്‍കാരനല്ലെങ്കിലും ശ്രീരാമേട്ടന്‍ നമുക്ക് അന്യനല്ലല്ലോ?.പ്രതീക്ഷിക്കുന്നു ഇനിയും

 2. പുത്തന്‍ തോടിന് കാവേരി നദിയുമായുള്ള ബന്ധം വേലായുധനെ അറിയിച്ച ഭൂമിശാസ്ത്രപണ്ഡിതന്‍ ചക്കിത്തറ അമ്മുവിനെ ഹരിജന പീഢന വകുപ്പനിസരിച്ച് അറസ്റ്റ് ചെയ്യണം . ഈ വയസ്സുകാലത്തും ഖദറിട്ട് ആളുകളെ പറ്റിക്കുന്ന ഇയാള്‍ വളരെക്കാലം തന്‍റ്റെ സഹപ്രവര്‍ ത്തകനായിരുന്ന ചങ്ങന്‍റ്റെ മകനെ ഇങ്ങിനെ വട്ടനാക്കേണ്ടിയിരുന്നില്ല.

 3. വേലായുധന്റെ തൂ‍ണു എന്ന് വായിക്കാന്‍ തുടങ്ങിയപ്പോഴെ എനിക്കെന്റെ അനിയനെ ഓര്‍മ വന്നു…
  വായനയിലെ അവസാനമാണു മനസ്സിലായത് ഇത് വേറിട്ട കാഴ്ചയില്‍ നിന്ന് തന്നെ എന്ന്….
  കൊച്ചന്നൂര്‍ എന്ന് കണ്ടപ്പോഴാ എന്നെ ഇങ്ങോട്ടകര്‍ഷിച്ചത്………
  ചെറുവത്താനിക്കാരനായ ഞാന്‍ ഇപ്പൊ ത്രിശ്ശിവപേരൂരാണെങ്കിലും…..
  ജന്മനാടിന്റെ ഓര്‍മമകള്‍ ഇപ്പോഴും മനസ്സില്‍ പൊന്തിവരുന്നു…
  ഞാന്‍ പണ്ട് ഞമനേങ്ങാട്ട് നിന്നാ ചക്കിത്തറ വഴി വടുതല സ്കൂളിലേക്ക് നടന്ന് വന്നിരുന്നതു….
  “കൊച്ചന്നൂര്‍” താളുകള്‍ കൂടുതല്‍ മനോഹരമാകട്ടെ..
  സ്വന്തം ഉണ്ണി എന്ന ജെ പി
  ത്രിശ്ശിവപേരൂര്‍

Leave a Reply

Your email address will not be published. Required fields are marked *