കാലിടറിയ കാൽപ്പന്ത് കളി

പെങ്ങാമുക്ക് ഹൈസ്ക്കൂളിലെത്തുന്നത് വരെ എനിക്ക് ഫുട്ബോൾ അധികം കണ്ട്പരിചയമുള്ള കളിപോലുമായിരുന്നില്ല.

അതിനുമുമ്പ് ഒരിക്കൽ എന്റെ സുഹൃത്ത് സുലൈമുവുമൊത്ത് തെക്കേ കൊച്ചന്നൂരിലെ കല്ലുവെച്ചപീടികയ്ക്കരികിൽ കളി കാണാൻ പോയി. അന്ന് ടീമിൽ ആള് തികയാഞ്ഞിട്ടോ എന്തോ എന്നെയും കളിക്കാനെടുത്തു.

ഒരു നിയമവും ബാധകമല്ലാത്ത (അറിയാത്ത) സർവ്വതന്ത്രസ്വതന്ത്രമായ എന്റെ ആദ്യത്തെ പന്ത്കളി.

പന്ത് അവസരത്തിനൊത്ത് പാസ്സ് ചെയ്യേണ്ടതാണെന്ന ചിന്തയൊന്നുമില്ല. സ്വന്തം ടീമിനെപ്പോലും പന്ത് തൊടാൻ അനുവദിക്കാതെ ഇങ്ങേ ഗോൾപോസ്റ്റ് മുതൽ അങ്ങേ പോസ്റ്റ് വരെ ഞാൻതന്നെ കൊണ്ടുപോകുമെന്ന വാശി.

അതിനിടയിൽ ഇടങ്കോലിടാൻ വന്ന ഒരുത്തന്റെ ഇടനെഞ്ചിലാണ് എന്റെ കാൽമുട്ട് ആഞ്ഞ് പതിച്ചത്. അവന് ശ്വാസം വിടാൻ കഴിയുന്നില്ല. കാൽമുട്ടുകളിൽ കൈകളൂന്നിനിന്ന് അവൻ പുളയുകയാണ്. കളിക്കാരെല്ലാം ഉത്ക്കണ്ഠയോടെ ചുറ്റും കൂടി. കുറച്ച് നേരത്തെ വെപ്രാളത്തിനുശേഷം അയാൾക്ക് ശ്വാസം നേരെവീണു. അയാളിൽ നിന്ന് ശ്രദ്ധതിരിച്ച് എല്ലാവരും വിചത്രജീവിയെ എന്നപോലെ എന്നെ നോക്കി. അതിനു പിന്നാലെ ക്യാപ്റ്റന്റെ ഡയലോഗ് വന്നു. ” ഇജി ഇഞ്ഞി കളിക്കണ്ട ചെങ്ങായീ. കേറിക്കോ”

പിന്നെ ഞാനാവഴിക്ക് പോയിട്ടില്ല.

പെങ്ങാമുക്ക് ഹൈസ്കൂളിൽ എട്ടാം തരത്തിൽ ചേർന്നപ്പോൾ ബെഞ്ചിൽ കൂടെയിരിക്കുന്ന മാങ്ങാണ്ടി കുമാരൻ കാഴ്ച്ചയിൽ മാങ്ങാണ്ടിപോലിരിക്കുമെങ്കിലും കോർട്ടിലിറങ്ങിയാൽ ചെറു മരഡോണയാണ്. അവന്റെ കളി കുറച്ചു ദിവസം കണ്ടപ്പോൾ കെട്ടിപ്പൂട്ടിവെച്ച എന്റെ ഫുട്ബോൾ മോഹം വീണ്ടുമുണർന്നു. ടീമിൽ ചേർക്കാം എന്ന് മാങ്ങാണ്ടിയും.

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മുസ്ലിംകുട്ടികൾക്ക് പള്ളിയിൽ പോകേണ്ടതിനായി ഉച്ചനേരത്തെ ഇടവേള പതിവിലും ദീർഘമായതിനാൽ ഊണിനു വീട്ടിൽ പോകാത്ത പിള്ളേർ ആ നേരത്തും കുറച്ചുനേരം കാൽപ്പന്ത് കളിക്കും. ഞാനും അന്ന് മുണ്ട് മാടിക്കുത്തി കോർട്ടിലിറങ്ങി.

കുറച്ചുനേരം പന്തിന്റെ പിന്നാലെ ഓടി നോക്കിയെങ്കിലും പന്ത് പിടിതന്നില്ല. അങ്ങനെ പന്തിനു പിന്നാലെ ഓടിയും നടന്നും നിരാശനായിരിക്കെയാണ് എതിർ ടീമിലെ ഒരുത്തൻ കുറെ അകലെനിന്ന് പന്ത് നീട്ടിയടിച്ചത്. എന്റെ നേർക്ക് ഊക്കിൽ പാഞ്ഞുവരുന്ന പന്ത്. ഞാൻ അവസരം പാഴാക്കിയില്ല. ഒരു ഗോളടിച്ചിട്ടുതന്നെ കാര്യം എന്ന് നിയ്യത്ത് വെച്ച് പാഞ്ഞുവരുന്ന പന്തിനെ വലത്കാൽ മടക്കി അങ്ങോട്ടും ഒരടി വെച്ചുകൊടുത്തു.

കാറ്റടിച്ച് വീർപ്പിച്ച് Neck ഉള്ളിലേക്ക് മടക്കി വെച്ച് ലെയ്സ് കൊണ്ട് വരിഞ്ഞു കെട്ടുന്ന തരം പണ്ടത്തെ പന്തായിരുന്നു. പന്തിന്റെ കടുപ്പമാർന്ന ഭാഗവും എന്റെ പാദവും തമ്മിലാണ് അതിശക്തിയായേറ്റുമുട്ടിയത്. വേദനയുടെ ഒരു ശരം എന്റെ തലച്ചോർ വരെ പാഞ്ഞു. പന്ത് അതിന്റെ വഴിക്ക്പോയി. ഞാൻ നൊണ്ടി നൊണ്ടി കളത്തിനു പുറത്തേക്കും.

കുന്നത്തെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് തേച്ചമേന്റെ ഇറക്കം ഇറങ്ങി ഒരുവിധം ഞാൻ താഴത്തെ സ്കൂളിലെ എന്റെ ക്ലാസ്സിൽ വന്നിരുന്നു. നാലു മണിക്ക് സ്കൂൾ വിടുമ്പോഴേക്ക് എന്റെ വലത്തെ പാദം നീരുവന്ന് വീർത്തുകെട്ടിയിരുന്നു. ചെങ്ങാതിമാരെല്ലാം അവരവരുടെ വീട്ടിലെത്തി വളരെക്കഴിഞ്ഞിട്ടാണ് മുടന്തിമുടന്തി, കരിച്ചാൽ കടവും കടന്ന്, നടന്ന്, വേദന വിഴുങ്ങി ഞാൻ വീട്ടിലെത്തിയത്. തൊട്ടടുത്ത രണ്ടുദിവസം ലീവെടുത്ത് തൈലം പുരട്ടിയിരിക്കേണ്ടിയും വന്നു.

അങ്ങനെ രണ്ട് ദുരനുഭവങ്ങളിലൂടെ ഞാനും ഫുട്ബോൾ കളിയും രണ്ട് ധ്രുവങ്ങളിലായി.

എന്നാലും കളി കാണാൻ വിരോധമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *