കരിച്ചാൽ കടവത്ത്

കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും ഇരുപ്പൂവട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന് കാൽനടയായി എളുപ്പം ചെന്നെത്താവുന്ന ചെറു തുരുത്ത്. തുരുത്തിന്റെ മുനമ്പിൽ നിന്ന് കടത്ത് കടന്നാൽ മറുകര അടയ്ക്കാമരങ്ങളുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കാവുന്ന പെങ്ങാമുക്ക് എന്ന പ്രദേശമാണ്. ഇരുഭാഗത്തും വിശാലമായ പുഞ്ച പാടശേഖരവും, കായലും, കായലിനെ ചൂഴുന്ന ഹരിതാഭമായ വിദൂരതീരങ്ങളുമായി ഇത്തിരിവട്ടത്തിൽ മനോജ്ഞമായ ഒരിടം.

കടവിന്റെ ഇപ്പുറം വെളുത്ത മണൽ പ്രദേശവും അക്കരെ കടന്നാൽ ചരൽക്കല്ലുകളുള്ള ചെമ്മണ്ണുമാണ്. ഇക്കരെ നിറയെ തെങ്ങിൻതോട്ടങ്ങളാണെങ്കിൽ അക്കരെ നിബിഡമായ കമുകിൻതോട്ടങ്ങളാണ്. ഇക്കരെ വിശാലമായ പറമ്പുകൾക്ക് നടുവിൽ ഒറ്റപ്പെട്ടുനിൽക്കുന്ന വീടുകളും അക്കരെ കടന്നാൽ റോഡിനിരുവശവും പരസ്പരം ഉരുമ്മിനിൽക്കുന്ന ഗൃഹസമുച്ചയങ്ങളുമാണ്. ഇരുകരകളിലേയും ആളുകളുടെ സംസാരശൈലിയിൽ പോലും പ്രകടമായ വ്യത്യാസമുണ്ട്.

മരച്ചീനിക്കിഴങ്ങ് ചാക്കിൽനിറച്ച ചുമട് തലയിലേന്തി കാൽനടയായി വീടുകളിൽ വിൽപ്പനയ്ക്ക് പുറപ്പെടുന്ന വറീത്­മാപ്പിള അക്കരെനിന്ന് കരിച്ചാൽ കടവെത്തുംവരെ ഈണത്തിൽ വിളിച്ചുകൂവുക “കൊള്ളിക്കേങ്ങേയ്…” എന്നാണ്. വള്ളത്തിൽ കയറി തെക്ക്ഭാഗത്തേക്ക് കടന്നാൽ അദ്ദേഹത്തിന്റെ വായ്ത്താരി “മത്തോക്കേയ്..” എന്നായിമാറും. മരച്ചീനിക്കിഴങ്ങിനെ കടവിനപ്പുറമുള്ളവർ ‘കൊള്ളികിഴങ്ങെ’ന്നും ഇപ്പുറമുള്ളവർ ‘മത്തോക്ക്’ എന്നുമുള്ള പേരുകളിലാണ് വ്യവഹരിക്കുന്നത്. ഇരുകരകളുടേയും നിയോജകമണ്ഡലവും പഞ്ചായത്തും ഇപ്രകാരം വേറെവേറെത്തന്നെ.

പാടശേഖരത്തിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ അക്കരെയും ഇക്കരെയുമായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ തമ്മിൽ ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വാമൊഴിവഴക്കങ്ങളിലും ഇത്രയും പ്രകടമായ അന്തരം കാണപ്പെടുന്നു എന്നത് കൗതുകകരമായ സവിശേഷതയാണ്.

അകലെ കടപ്പായി എന്ന സ്ഥലത്തുനിന്നുള്ള സമഗ്രവീക്ഷണത്തിൽ കരിച്ചാൽ അതീവ ചേതോഹരമായ കാഴ്ച്ചയാണ്. കരിച്ചാലിൽ ഏന്തിക്കിടക്കുന്ന ജലരാശിയും, അതിലേക്ക് ചാഞ്ഞുനിൽക്കുന്ന ആൽമരവും, അങ്ങേകടവിലേക്ക് നീന്തിയടുക്കുന്ന തോണിയും, അൽപ്പമകലെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ കാഴ്ച്ചയും, ജലപ്പരപ്പിൽ നിരന്ന ആമ്പലുകൾ ഒന്നിച്ചു പുഷ്പിച്ച വാസന്തകാന്തിയും, കായലിന് അതിരിടുന്ന ഓരങ്ങളുടെ മുറ്റിത്തഴച്ച ഹരിതാഭയും കൂടിച്ചേർന്ന ചാരുതയുറ്റ ചിത്രം മനോഹരമായ പെയിന്റിങ്ങ് പോലെ സ്വപ്നസന്നിഭമായിരുന്നു.

മഴക്കാലം കഴിയുമ്പോൾ കരിച്ചാലിന്റെ സൗന്ദര്യപ്രഭാവത്തിന് ഇത്തിരി മങ്ങലേൽക്കാറുണ്ട്. ‘പെട്ടിപ്പറ’ എന്ന് ഞങ്ങൾ വിളിക്കാറുള്ള വലിയ മോട്ടോർസന്നാഹം ഉപയോഗിച്ച് പാടശേഖരത്തിലെ വെള്ളം നടുവിലെ പെരുന്തോട്ടിലേക്ക് അടിച്ചുകയറ്റി പാടത്ത് പുഞ്ചകൃഷിപ്പണി തുടങ്ങും. അന്നേരം കടവ് ക്ഷീണിച്ച് മെലിഞ്ഞ് പെരുന്തോട്ടിന്റെ വീതിയിലേക്ക് ചുരുങ്ങും. മഴക്കാലത്തിന്റെ വരവോടെ നഷ്ടപ്രതാപം തിരിച്ചുപിടിച്ച് സൗന്ദര്യം മുറ്റി കരിച്ചാൽ വീണ്ടും വിലാസവതിയാകുകയായി.

ഓളപ്പരപ്പിൽ സ്വയം കണ്ണാടിനോക്കി കടവത്തേക്ക്ചാഞ്ഞ് ഒറ്റപ്പെട്ട് നിലകൊണ്ടിരുന്ന പടർന്നുപന്തലിച്ച കൂറ്റൻ അരയാൽമരം ഒരുകാലത്ത് കരിച്ചാലിന്റെ മനോഹാരിതയ്ക്ക് മകുടം ചാർത്തിയിരുന്നു. ഒപ്പം കടവത്ത് തോണികാത്തുനിന്നവർക്ക് തണലിന്റെ കുടചൂടിക്കൊടുക്കുകയും ചെയ്തു. തൊഴിൽവേളകളിൽ സദാ തോർത്തുമുണ്ടുടുത്ത് കാണപ്പെട്ടിരുന്ന കടത്തുകാരൻ ചാത്തായിയുടെ ലുങ്കിയുംകുപ്പായവും അഴിച്ചുവാങ്ങി ആ വന്മരം സ്വന്തം പോടുകളിൽ സൂക്ഷിച്ചുവെച്ചു. ചാത്തായിയുടെ ബീഡിക്കെട്ടും തീപ്പെട്ടിയും, കടവത്ത് സഹായത്തിനെത്തുന്ന അയാളുടെ ചെറുമി പുളിഞ്ചിരിയുടെ മുറുക്കാൻപൊതിയും മരത്തിന്റെ മറ്റൊരു പോടിൽ സുരക്ഷിതം. ഇലകളുടെ നിബിഡതയാൽ അനുഗൃഹീതമായ മരം ആവശ്യക്കാർക്ക് പൊരിവെയിലത്തും പെരുമഴയത്തും ഒരുപോലെ ആശ്രയിക്കാവുന്ന സുരക്ഷിതസ്ഥാനമായി വർത്തിച്ചു.

കടവത്ത് ആളൊഴിയുമ്പോൾ ചാത്തായിയും പുളിഞ്ചിരിയും ആൽമരംചാരി കായൽകാറ്റേറ്റ് മയങ്ങുകയോ മരച്ചുവട്ടിൽ കഥ പറഞ്ഞിരിക്കുകയോ ചെയ്യുന്നത് അന്നൊക്കെ പതിവുകാഴ്ച്ച. വള്ളമൂന്നുന്ന കഴുക്കോൽപോലെ നീണ്ടുമെലിഞ്ഞ ചാത്തായിയും കേവുവള്ളംപോലെ തടിച്ചുകൊഴുത്ത പുളിഞ്ചിരിയും രൂപംകൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് പരസ്പരം പൊരുത്തമുള്ള ദമ്പതികളായിരുന്നു.

പഴഞ്ഞിയിൽനിന്ന് ശാന്തകുമാരിടീച്ചറും പെങ്ങാമുക്കിൽനിന്ന് ജോസഫ്മാഷും കടവുകടന്ന് ഇക്കരെവന്ന് കൊച്ചനൂർ സ്കൂളിൽ അദ്ധ്യാപനം നിർവ്വഹിച്ച് തിരിച്ചുപോയപ്പോൾ നീലിയേടത്തിയും മീനാക്ഷിയമ്മയും വീടുകളിൽനിന്ന് ശേഖരിച്ച ഓല മെടഞ്ഞ്കെട്ടാക്കി വഞ്ചിയിൽകയറ്റി അക്കരെകടന്ന് അവ വിറ്റുകാശാക്കി തിരിച്ചെത്തി. കൊച്ചനൂർസ്കൂളിലെ കുഞ്ഞുങ്ങളെ മധുരമൂട്ടാനായി മിഠായിക്കാരൻ രാഘവേട്ടൻ താലംപോലെയുള്ള മിഠായിത്തട്ട് തലയിലേറ്റി വന്നിറങ്ങിയ വഞ്ചിയിൽകയറി അക്കരെ നെല്ലുകുത്ത്മില്ലിൽ പണിയെടുക്കാനായി ഉമ്മർ അങ്ങോട്ട് പോയി. അരച്ചാക്ക് അരി തലയിരിക്കുന്നതിന്റെ ഭാരം ഭാവഭേദംവരുത്താത്ത മുഖവുമായി സദാ ചിരിവിതറി അരിക്കാരി അമ്മച്ചു കടവുകടന്ന് ഇക്കരെയെത്തി. വീടുകളിൽ അരിയളന്നുകൊടുത്ത് നിറഞ്ഞമനസ്സും മടിശ്ശീലയും ഒഴിഞ്ഞചാക്കുമായി അവർ മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. . സ്കൂൾ വിദ്യാർത്ഥികളുടെ ഒരു പറ്റം കളിചിരികളുമായി കാലത്തും വൈകീട്ടും വഞ്ചിപ്പടിയിൽ ഇരിപ്പിടംകിട്ടാൻ ആഴ്ച്ചയിലഞ്ചുദിവസവും മത്സരിച്ചു.

ഇങ്ങേകരയിലെ തെങ്ങുകളെ ലക്ഷ്യമിട്ട് അരയിൽ ഞാത്തിയിട്ട ‘ടൂൾ കിറ്റി’ൽ ചേറ്റുകത്തിയുമായി വന്നെത്തുന്ന ചേന്ദനേയും അയാളുടെ സൈക്കിളിനേയും ഒപ്പം വഞ്ചിക്കകത്ത് ഉൾക്കൊള്ളാൻ ചാത്തായിയുടെ ഒരുകൈസഹായം എപ്പോഴും റെഡി. ഇളംകള്ളിൻ മണംവിതറി അയാൾ തിരിച്ചുപോകുമ്പോൾ കുടത്തിൽനിന്ന് ഒരു കുപ്പിയുടെ അളവ് കുറയുന്നതാണ് ചേന്ദന്റെ നേർക്ക്മാത്രം ചില്ലറയ്ക്കായി ചാത്തായിയുടെ കൈനീളാത്തതിന്റെ രഹസ്യമെന്ന് ഞങ്ങൾ കുട്ടികൾക്ക് പിന്നീടാണ് മനസ്സിലായത്. അരയാലിന്റെ കൈയെത്താത്ത കവരത്തിൽ ഒഴിഞ്ഞുംനിറഞ്ഞും ഒരു കുപ്പി നിത്യവാസിയായിരുന്നത് ഒരിക്കൽ ഞങ്ങൾ കണ്ടുപിടിച്ചു.

സ്ത്രീകളും കുട്ടികളുമുണ്ടെങ്കിൽ കാൽപ്പാദംപോലും നനയാനിടയാകാത്തവിധത്തിൽ വഞ്ചി ചൊരിമണലിലേക്ക് പരമാവധി കയറ്റിയടുപ്പിച്ച് കരുണകാട്ടിയും, എല്ലാവരോടും കുശലംപറഞ്ഞും, ഓരോരുത്തരുടേയും ആക്കത്തിനും തിടുക്കത്തിനനുമനുസരിച്ച് ആയത്തിലോ അതിവേഗത്തിലോ വള്ളംതുഴഞ്ഞും ചാത്തായിയും പുളിഞ്ചിരിയും എല്ലാവർക്കും പ്രിയങ്കരരായി. തഴമ്പ്നിറഞ്ഞ കൈവെള്ളയിൽ യാത്രികർ വെച്ചുകൊടുത്ത പത്തുപൈസാതുട്ടുകൾ ചാത്തായിയുടേ തോർത്തുമുണ്ടിന്റെ തെറുത്തുവെച്ച കോന്തലയ്ക്കകത്ത് പെറ്റുപെരുകി.

ഒരു പെരുമഴക്കാലത്ത് കായലിൽനിന്ന് പേപിടിച്ചെന്നപോലെ അടിച്ചുവീശിയ കാറ്റിൽ കടപുഴകി ആൽമരം വെള്ളത്തിലേക്ക് പതിച്ചു. പാതിമുങ്ങി വെള്ളത്തിൽ നീണ്ടുനിവർന്നു കിടന്ന ആൽമരത്തെ പിറ്റേദിവസം കടവത്തെത്തിയ പതിവുകാർ വിഷാദപൂർവ്വം നോക്കിനിന്നു. ഓളങ്ങളിൽ ആലോലമാടി അനങ്ങിക്കൊണ്ടിരിക്കുന്ന ഏതാനും കിളിക്കൂടുകൾ ഞങ്ങൾ വിദ്യാർത്ഥികളുടെ ദുഃഖമായി.
മുത്തശ്ശിയാൽമരത്തിന് പ്രദേശത്തെ വീടുകളിലെ അടുപ്പുകളിൽ ചിതയൊരുങ്ങി. സ്വന്തം തണലത്തിരുന്ന് വിശ്രമിച്ച അനേകരുടെ പ്രിയതരമായ ഓർമ്മകളിലേക്ക് ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിരിക്കാവുന്ന ആൽമരം പിൻവാങ്ങി.

ആൽമരത്തിന്റെ മരണം മനോഹാരിതയിൽ നേരിയ നിഴൽ വീഴ്ത്തി എന്നത് നേരാണെങ്കിലും കരിച്ചാൽ പിന്നെയും സുന്ദരിയായി തുടർന്നു. ചാത്തായിയും പുളിഞ്ചിരിയും താവളം തെല്ലപ്പുറത്തെ മാമുതുവിന്റെ വീടിന്റെ പാർശ്വത്തിലെ മാഞ്ചുവട്ടിലേക്ക് മാറ്റി. അവിടെയിരുന്നാലും അങ്ങേകടവത്ത് ആളെത്തുന്നത് അവർക്ക് കാണാൻ തടസ്സമില്ലായിരുന്നു. മറുകരയിൽനിന്ന് ഏതെങ്കിലും ഒരു യാത്രികന്റെ കൂക്ക് ഉയരുമ്പോഴേക്ക് ചാത്തായി പൊടിതട്ടിയെണീറ്റ് കർമ്മനിരതനാകും. മണലിൽ പൂണ്ട തോണി തള്ളിയിറക്കിക്കൊടുക്കാൻ പിന്നാലെ പുളിഞ്ചിരിയും കൂടും. ചാത്തായി തോണിതുഴഞ്ഞ് അകലേക്ക് നീങ്ങുമ്പോൾ ആളെകയറ്റി അയാൾ തിരിച്ചെത്തുന്ന നേരത്തിനുള്ളിൽ വിശദമായൊന്ന് മുറുക്കിയശേഷം കായലോരത്ത് ഇരകോർത്ത് കാത്തുവെച്ചിട്ടുള്ള ചൂണ്ടകളിൽ മീൻ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കാൻ പുളിഞ്ചിരി അങ്ങോട്ട് തിരിയും. എന്നും മൂവന്തിനേരത്ത് കടവിനോട് വിടപറഞ്ഞ് വീട്ടിലേക്ക് നടകൊള്ളുമ്പോൾ കോർമ്പയിൽ കോർക്കപ്പെട്ട കായൽമീനുകളും അവരുടെ കൂടെപ്പോയി.

വീട്ടിൽ നിന്ന് പതിനഞ്ച്മിനിട്ടിൽ നടന്നെത്താവുന്ന ഈ കടവ് താണ്ടിയിട്ടായിരുന്നു പെങ്ങാമുക്ക് ഹൈസ്കൂളിലെ എന്റെ വിദ്യഭ്യാസം. സ്കൂൾ ദിവസങ്ങളിൽ സഹപാഠികളൊത്ത് മൂന്നുവർഷം തുടർച്ചയായി കടത്തുകടന്നതും ഒഴിവുദിനങ്ങളിൽ കൂട്ടുകാരുമൊത്ത് ഈ കായലിൽ നീന്തിത്തുടിച്ചതും മുങ്ങിക്കുളിച്ചതും മുങ്ങാംകുഴിയിട്ട് കളിച്ചതും മനസ്സിലെ മായാത്ത ഓർമ്മകൾ…

യേശുദാസ് പാടിയ “സന്ധ്യ മയങ്ങും നേരം…” എന്നു തുടങ്ങുന്ന മനോഹരഗാനമുണ്ടല്ലോ. അതു കേൾക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ പശ്ചാത്തലമായി ഉണരാറുള്ളത് കരിച്ചാൽ കടവാണ്.

പാട്ടിന്റെ ചരണത്തിലെ “കാക്ക ചേക്കേറും കിളിമരത്തണലിൽ…” എന്ന വരികൾ ഉയരുമ്പോൾ കടവത്ത് പണ്ട് നിലകൊണ്ടിരുന്ന വയസ്സൻ ആൽമരം അതിന്റെ സർവ്വഗാംഭീര്യത്തോടെയും മനസ്സിൽ ഉയിർത്തെഴുന്നേൽക്കുകയായി.

“കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടേ..” എന്ന് കേൾക്കുമ്പോൾ തിരുവിതാങ്കൂർ നിന്ന് താറാവിൻപറ്റത്തെ തെളിച്ചെത്തുന്നവർ കരിച്ചാലിനടുത്ത് തമ്പടിക്കുന്നതും അവരുടെ താറാവുകൾ കരിച്ചാൽ കായലിലെ ഓളങ്ങളിൽ കൊക്കുരുമ്മി നീങ്ങുന്നതുമായ പഴയ കാഴ്ച്ചകൾ ഓർമ്മകളായി മനസ്സിലേക്ക് നീന്തിയെത്തുകയായി….

“കടത്തുവള്ളങ്ങളിൽ ആളെകയറ്റും കല്ലൊതുക്കുകളിലൂടെ തനിച്ചുവരും താരുണ്യമേ..” എന്ന് യേശുദാസിന്റെ മധുരസ്വരം പ്രേമപാരവശ്യത്തോടെ കാതരമായി വിളിക്കുമ്പോൾ ജലപ്പരപ്പിനക്കരെ തോട്ടുവരമ്പിലൂടെ അലസം നടന്നുവരുന്ന ഗ്രാമീണ തരുണിയുടെ ഭാവാർദ്രചിത്രം മനസ്സിൽ മിഴിവോടെ തെളിയുകയായി…

ആലോചനാമൃതമായ ഇമേജറികളുടെ ഒരു നിര തന്നെ ഭാവനാപൂർവ്വം സന്നിവേശിപ്പിച്ച ആ ഗാനത്തിന്റെ ആലാപനം അവസാനിക്കുമ്പോഴേക്ക് അനുഭൂതിദായകമായ ശ്രവണാനുഭവത്തിനൊപ്പം ആസ്വാദ്യമധുരമായ ഒരുപാട് ചിത്രങ്ങൾ മനസ്സ് വരച്ചുതീർത്തിരിക്കും.

“ഉമ്മാച്ചു” എന്ന സിനിമയിലെ “ആറ്റിനക്കരെ അക്കരെ ആരാണോ….” എന്നു തുടങ്ങുന്ന ഗാനവും “കള്ളിച്ചെല്ലമ്മ” എന്ന സിനിമയിലെ “കരിമുകിൽ കാട്ടിലെ…” എന്നുതുടങ്ങുന ഗാനവും എന്റെ മനസ്സിലിട്ട് ഞാൻ ഷൂട്ട് ചെയ്യാറുള്ളത് കരിച്ചാൽ ലൊക്കേഷനിൽ തന്നെ. ഇവയിലൊക്കെയും ആറും കടത്തുവള്ളവും ചാരുതയാർന്ന ഇമേജറികളായി നിറഞ്ഞുനിൽക്കുന്നുണ്ടല്ലോ.

പ്രവാസം വരിക്കുകയും വിവാഹിതനാകുകയും ചെയ്തശേഷം, ജീവിതത്തിലൊരിക്കലും തോണിയിൽ കയറിയിട്ടില്ലെന്ന് മോഹംപറഞ്ഞ നവവധുവിനെ ഞാൻ കരിച്ചാലിലേക്ക് നയിച്ചു. സായാഹ്നസൂര്യന്റെ ഇളംരശ്മികൾ കായലോളങ്ങളിൽ പൊൻപ്രഭ തൂകിക്കൊണ്ടിരിക്കവെ കിഴക്കൻകാറ്റ് പറത്തുന്ന കുറുനിരകളെ മാടിയൊതുക്കാൻ ശ്രമിച്ചുകൊണ്ട് ഓളപ്പരപ്പിലേക്കും, ഓരങ്ങളിലെ ഹരിതകാന്തിയിലേക്കും കൗതുകത്തോടെ കണ്ണയച്ച് അവളിരുന്നു. കടവത്ത് ആൽമരം നിന്നിരുന്നിടത്തെ ശൂന്യതയിലേക്ക് നഷ്ടബോധത്തോടെ നോക്കിക്കൊണ്ട് മരത്തിന്റെ കഥ ഞാനവൾക്ക് കേൾപ്പിച്ചുകൊടുത്തു. കറുകപ്പുല്ലുകളിലും ജലസസ്യങ്ങളിലുമുരസി വള്ളം മുന്നോട്ട് കുതിക്കുമ്പോൾ കഴുക്കോൽ ഊന്നുന്നതിന്റെ ആയത്തിനനുസരിച്ച് വള്ളം ഉലയവെ തോണിപ്പടിയിൽ എന്നോട് ചേർന്നിരുന്ന പതിനാറുകാരി നേരിയ പരിഭ്രമത്തോടെ മൈലാഞ്ചിച്ചോപ്പ് മായാത്ത കൈത്തലത്താൽ എന്റെ കൈത്തണ്ടയിൽ പിടിമുറുക്കി.

വർഷങ്ങളേറെ കഴിഞ്ഞുപോയി. കരിച്ചാൽ കടവിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. കരിച്ചാലിന്റെ ഭംഗി നുകരാനുള്ള അവസരം എനിയ്ക്ക് പ്രവാസത്തിന്റെ ഇടവേളകളിലേക്ക് പരിമിതമായി. ഓരോ പുതിയ കാഴ്ചയിലും കരിച്ചാലിന്റെ അഴകിന്റെ ആടയാഭരണങ്ങൾ ഒന്നൊന്നായി അഴിഞ്ഞുപോകുന്നത് കണ്ടു. പ്രദേശത്തിന്റെ മുഖച്ഛായക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് ഖിന്നതയോടെ കണ്ടറിഞ്ഞു…. .

വീടുകൾക്ക് മുന്നിൽ ടെമ്പോവണ്ടിയിൽ കൊണ്ടുവന്ന് മറിക്കുന്ന പച്ചക്കറിവ്യാപാരത്തോട് പിടിച്ചുനിൽക്കാനാവാതെ മരച്ചീനിക്കച്ചവടക്കാരൻ വറീത്­മാപ്പിള കളമൊഴിഞ്ഞു. ജോസഫ്മാഷും ശാന്തകുമാരിടീച്ചറും റിട്ടയറായപ്പോൾ പകരംവന്ന ചെറിയാൻമാഷും സരോജിനിടീച്ചറും ചെറുവള്ളിക്കടവ് വഴി വരുന്ന ബസ്സിൽകയറി ഇസ്തിരി ഉലയാതെ സ്കൂളിനു മുന്നിൽ വണ്ടിയിറങ്ങി. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഓർഡർ അനുസരിച്ച് ഹോം ഡെലിവറി തുടങ്ങിയതോടെ അരിക്കാരി അമ്മച്ചുവിന്റെ കച്ചോടം പൂട്ടി വീട്ടിലിരിപ്പായി. വാർപ്പുവീടുകളുടെ ആധിപത്യം ഓലക്കച്ചവടത്തിന്റെ നടുവൊടിച്ചു നീലിയേടത്തിയേയും മീനാക്ഷിയമ്മയേയും നിരാലംബരാക്കി. ‘കിറ്റ്കാറ്റി’ന്റേയും ‘മഞ്ചി’ന്റേയും വേലിയേറ്റത്തിൽ രാഘവേട്ടന്റെ ശർക്കരമുട്ടായിയും ഒപ്പം രാഘവേട്ടനും അലിഞ്ഞുതീർന്നു. വിദ്യാർത്ഥികൾ കാൽസ്രായിയും കണ്ഠകൗപീനവുമണിഞ്ഞ് വീട്ടുമുറ്റത്ത്നിന്ന് സ്കൂൾബസ്സിൽ കയറിത്തുടങ്ങിയപ്പോൾ അവർ വള്ളപ്പടിയേയും മഷിത്തണ്ടിനേയും മറന്നു. ആഫ്രിക്കൻ പായൽ ആമ്പൽചെടികളുടെ അന്തകനായി അധിനിവേശം നടത്തിയതോടെ ജലരാശിയിൽനിന്ന് ആമ്പൽപൂക്കളുടെ ശോണിമയും മാഞ്ഞു. താറാവിൻ പറ്റങ്ങളുമായി തിരുവിതാങ്കൂറുകാർ പുതിയ മേച്ചിൽപ്പുറം തേടി പോയിരിക്കും….. . തുരുത്തിന് ചെറുവനത്തിന്റെ പരിവേഷം പകർന്നിരുന്ന പടുമരങ്ങളെ മഴുതിന്നുതീർത്തു. ആകെ ഉണ്ടായിരുന്ന മൂന്നുവീടുകൾ മൂന്നിരട്ടിയായി പെരുകി. ടാർറോഡ് കരിച്ചാലിലേക്ക് ഇഴഞ്ഞു കയറിവന്നു. കൊയ്ത്തുയന്ത്രങ്ങൾ ടാർ‌റോഡിലൂടെ ഉരുണ്ട് കോൾപടവിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ പാടവരമ്പത്ത് കൊയ്ത്തരിവാളുമായി നിരന്നിരുന്ന പെണ്ണാളുകളെ കാലം കാണാമറയത്തേക്ക് പിൻവലിച്ചു. അവരുടെ കയ്യിലിരുന്ന അരിവാളിന്റേയും, കായലിൽ നിരന്നിരുന്ന താമരപ്പൂക്കളുടേയും രൂപങ്ങൾ ടാർറോഡിന്റെ കറുപ്പിൽ കുമ്മായത്തിലെഴുതിയ ചിത്രങ്ങളായി ആളുകളുടെ നിഷ്ക്കളങ്കതയിലേക്ക് ഭീഷണമായി തുറിച്ചുനോക്കി. ആരുടേയോ കവിളത്ത് പതിഞ്ഞ പാടുപോലെ കൈപ്പത്തിചിത്രവും റോഡിൽ തിണർത്ത്കിടന്നു.

തുരുത്തിന് ചെറുവനത്തിന്റെ പരിവേഷം പകർന്നിരുന്ന പടുമരങ്ങളെ മഴുതിന്നുതീർത്തു. ആകെ ഉണ്ടായിരുന്ന മൂന്നുവീടുകൾ മൂന്നിരട്ടിയായി പെരുകി. കറുത്ത ടാർറോഡ് കരിച്ചാലിലേക്ക് ഇഴഞ്ഞു കയറിവന്നു. വിളഞ്ഞ് നിരന്ന നെൽക്കതിരുകൾ പാടത്ത് പടർത്തിയ മഞ്ഞരാശിയെ ലക്ഷ്യമിട്ട് കൊയ്ത്തുയന്ത്രങ്ങൾ ടാർ‌റോഡിലൂടെ ഉരുണ്ട് കോൾപടവിലേക്ക് ഇറങ്ങിച്ചെല്ലാമെന്നായി. അതോടെ പാടവരമ്പത്ത് കയ്യിൽ കൊയ്ത്തരിവാളും ചുണ്ടിൽ കൊയ്ത്ത്പാട്ടുമായി പണ്ട് നിരന്നിരുന്ന പെണ്ണാളുകളെ കാലം കാണാമറയത്തേക്ക് പിൻവലിച്ചു. അവരുടെ കയ്യിലിരുന്ന അരിവാളിന്റേയും, കായലിൽ നിരന്നിരുന്ന താമരപ്പൂക്കളുടേയും രൂപങ്ങൾ ടാർറോഡിന്റെ കറുപ്പിൽ കുമ്മായത്തിലെഴുതിയ അങ്കക്കലിപൂണ്ട ചിത്രങ്ങളായി ആളുകളുടെ നിഷ്ക്കളങ്കതയിലേക്ക് ഭീഷണമായി തുറിച്ചുനോക്കി. ആരുടേയോ കവിളത്ത് പതിഞ്ഞ പാടുപോലെ കൈപ്പത്തിചിത്രവും റോഡിൽ തിണർത്ത്കിടന്നു.
കോൾകൃഷി വികസനത്തിലുൾപ്പെടുത്തിയ തോട്ടുവരമ്പ്കനപ്പിക്കലിന്റെ ഭാഗമായി ചെമ്മണ്ണ് നിറച്ച ലോറികൾ കോൾവരമ്പിലൂടെ കുതിച്ചുപാഞ്ഞ് മണ്ണിറക്കി തിരിച്ചുപോയി. കടവ് എന്നോ അനാവശ്യമായി. ചാത്തായിയും പുളിഞ്ചിരിയും അവരുടെ പ്രിയപ്പെട്ട തോണിയും എങ്ങോ മറഞ്ഞു…

ഇപ്പോൾ കരിച്ചാലിനു കുറുകെ ഒരു പാലം എന്ന ആശയം സർക്കാരിന്റെ പദ്ധതിയിലുണ്ട്. ഇരുകരകളും ഉൾപ്പെടുന്ന പഞ്ചായത്തുകളും നാട്ടുകാരും അതിന് ഒത്താശയായി ഒപ്പമുണ്ട്. പാലം പിറവിയെടുക്കാനുള്ള ചില പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. വികസനത്തിന്റെ മേന്മകളെ വേണ്ടെന്ന് പറയാൻ ആർക്കുമാകില്ലല്ലോ… എന്നാലും, ഭൂതകാലത്തിന്നപ്പുറത്തേക്ക് എങ്ങോ വിനഷ്ടമായിക്കഴിഞ്ഞു എന്റെ പഴയ കരിച്ചാൽ എന്ന വിഷാദം ഉള്ളിൽ നിറയുന്നു …

Leave a Reply

Your email address will not be published. Required fields are marked *