കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ് – ഒന്ന്

തിമിര്‍ത്ത് പെയ്ത മഴ ഒന്നടങ്ങിയേ ഉള്ളൂ. മാനം വെളുത്തു.

ഒതുക്കുകല്ലുകളോട് കിന്നാരം ചൊല്ലി ഓളങ്ങള്‍ താളമിടുന്നതും ശ്രദ്ധിച്ച് അക്കരേക്ക് കടത്ത് കടക്കാനായി കടവിന്‍റെ അരികു പറ്റി ഞാന്‍ നിന്നു. നനഞ്ഞ കുളിരുമായി വന്ന് മന്ദമാരുതന്‍ ഇടക്കിടെ അലോരസപ്പെടുത്തുന്നുണ്ട്. ചൂണ്ടയിട്ടും മുങ്ങാംകുഴിയിട്ടും കടവിനും പരിസരത്തിനും ജീവന്‍ കൊടുക്കാന്‍ ചെറുമക്കള്‍ തയ്യാറായി നില്‍‌പുണ്ട്.

ആ…………………….പൂ…വ്വേയ്….

മഴമാറിയിട്ടും കടത്തുകാരിയെ കാണാഞ്ഞിട്ട് വാപ്പുക്കയുടെ ആത്മവിളിയായിരുന്നു അത്.
“നേരം വൈഗ്യാ ന്‍റെ മീനൊക്കെ ചീയും….ഈ പഹച്ചി എവിടേണ് കെടക്ക്‌ണത്”
“ഓള് തൂറാന്‍ പോയിട്ട്‌ണ്ടാവും” പറങ്ങോടന്‍ തന്ത ചായപ്പീടികയില്‍ നിന്നും വിളിച്ചു പറഞ്ഞു.
“വെറുതെല്ല ഈ പറമ്പിനൊക്കെ ച്ചിരി കായബലം*” ചിരിക്ക് വഹ നല്‍കി പൌലോസ് മാപ്പിള
അദ്ദേഹത്തിന്‍റെ അലൂമിനിയപത്രങ്ങളുടെ തലച്ചുമട് ആ മതിലില്‍ ഇറക്കി വെച്ചു.
“അതികം ചിരിക്കണ്ടാ, മന്‍ചി* ഞാന്‍ വെള്ളത്തില് മുക്കും”കടത്തുകാരി അപ്പോഴേക്കും എത്തി.
“ഹല്ലാ അന്‍റെ കെട്ട്യോനെവടെ…രെണ്ടീസായിട്ട് കാണാല്യാലോ”
“ ആ സെഡ്ഡില്ണ്ട്..രണ്ടീസായിട്ട് മൂപ്പര്‍ക്ക് സൊകല്യ”

ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുടെ കെട്ട്യോന്‍ ചാത്തായി.
അവര്‍ക്ക് ആണ്മക്കള്‍ രണ്ട്; അപ്പുണ്ണിയും കുഞ്ഞുണ്ണിയും.ഇവരെല്ലാം ഉഗാണ്ടയില്‍ നിന്ന്
കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് ഒരൂഹണ്ട്.

എണ്ണം പറഞ്ഞ് കടത്തുകൂലി വാങ്ങാന്‍ പുളിഞ്ചിരിക്കേ സാധിക്കൂ. ഈളക്കടു*പോലിരിക്ക്‌ണ ചാത്തായിക്ക് പനങ്കള്ളടിച്ച് കിറുങ്ങി ഇരിക്കാനേ നേരള്ളു. എന്നിരുന്നാലും തുഴയെറിയുന്നത് കണ്ടാല്‍ അത്ഭുതം കൂറിപ്പോകും, ചാത്തായി തന്ന്യാണൊ ഇത്….!!!. മെലിഞ്ഞിട്ടാണെങ്കിലും നല്ല കൈക്കരുത്താണ്. അയാളുടെ തുഴച്ചിലിന് നാടന്‍ ശീലിന്‍റെ ഈണമുള്ളതായി തോന്നും.

മക്കള്‍ രണ്ടു പേരും കൂലിപ്പണിക്കാരാണ്.അവര്‍ക്ക് പണിയില്ലെങ്കിലേ അഛനേം അമ്മേനേം സഹായിക്കാനായിട്ട് വരാറുള്ളു. കൂട്ടത്തില്‍ കുഞ്ഞുണ്ണിക്കാണ് അഴക് കൂടുതല്‍.
അതോണ്ട് താളരിയാന്‍ വരുന്ന ചെറുമിപ്പെണ്‍കിടാങ്ങള്‍ക്ക് അവനോടൊ‘രിതാ‘ണ്…..

“മാധവേട്ടനെത്തി, ന്നാ പൊറപ്പെട്വല്ലേ…”
മാധവേട്ടന്‍ ആ വിടര്‍ന്ന ചിരിയുമായ് വെറ്റിലകൊട്ട തോണിയില്‍ വെച്ച് കയറിയിരുന്നു.

“മാപ്ലാരെ മഞ്ചി നീങ്ങണില്യ ഒന്ന് എറങ്ങി തള്ളിയെ”എന്ന് പറഞ്ഞ് പുളിഞ്ചിരി തുഴയെറിഞ്ഞു.
“പോകല്ലേ….ഞാ‍നൂണ്ടേ…………….യ്”
“ഈ വറീതാപ്ല എപ്പളും ഇങ്ങനന്ന്യാ മനുഷ്യനെ മെനക്കെടുത്തും. നിക്ക് ഞാണക്കാട്ട്‌ക്ക് അങ്ങ്‌ട് എത്തണേയ്”. ചക്കര ആണത് പറഞ്ഞത്.
കരിച്ചാലിലെ ചെറുമികളില്‍ ഇച്ചിരി ചൊങ്ക് ചക്കരക്കാണ്.
അതിന്‍റെ ഒരു നെകളിപ്പ് ചക്കരക്ക് ഉണ്ട്.അത് ഭാഷയിലും നടത്തത്തിലും കാണാന്‍ സാധിക്കും.
“ഉമ്മക്കുട്ട്യോളാ അവളെ ഇങ്ങനെ വെടക്കാക്ക്യേത്” എന്ന് ഗദ്ഗദം കൊള്ളും മറ്റു ചെറുമികള്‍.

“ഇതെന്തൂട്ടാ പുളിഞ്ചിര്യെ ഇമ്പളെ ഒന്ന് കാത്തൂട ല്യേ”
“മാപ്ലേയ്..ന്‍റെ തൊള്ള തൊറപ്പിക്കണ്ട ഇങ്ങള്”

“ന്നെന്താ കോള് വറീതേ….”
“അതിത്തിരി കാവത്തും ചേമ്പും, നല്ല മഴയായതോണ്ട് കോള് കുറവാ വാപ്പോപ്ലെ…”
വറീതാപ്ല ചാക്കുംകെട്ട് വെയ്ക്കുന്നതിനിടയില്‍ പറഞ്ഞു.

അങ്ങനെ വറീതാപ്ലയും കയറി, ആ ജീവിതനൌക കൊച്ചനൂരിന്‍റെ കര ലക്‍ഷ്യമാക്കി മന്ദം നീങ്ങി.

“ഹലൊ യൂസഫ് താനെന്നു വന്നു” ഞാനെന്‍റെ പഴയ ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്ന് തിരിഞ്ഞു നോക്കി. അനിലായിരുന്നു അത്. എന്‍റെ സഹപാഠി. ഞങ്ങള്‍ കുശലാന്വേഷണത്തിലേര്‍പ്പെട്ടു.

(തുടരും)

മഞ്ചി=തോണി
കായബലം=കായ,ഫലം

ഫോട്ടോ: ഖാദർ കൊച്ചനൂർ

3 thoughts on “കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ് – ഒന്ന്

 1. യൂസ്ഫ്ക്കടെ (അത്ക്കന്‍ ) ബ്ലോഗില്‍ ഇത്‌ വായിച്ചിരുന്നു. ഇവിടെ എത്തിയത്‌ പള്ളിക്കരയില്‍ താങ്കള്‍ ഇട്ട കമന്റ്‌ വഴിയാണു..

  എല്ലാ ആശംസകളും നേരുന്നു..

 2. ഓളപ്പരപ്പില്‍ സ്വയം കണ്ണാടിനോക്കി കടവത്തേക്ക്‌ ചാഞ്ഞ്‌ നിലകൊള്ളുന്ന വയസ്സന്‍ പേരാല്‍ മരം.
  അക്കരെ പച്ചത്തഴപ്പിനോട്‌ വിടപറഞ്ഞ്‌ നീങ്ങിവരുന്ന കടവുതോണി.
  ഇരുകരകളേയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ്‌ പാലത്തിന്റെ വിദൂരദൃശ്യം.
  കരകളിലേക്ക്‌ കയറി ഏന്തിക്കിടക്കുന്ന ജലരാശി.
  കടപ്പായിയില്‍ നിന്ന്‌ നോക്കുമ്പോള്‍ ലഭിക്കുന്ന പഴയ കരിച്ചാല്‍ കടവിന്റെ ചാരുതയുറ്റ ചിത്രം മനോഹരമായ പെയിന്റിങ്ങ്‌ പോലെ സ്വപ്നസന്നിഭം…..

  വായനിറയെ മുറുക്കാനിട്ട്‌ ചവച്ച്‌ ചുവപ്പിച്ച്‌ ആയത്തില്‍ വഞ്ചി തുഴയുന്ന പുളിഞ്ചിരി. അവരുടെ വഞ്ചിയില്‍ കടത്തു കടന്ന്‌ എന്നും സ്കൂളില്‍ പോയി വന്ന എന്റെയും സതീര്‍ത്ഥ്യരുടെയും കൌമാരകാലം………….

  അത്കന്റെ കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഗതകാല സ്മരണകളുടെ വേലിയേറ്റം മനസ്സിലേക്ക്‌………

  അഖ്യാനം രസകരം. തുടരുക.

  ഉസ്മാന്‍ യാങ്കത്ത്‌.

 3. ജസീം,
  ഒരു ബാര്‍ വെലങ്ങനെ കെടക്കണോണ്ട് വായിക്കാന്‍ ച്ചിരി ബുദ്ധിമുട്ട്‌ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *