ഓർമ്മയായ് അമ്മുണ്ണി

എൺപതുകളിൽ അബൂദാബിയിൽ താരിഫിനുമപ്പുറം ബുഹാസ, ഹബ്ശാൻ എന്നൊക്കെ പേരുള്ളതും എന്നാൽ ഒരേമുഖമുള്ളതുമായ മണലാരണ്യപ്രവിശ്യകളിൽ കാറ്ററിങ്ങ് കമ്പനിയുടെ കീഴിൽ ഓയിൽ റിഗ്ഗിന്റെ കേമ്പുകളിൽ ജോലി ചെയ്തിരുന്ന കാലം.

രണ്ടോ മൂന്നോ മാസം ഇടമുറിയാതെ ജോലിചെയ്താൽ ഒരാഴ്ച്ചത്തെ ലീവിൽ അബൂദാബി സിറ്റിയിലേക്ക് പോകാം.

അവിടെ ഖാലിദിയ ഏരിയയിൽ. ഒരു പറ്റം കൊച്ചനൂരുകാർ സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ഒരു മുറിയുണ്ടായിരുന്നു അന്ന്. ഏറെനാൾ ഇത്തരം ലീവിന്റെ ഇടവേളകളിൽ ആ മുറി എന്റെയും സങ്കേതമായിട്ടുണ്ട്.

അവിടെ എന്റെ ഒരു ബാഗ് ഏതോ കട്ടിലിന്നടിയിൽ സ്ഥിരമായി സൂക്ഷിച്ചുവെച്ചിരുന്നു. ഒരു ഡിക്ഷ്ണറി, കൗമാരം മുതൽ ഇടക്കൊക്കെ എഴുതിവെച്ചിരുന്ന ഡയറി, SSLC ക്ലാസ് കഴിഞ്ഞപ്പോൾ കൂടെക്കൂടിയ ഓട്ടോഗ്രാഫ്, പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ അടങ്ങിയ ആൽബം, വീണ്ടും പ്രിന്റെടുക്കണമന്നാശിച്ചിരുന്ന ചില അപൂർവ്വഫോട്ടോകളുടെ നെഗറ്റീവ്സ്, പ്രിയങ്കരരായ ബന്ധുമിത്രാദികളിൽ നിന്ന് കിട്ടിയ ഏതാനും കത്തുകൾ എന്നിവയൊക്കെ ആ ബാഗിന്റെ ഉള്ളടക്കമായിരുന്നു.

വാടകയൊന്നും ഈടാക്കാതെ ഇഷ്ടത്തോടെ അന്നൊക്കെ ആ മുറിയിൽ എന്നെ പൊറുപ്പിച്ചിരുന്ന ആളുകളിൽ ഒരാൾ നാട്ടുകാരനായ തെക്കുട്ടേലെ അമ്മുണ്ണിയായിരുന്നു. മദ്റസയിലെ പഴയ സതീർത്ഥ്യൻ. പൊതുവെ രൂപഭാവങ്ങളിൽ പരുക്കനെങ്കിലും ഏറ്റവും പ്രിയപ്പെട്ടവർ വിളിച്ചിരുന്ന പോലെ എന്നെ ഉസ്മാങ്കുട്ടി എന്ന് മാത്രം വിളിച്ചിരുന്ന സുഹൃത്ത്.

അലൈനിൽ നിന്ന് പിക്കപ്പിൽ പച്ചക്കറിയെടുത്ത് ദുബായിലേക്ക് (അതോ തിരിച്ചോ) കൊണ്ടുപോകുന്ന ജോലിയായിരുന്നു അമ്മുണ്ണിക്ക്. മിക്കവാറും രാത്രികളിലാണ് ഓട്ടം. അമ്മുണ്ണിയുടെ ബെഡും പുതപ്പും ടൂത്ത്പേസ്റ്റ്, സോപ്പ് എന്നിവയും ഉപയോഗിച്ചോളാൻ പ്രത്യേകം ശട്ടം കെട്ടിയായിരിക്കും കുളിച്ച് സുന്ദരനായി വൈകുന്നേരം വണ്ടിയുമെടുത്തുള്ള പോക്ക്.

ഒരിക്കൽ പതിവുപോലെ മരുഭൂമിയിൽ നിന്ന് ആർത്തിയോടെ ഖാലിദിയയിൽ ഞാൻ വണ്ടിയിറങ്ങി റൂമിലേക്ക് ചെന്നപ്പോൾ അവിടെ പരിചിതമുഖങ്ങളൊന്നുമില്ല. അന്യേഷിച്ചപ്പോൾ പഴയ പൊറുപ്പുകാർ വേറെ സ്ഥലങ്ങളിലേക്ക് ചേക്കേറിയെന്നറിഞ്ഞു. ഇത്തിരിനേരം അവിടെ അന്തംവിട്ട് നിന്നശേഷം ഞാൻ എന്റെ മച്ചുനിയന്മാർ താമസിക്കുന്നിടത്തേക്ക് പോയി അവിടെ കൂടി.

ഖാലിദിയ റൂമിലെ നാട്ടുകാർ ഒറ്റയ്ക്കൊറ്റക്ക് പല ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കുമായി കൂടുമാറുകയാണുണ്ടായത് എന്ന് മച്ചുനിയൻ പറഞ്ഞു.

എന്റെ ബാഗ് എന്തായി എന്ന അന്യേഷണത്തിന് ഒരു തുമ്പും കിട്ടിയില്ല. ആരെയും പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടില്ലാത്ത, ഊരും പേരുമില്ലാത്ത ആ ബാഗ് ഉപേക്ഷിക്കപ്പെട്ടിരിക്കും…. പ്രിയങ്കരങ്ങളായ ആ കുഞ്ഞുകുഞ്ഞ് സാധനങ്ങളുടെ നഷ്ടം ഒരു വിമ്മിഷ്ടമായി ഉള്ളിൽ കിടന്നു.

ഒരാഴ്ച്ച പിന്നിടാറായി. റിഗ്ഗിലേക്ക് മടങ്ങാൻ സമയമായി. അമ്മുണ്ണിയെ ഒന്ന് കാണാം എന്നുകരുതി അദ്ദേഹം താമസം തുടങ്ങിയിരുന്ന ഫ്ലാറ്റിലേക്ക് കസിനായ സൈനുദ്ദീനേയും കൂട്ടി വെറുതേ പോയി. ബാഗിന്റെ കാര്യം ഞാൻ മറന്നുതുടങ്ങിയിരുന്നു.
രാത്രിഡ്യൂട്ടി കഴിഞ്ഞുള്ള പകലുറക്കവും കഴിഞ്ഞ് ബെഡ്ഡിൽ ചുമരും ചാരിയിരുന്ന് അദ്ദേഹം ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. നാട്ടുവിശേഷങ്ങൾ വിഷയമായി. ചിരിയൂറുന്ന ചുണ്ടുകളുമായി തമാശകൾ കെട്ടഴിച്ചു.. സുലൈമാനി തന്ന് സൽക്കരിച്ചു. പോരാൻ നേരം സ്വന്തം കട്ടിലിനടിയിൽ നിന്ന് ഒരു ബാഗ് പുറത്തെടുത്ത് പുഞ്ചിരിയോടെ എന്റെ നേരെ നീട്ടി. “ഉസ്മാങ്കുട്ട്യേ, അന്റെ ബാഗ് ഞാനിങ്ങോട്ട് കൊണ്ടുപോന്നു. എല്ലാരും ഉപേക്ഷിച്ചതായിരുന്നു. ഞാൻ വെറുതെ തുറന്ന് നോക്ക്യേപ്പൊ അന്റതാന്ന് മനസ്സിലായി”

എന്റെ കണ്ണ് നിറഞ്ഞു. അടുപ്പമുള്ളവരും കുടുംബബന്ധമുള്ളവരും ആ പഴയ മുറിയിലെ കൂട്ടത്തിൽ വേറെയുമുണ്ടായിരുന്നു. റൂം ഷിഫ്റ്റ് ചെയ്യുമ്പോൾ ഓരോരുത്തർക്കും സ്വന്തം സാധനങ്ങൾ തന്നെ കൊണ്ടുപോകാനായി ധാരാളമുണ്ടാകും. ഇതിനിടയിൽ ആരെയും പറഞ്ഞേൽപ്പിക്കാതെ അലക്ഷ്യമായി സൂക്ഷിക്കപ്പെട്ട ഊരും പേരുമില്ലാത്ത ബാഗിനെ ആര് ശ്രദ്ധിക്കാൻ ! പക്ഷെ എനിക്ക് വേണ്ടി എന്റെ അരുമയായ വസ്തുക്കളെ സംരക്ഷിക്കാൻ ഒരാളുണ്ടായി….

വർഷങ്ങൾ ഏറെ കടന്നുപോയി. അമ്മുണ്ണി പ്രവാസം ഉപേക്ഷിച്ച് നാട്ടിൽ സ്വസ്ഥനായി. പള്ളിയിൽ കൃത്യമായി പ്രാർത്ഥനക്കെത്തുന്ന അമ്മുണ്ണിയെ കൂടെക്കൂടെ കാണാൻ അവസരമുണ്ടായി. ചില അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

——— ——————

അന്ന് പുഞ്ചിരിയോടെ എന്റെ പ്രിയപ്പെട്ട ബാഗ് കയ്യിൽ വെച്ചുതന്നപ്പോൾ നിറഞ്ഞപോലെ ഇന്നും എന്റെ മിഴികൾ നിറയുന്നു…..

അമ്മുണ്ണി ദൈവത്തിങ്കലേക്ക് യാത്രയായിരിക്കുന്നു…
ഇന്നാ ലില്ലാഹ്…

പുറമെ പരുക്കനെങ്കിലും പട്ട്പോലെ മിനുസമുള്ളൊരു മനസ്സ് ആ വലിയ ശരീരത്തിനുള്ളിൽ എന്നും സ്പന്ദിച്ചിരുന്നു….
അദ്ദേഹത്തെക്കുറിച്ച് പറയാൻ ഇനിയുമേറെയുണ്ടെങ്കിലും ഇപ്പോൾ വയ്യ….

പാപവിമോചനത്തിനും പരലോകസൗഖ്യത്തിനുമായി പ്രാർത്ഥനകൾ…..

Leave a Reply

Your email address will not be published. Required fields are marked *