ഓർമ്മകൾ ചില സ്മാരകശിലകൾ

•ചിന്തകൾ ഉലാത്തുന്നത്ത് നീ കണ്ടിട്ടുണ്ടോ?

ആരാണത് ചോദിച്ചത് എന്റെ മനസ്സ് എന്നോട് തന്നെ, അല്ലാതാരാ ഈ നട്ടപ്പാതിരാക്ക് ഇതു പോലുള്ള ചോദ്യങ്ങൾ തൊടുത്തു വിടുക….

പാതിരാവേളകളിൽ നിദ്രയെ പുൽകാൻ ആർത്തിപൂണ്ട് കിടക്കയുടെ മേനിയിലേക്കു തളർന്നു വീണാൽ….

ക്ഷണിക്കാതെ എത്തി വലിഞ്ഞു കയറി വരും ചിന്തകൾ….

ആശാന്റെ വരവ് എവിടെ നിന്നാണാവോ…?

ഒരു നാണവും മാനവുമില്ലാത്ത ഇങ്ങനെയൊരുവനെ വേറെയെവിടെയും ഞാൻ കണ്ടിട്ടില്ല…

ഓരോ വേളകളിലും പല കോലമാണ് പഹയന്….

ഒപ്പം അവന്റെ കൂട്ടുകാരൻ മനസ്സും…രണ്ടും കൂടെ ഒരിക്കലും വേർപിരിയില്ല എന്ന വാശിയിലാണ്…

മനസ്സിന്റെ ഗോവണിപ്പടികളിൽ വിശ്രമിക്കാറാണത്രേ ചിന്തകൾ….

ഉണർന്നാൽ പെട്ടു… പിന്നെ പടികൾ ഏറിയേറി മുകളിലോട്ട് ചിന്തകൾ അവന്റെ കാടു കയറും….

ഉറക്കിന്റെ സൊയ്‌ര്യത്തെ ആട്ടിപ്പായിക്കും പിന്നെ പഴയകാല ഓർമ്മകൾ വിരുന്നുകാരായെത്തും….

നേരം മോന്തി ആകാറായി അടിച്ചുകൂട്ടിയചവറുമൊത്തം അവിടെ കിടക്കാണ് ഉമ്മാടെ മോൻ ആ തീപ്പെട്ടി ഒന്ന് കത്തിച്ച് എന്റെ കയ്യിൽ തരുവോ…

നാളേക്ക് വെച്ചാൽ ലെഷ്‌ണം കെട്ട കാറ്റ് ഈ കരിയില മൊത്തം വീണ്ടും ഈ പറമ്പിൽ കൊണ്ട് നടന്നു വിതറും….

എന്റുമ്മമ്മ ചൂലും കൊണ്ട് മുന്നേ നടക്കുന്നുണ്ട് ഞാൻ പിന്നാലെയും….

ആളിക്കത്തുന്ന തീയ്യിന്റെ കൊടും ചൂടിൽ മൈസൂർ വാഴയുടെ പച്ചപ്പട്ടകൾ കിടന്നാടിയുലയും…

ചിന്തകൾ പെരുകുമ്പോൾ എന്റെ ഹൃദയമാണിപ്പോൾ ആടിയുലയുന്നതായെനിക്കു തോന്നുന്നത്‌….

ഇങ്ങനെ കുറേ കുസൃതികളാണവന്…

മണ്മറഞ്ഞു പോയ പല ഉറ്റവരുടെയും,ഉടയവരുടേയും കുന്തിരിക്കത്തിൻറെ ഗന്ധം പരത്താൻ വേണ്ടി മാത്രമായിരിക്കും ചില ദിവസങ്ങളിൽ ചിന്തകൾ മെനക്കെട്ട് കൊണ്ട് കാടു കയറാറ്……

അതവന്റെ ശീലമാണ് കണ്ണുകളിൽ ഈറനണിയിച്ച് ഉറ്റവരെകുറിച്ചുള്ള സ്മരണകൾ കോറിയിട്ടുകൊണ്ട് പിന്നെ എങ്ങോട്ടെന്നില്ലാതെ നടന്നകലും….

എങ്കിലും അതൊരു സുഖമുള്ള നോവാണ്…

പണ്ടെങ്ങോ ഉമ്മമ്മയോടൊത്ത് കൊച്ചനംകുളത്തിൽ പായ കഴുകാൻ പോയതും…

ഓലമെടയുമ്പോൾ അതിനപ്പുറത്തിരുന്ന് പച്ചമാങ്ങ ഉപ്പുകൂട്ടി തിന്നതും….

പെരുന്നാളിന് വരമ്പത്തെ മൈലാഞ്ചിച്ചെടിയിൽ നിന്നും കൊമ്പുരിഞ്ഞതും അതരക്കുന്നത് നോക്കി ഉമ്മമ്മയുടെ ചാരേ അമ്മിക്കല്ലിൽ ചാരി നിന്നതും……

ചെറുപ്പത്തിൽ ഏറ്റവുമധികം നാട്ടിലുള്ള പീടികക്കോലായകൾ കയറിയിറങ്ങിയിട്ടുള്ളത് നാണയത്തുട്ടുകൾ കയ്യിൽ വെച്ചു തന്നും കൊണ്ട് ഉമ്മമ്മ മുറുക്കാൻ വാങ്ങിക്കൊണ്ട് വരാൻ പറയുന്ന വേളകളിലായിരുന്നു…

ചില ദിവസങ്ങളിൽ ഇഷ്ടദാനം കിട്ടിയ ചില്ലറത്തുട്ടുകൾ എന്റെ ട്രൗസറിന്റെ പോക്കറ്റുകളിൽ പലനിറങ്ങളിലുള്ള മധുര മിഠായികളാൽ ആഹ്ലാദത്തേ നിറയ്ക്കാറുണ്ടായിരുന്നു….

ഓർമ്മകളുടെ പീടികത്തിണ്ണയിൽ ഇന്നും അവകൾ പല നിറങ്ങളിൽ മിന്നിത്തിളങ്ങുന്നുണ്ട്….

വീട്ടിൽ വരാറുള്ള അടുത്തബന്ധുക്കളിൽ ചിലർ ഉമ്മമ്മയുടെ കയ്യിൽ സ്നേഹത്തോടെ സമ്മാനിക്കാറുള്ള ചില തുകകൾ അതായിരുന്നു എനിക്ക് കൈമാറികിട്ടിയിരുന്ന ആ ഇഷ്ടദാനങ്ങൾ….

ഉമ്മമയുടെ ലോക്കറുകൾ എനിക്കും വളരേ സുപരിചിതമായിരുന്നു പഴയ ന്യൂസ്‌പേപ്പറുകളാൽ നിലംപാകിയ വെറ്റിലച്ചെല്ലത്തിൽ ആ പേപ്പറുകൾകടിയിലായിരുന്നു തുകകളുടെ സുരക്ഷാ വാസം…

ബാല്ല്യവും വിട്ട് കൗമാരത്തിലും യവ്വനത്തിലും പലആവശ്യങ്ങൾക്കും വീട് വിട്ടിറങ്ങുമ്പോളും ഇഷ്ടദാനം എന്റെ കൈകളെ തേടിയെത്തൽ ഒരു ആചാരമായി നിലകൊണ്ടു…

വീട്ടിലെ ആരുമറിയാതെ സ്നേഹത്തിന്റെ വിരൽപാടുകൾ പതിഞ്ഞ ആ ഇഷ്ടദാനങ്ങൾ ഏല്പിക്കപ്പെടാറായിരുന്നു പതിവ്….

പിന്നെ പിന്നെ അതെനിക്കൊരു പ്രതീക്ഷയായി മാറുകയായിരുന്നു വീട്ടിൽനിന്നും വല്ല ദൂര യാത്രകൾക്കോ മറ്റോ പുറപ്പെടുമ്പോൾ എന്റെ പിന്നാമ്പുറങ്ങളിൽ ആ കാൽപെരുമാറ്റം ഞാൻ പ്രതീക്ഷിക്കാറുണ്ടായിരുന്നു എന്നതാണ് സത്യം….

പൈസകിട്ടുക എന്നതായിരുന്നില്ല നേരെ മറിച്ച് ഒരു സ്നേഹത്തിന്റെ വലയം എന്നെ ചുറ്റപ്പെടുന്ന ആ അനുഭൂതിയായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്…

വല്ലാത്തൊരു അനുഭൂതി….

വീടിന്റെ അകത്തളങ്ങളിലും… തൊടിയിലും വിശ്രമമില്ലാതെ ഉത്സാഹത്തോടെ വിരാജിച്ചിരുന്ന ആ രൂപം… ഇന്ന് ഒരുവിളിപാടകലെ വിളി കേൾക്കാതെ വിശ്രമത്തിലാണ്…

പടിയിറങ്ങിയെങ്കിലും.. അതിനേക്കാൾ മൂല്ല്യമുളള ഒരിക്കലും മരിക്കാത്ത പടിയിറങ്ങാത്ത ഓർമ്മകൾ നൽകിക്കൊണ്ട്….

അതോടൊപ്പം ബോധംകെട്ടു പോയ ചിലർ … ഇന്നും അബോധാവസ്ഥയിൽ തുടരുന്നുണ്ട്…

വീടിന്റെ പിന്നാമ്പുറത്ത് സ്ഥിരവാസമാക്കിയ ചില കരിങ്കൽരൂപങ്ങൾ..

ഉലയ്ക്കയും ഉരലും അലക്കുകല്ലും അതോടൊപ്പം അമ്മിക്കല്ലും..

പോയകാലങ്ങളിൽ വിശ്രമമില്ലാതെ അനുഭവിച്ച ഒരു കാലത്തിന്റെ തന്നെ അനുഭവങ്ങളും, കഥകളും, ഓർമ്മകളും അവകൾക്ക് ഇന്ന് അയവിറക്കാനുണ്ട്..

അതിന്റെ ക്ഷീണമാവാം…

അവകളുടെ ഇന്നത്തെ ഈ വിശ്രമം….

ഓർമ്മകളുടെ പൊടിപടലങ്ങളുയർത്തി സ്വപ്‍നം കണ്ടുറങ്ങുകയാണവർ, അതേ ഓർമ്മകളുടെ കാണാക്കയങ്ങളിൽ എന്റെ ഉമ്മമ്മയോടൊത്ത് അവരും മത്സരിച്ച് ഉറങ്ങുകയാണ്….

ഇനി ഉണർത്തുന്നില്ല…

അതല്ലേൽ ഉണർത്താൻ ആഗ്രഹിക്കുന്നില്ല….

ഉറങ്ങട്ടെ അവർ….

ആരും അവകളെ ശല്ല്യപ്പെടുത്താതെ,

സ്പർശിക്കാതെ, വിളിച്ചുണർത്താതെ..

ഓർമ്മകളിലെ ആ വിരൽപാടുകൾ അവകളിൽ അവശേഷിപ്പിച്ചുകൊണ്ട്.

സമാധാനത്തിന്റെ ചില കൽരൂപങ്ങളായി…

അതല്ലേൽ,

ഓർമ്മകളുടെ ചില സ്മാരകശിലകളായി അങ്ങനെ അവകൾ അവശേഷിക്കട്ടെ….

ഓർമ്മകൾ മരിച്ചാൽ എന്തിനുകൊള്ളാം…

വെറും മരവിച്ച ചില ശരീരങ്ങൾ മാത്രമാകും നാം ഓരോരുത്തരും…

മണ്മറഞ്ഞു പോയ പല കാർന്നോന്മാരെ കുറിച്ചുള്ള ചിന്തകളെ ആവാഹിക്കാൻ കഴിഞ്ഞാൽ…

അവരിൽ നിന്നും നാം ഉൾകൊണ്ട മരിക്കാത്ത ചില പാഠങ്ങളും,ഉപദേശങ്ങളും,അനവധി വായ്മൊഴികളും ഇനിയുള്ള ജീവിതത്തിൽ മുന്നേറാൻ നമ്മെ പ്രാപ്തരാക്കും….

കഴമ്പുള്ള ഓർമ്മകൾ…

മനസ്സിന്റെ നിലവറകളുടെ അങ്ങേ അടിത്തട്ടിൽ ഒരിക്കലും നശിക്കാത്ത സ്മാരകശിലകളായി അങ്ങനെ അവശേഷിക്കട്ടെ….

അതോടൊപ്പം…,

ചിന്തകൾ ഗോവണിപ്പടികൾ ഇനിയും താണ്ടിടട്ടെ…

അടങ്ങിയൊതുങ്ങി ഇരിക്കാതെ….

മനസ്സിന്റെ മച്ചിന്റകത്ത് താഴിട്ടു പൂട്ടി അവിടെ മാത്രം ഒതുങ്ങിക്കൂടി കഴിഞ്ഞു കൂടാതെ….

ചിന്തകളുടെ കാലിൽ കൊരുത്ത ചങ്ങലകൾ അറുത്തു മാറ്റി അവൻ ഉലാത്തട്ടെ മനസ്സിന്റെ മച്ചിന്റകത്തിന്റെ താഴുകൾ കുത്തിത്തുറന്ന്… ഗോവണിപ്പടികൾ കയറി…

ഓർമ്മകളുടെ വിജനമായ കോലായകളിലൂടെ സോയ്‌ര്യവിഹാരം നടത്തിടട്ടെ…

അപ്പോളേ…മണ്മറഞ്ഞു പോയ ഉറ്റവരും ഉടയവരും,ഇണയും,തുണയും..വേണ്ടപ്പെട്ടവരും മനസ്സിന്റെ കോണുകളിൽ വന്നിരുന്ന് സൊറ പറഞ്ഞ് ഒരിക്കൽ കൂടെ നമ്മോടൊത്ത് ജീവിച്ച് കൊതിതീർക്കാൻ മടങ്ങിയെത്തുകയുള്ളൂ…

പ്രിയപ്പെട്ടവരുടെ ഒരു പുനർജന്മം അത് ചിന്തകളുടെ തേരിലേറി വന്നണയട്ടെ…..

ഓർമ്മകളുടെ വെറ്റിലച്ചെല്ലവും തുറന്ന് മച്ചിന്റകത്തേ ആ അരണ്ട വെളിച്ചത്തിൽ മുറുക്കാൻ കറപിടിച്ച മോണയും കാട്ടി ചിരിക്കുന്ന എന്റെ വല്ലിമ്മയെ പോലെ…

മരിച്ചാലും അസ്തമിക്കാത്ത പ്രിയപ്പെട്ട ചില രൂപങ്ങളായി….

ഒരിക്കലും ദ്രവിക്കാത്ത മനസ്സിലെ ചില സ്മാരകശിലകളായി…

അങ്ങനെ… അങ്ങനെ……….യുഗങ്ങളോളം അവസാനമില്ലാതെ…

Leave a Reply

Your email address will not be published. Required fields are marked *