മരം കോച്ചുന്ന മകരത്തിലെ തണുപ്പാണ് നോമ്പു കാലമായാൽ ആദ്യം ഓർമ്മയിൽ തെളിയാറ്…
ബാല്ല്യത്തിലെ ക്ലാവ് പിടിക്കാത്ത നോമ്പോർമ്മകളിലെ ചില റമളാൻ മാസങ്ങൾ കൂട്ടു തേടിയത് മലയാളമാസം മകരത്തെയായിരുന്നു…
അങ്ങനെ ഓർമ്മകളിലെ മകരമാസങ്ങളിൽ വന്ന റമളാൻ മാസങ്ങളിൽ…
ശബരിമലക്ക് പോകാൻ മാലയിട്ട സ്വാമിമാർ സ്വാമിയെ ശരണംഅയ്യപ്പോ എന്ന് ഭക്തിയിൽ ഉരുവിട്ടു കൊണ്ട് ആ തണുപ്പിനെ വകവെക്കാതെ വീടിനു പിന്നാമ്പുറത്തുള്ള കൊച്ചനംകുളത്തിൽ നിന്നും സ്നാനശുദ്ധി വരുത്തി മടങ്ങി പോകുന്നുണ്ടാകും…
അതു കേട്ടു കൊണ്ടായിരിക്കും വീടിന്റെ അകത്തളങ്ങളിൽ ഞാനും എൻറെ കുടുംബവും അത്താഴം കഴിക്കുന്നുണ്ടാകുക….
അകത്തിരിക്കുന്ന എൻറെ പല്ലുകൾ തണുപ്പിനാൽ കൂട്ടിയിടിക്കുന്നുണ്ടാകും…
ഉറക്കിന്റെ ആലസ്യവും, തണുപ്പിന്റെ കാഠിന്യവും കൊണ്ട് തീന്മേശയിൽ ഇരുന്ന് ഞാൻ ഉറങ്ങി തൂങ്ങിയാടുന്നുണ്ടാവും…
പെങ്ങളും, ഇക്കയും നൈസ് ആയി വെട്ടി വിഴുങ്ങുന്ന തിരക്കിലായിരിക്കും…
ടാ ഇരുന്നു തൂങ്ങാതെ എന്തെങ്കിലും തിന്നോ ഉമ്മർ ഉസ്താദ് ഇപ്പോൾ ബാങ്ക് കൊടുക്കും…
ഉമ്മയുടെ ശകാരം ഉറക്കിന്റെ കാഠിന്യത്തെ തടഞ്ഞു കൊണ്ട് ഒരു ശല്യമെന്നോണം എന്നിലേക്ക് വരും..
തണുത്തിട്ട് വയ്യ ഉമ്മാ.. എനിക്ക് പറ്റുന്നില്ല എന്നു പറയുമ്പോളേക്കും ഉമ്മ എൻറെ തൊള്ള പൂട്ടിച്ചു കൊണ്ട് പറയും…
നിനക്കൊക്കെ എന്ത് തണുപ്പ്, ആ സ്വാമിമാർ പോകുന്നത് കേട്ടോ നീ,അവർ എത്ര ഭക്തിയോടെയാ അവരുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നെ…
തണുപ്പിനെ വക വെക്കാതെ ഐസ് പോലത്ത വെള്ളത്തിൽ മുങ്ങി കുളിച്ചിട്ട് പ്രാർത്ഥിക്കാൻ പോകാണവർ അതുപോലെ പോലെ ആവണം നീയും….
നീ നോൽക്കുന്ന നോമ്പിനു പ്രതിഫലം ഉണ്ടാവണേൽ അത്താഴം അതിനു വേണ്ട കർമ്മമായി കണ്ട് പടച്ചോന് വേണ്ടി ആത്മാർത്ഥമായി നോമ്പെടുക്കണം…
ഒരു കോട്ടു വാ ഇട്ടു കൊണ്ട് ഞാൻ ഉമ്മയെ നോക്കിക്കൊണ്ട് പഞ്ചസാരയും,തേങ്ങയും കൂടി ചേർത്ത അവിലും ചായയും കഴിക്കും…
ഉപ്പയുടെയും എന്റെയും അത്താഴത്തിനുള്ള ഇഷ്ടവിഭവമാണ് അവിലും ചായയും….
നോമ്പോർമ്മകളിൽ,അവിലിനും ചായക്കും ഒരു പ്രേത്യേക സ്ഥാനം തന്നേ ബാപ്പാക്കും മോൻക്കും ഉണ്ട്
….
കുറച്ചു കൂടെ വലുതായി പെങ്ങളൊക്കെ കല്ല്യാണം കഴിഞ്ഞു പോയപ്പോൾ…
അവിലിനുള്ള തേങ്ങ ചിരവാൻ അത്താഴവേളകളിൽ ഉമ്മയെ ചിലപ്പോഴൊക്കെ സഹായിക്കേണ്ടി വരാറുണ്ടായിരുന്നു….
തേങ്ങ ചിരവി പഠിച്ചപ്പോൾ അടുക്കളപ്പണിയിലെ ഏതോ ഭയങ്കര സംഭവകാര്യം നേടിയെടുത്ത അനുഭൂതിയായിരുന്നു ഉള്ളം നിറയെ….
വർഷാ വർഷങ്ങളിലെ നോമ്പ് പല കാലങ്ങളിലായി മാറി മറിഞ്ഞു വന്നു…
തണുപ്പിലും,ചൂടിലും പല കാലാവസ്ഥകളെ അഭിമുഖീകരിച്ചും നോമ്പുകാലങ്ങൾ ദ്രുത ഗതിയിൽ കടന്ന് പോയിക്കൊണ്ടിരുന്നു….
അവിലും തേങ്ങയും ചായയും അത്താഴങ്ങളിൽ അതോടൊപ്പം ആവർത്തിച്ച് കൊണ്ടേയിരുന്നു….
സമയം ബാങ്ക് കൊടുക്കാൻ ആയിത്തുടങ്ങിയിരിക്കുന്നു..
അവിൽ പാക്കറ്റ് എടുത്തു പൊട്ടിച്ചു കൊണ്ട് ഞാൻ പാത്രത്തിലേക്കിടുന്ന തിരക്കിലാണ്..
കേരള ഫുഡ്സ് അവിലിന്റെ ബ്രാൻഡ് നെയിം എൻറെ കണ്ണിലുടക്കി…
ദി ടേസ്റ്റ് ഓഫ് ജനറേഷൻസ് എന്ന ഒരു പരസ്യവാചകവുമുണ്ട് അതിനടിയിൽ…
ഏയ് ജനറേഷനുകൾക്ക് അവിൽ വിളമ്പിയുള്ള പാരമ്പര്യം “കുചേലൻ”എന്ന അവിലിനു തന്നേ നിങ്ങളൊക്കെ ഇപ്പൊ എന്നാ ഇണ്ടായേ എന്നെന്റെ മനസ്സു മന്ത്രിച്ചു…
ഹാ ഇനി തേങ്ങ ഇടണ്ടേ… വീട്ടിലാണേൽ അടുക്കളയോട് ചേർന്നുള്ള മിറ്റത്ത് കൂട്ടിഇട്ടതിൽ നിന്നും ഒന്നെടുത്ത് പൊതിച്ച് ചിരവയിൽ കുത്തിയിരുന്ന് അങ്ങട്ട് ചിരവിയാൽ മതി…
ഇതിപ്പോ ലുലുവിൽ പോകണം…
ഒന്നെടുക്കണം..
പോയി ക്യൂവിൽ നിന്ന് ബില്ലാക്കണം..
എന്നിട്ട് പിന്നെ ചിരവിക്കിട്ടാൻ വേറൊരു ക്യൂവി ൽ വേറെ ഒരു കാത്തു നിക്കൽ…
എന്ത് കാര്യണ്ട് തേങ്ങ ഒക്കെ ഇപ്പൊ എന്നാ ഇണ്ടായേ എന്നോർത്ത്..
പോരാത്തേന് ഈ പാതിരാക്ക് ഏത് ലുലു..
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല ശർക്കരയുടെ ഒരു വലിയ കഷ്ണം എടുത്തുവെച്ച് ചെറിയ ഉരലിലിട്ട് കുത്തിപ്പൊടിച്ചു…
അപ്പോഴാണ് ഓർമ്മ വന്നത് വിവേകിനേയും ഹർഷാദിനെയും വിളിച്ചിട്ടില്ല അവർ അത്താഴത്തിന് അവിലാണ് കഴിക്കാറ്…
ശരീഫ് ആൾറെഡി എഴുന്നേറ്റിട്ടുണ്ട് അവനും അവിലിന്റെ ആൾ തന്നേ….
അവരെ രണ്ടുപേരെയും വിളിച്ചുണർത്തി ഞാൻ വീണ്ടും അടുക്കളയിലേക്ക് വന്നു….
ഇച്ചിരി വെള്ളം അങ്ങോട്ട് ചൂടാക്കി…
പൊടിച്ചു വെച്ച ശർക്കര അവിലിലേക്കെടുത്തിട്ടു കുറച്ച് പഞ്ചസാരയും ചേർത്തു
ചൂടായ വെള്ളം ഇത്തിരി അതിലേക്ക് പകർന്നു നന്നായി ഒന്നങ്ങട്ട് തിരുമ്മി…
പ്രവാസിയുടെ അത്താഴത്തിനുള്ള സുഭിക്ഷമായ അവിൽ ദേ റെഡി യായി മുന്നിൽ ഇരിക്കുന്നു..
പിന്നിൽ ഒരു കാൽ പെരുമാറ്റം എന്തായെടാ വിവേകാണ്..
അവിൽ റെഡി നമുക്ക് കഴിക്കാം…
നാലുപേരും ഉരുട്ടി വായിലേക്കിട്ടു…
മകരമാസത്തിലെ തണുപ്പിന് പകരം എൽ ജി എസിയുടെ തണുപ്പിൽ ഞങ്ങൾ അവിൽ ചവച്ചു കൊണ്ടിരുന്നു….
കുചേലൻ അവിൽ നാടോർമ്മകളിലെ അത്താഴമേശകളിൽ ഇരുന്ന് എന്നേ കാത്തിരിക്കുന്നതായി അതോടൊപ്പം എനിക്ക് തോന്നി അപ്പുറത്ത് എൻറെ ഉപ്പയും അതിനു ചാരേയായി എൻറെ ഉമ്മയും…
നിയ്യത്ത് വെക്കാത്തവർ ഉണ്ടേൽ നിയ്യത്ത് വെച്ചോട്ട കൂട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു….
ഞാൻ വിവേകിനോട് ചിരിച്ചു കൊണ്ട് ചോദിച്ചു നീ നിയ്യത്ത് വെച്ചോ??
അറബിയിലുള്ള നിയ്യത്ത് മലയാളത്തിലാക്കി എഴുതിയത് ഫോട്ടോയെടുത്ത് മൊബൈലിൽ സൂക്ഷിച്ചത് തുറന്നു കാട്ടി കൊണ്ട് അവൻ പറഞ്ഞു ഞാൻ എപ്പോഴേ വെച്ചു….
സ്ക്രീനിൽ തെളിഞ്ഞു വന്ന അക്ഷരങ്ങൾ ഞാൻ സൂക്ഷമമായി വായിച്ചു…
നവയ്ത്തു സൗമ അദിൻ…അൻ അദാഇ…………….
പ്രവാസികൾക്ക് എല്ലാവർക്കും നോമ്പു കാലമാണ്..
അവർ റമളാനിനെ പൊന്നുപോലെ നോക്കുന്ന തിരക്കിലും…