അന്നു കേട്ട പാട്ടില്‍………..

വിരസ വാസത്തിന് വിരാമമിട്ട് കൊണ്ട് ദോഹയിലെ എന്റെ ഇടുങ്ങിയ മുറിയെ പകുക്കാനെത്തിയ ശ്രീലങ്കകാരൻ അസീസ് നാനയുടെ കൂടെ ശബ്ദ നിയന്ത്രണത്തിന്റെ നോബ് പൊട്ടിയ ജെ.വി.സി.യുടെ ഒരു സ്റ്റീരിയോ സെറ്റും ഒട്ടനവധി ആഡിയോ കാസറ്റുകളും ഉണ്ടായിരുന്നു… കാസറ്റുകളിലധികവും ‘ഇസൈ മുറസ്’ നാഗൂർ ഹനീഫയുടേതും….

തെക്കൻ ശ്രീലങ്കയിലെ മലനാട്ടിലുള്ള കാൻഡി സ്വദേശി അസീസ്, എന്റെ ജീവിതത്തിലേക്ക് നാഗുർ ഹനീഫയുടെ സ്വരമാധുര്യത്തെയും ഗാനാലാപന ശൈലിയേയും കുറിച്ച് പറഞ്ഞ് കുടിയേറി…
സംസാരത്തിനിടെ വളരെ അത്യാവശ്യമായ യാത്രക്ക് വേണ്ടി തന്നെ സഹായിച്ചതിന് പകരമായ് ഊദ് എന്ന പരിമള തൈലത്തിന്റെ ഉപഹാരത്തിലൂടെ മന്നായ് ട്രാവൽസിലെ നിലൂഫർ എന്ന നോർത്ത് ഇന്ത്യക്കാരിയുമായുള്ള പ്രണയം പരിണയത്തിൽ കലാശിച്ചതും അവർ തനിക്ക് മൂന്ന് സന്താനങ്ങളെ സമ്മാനിച്ചതും പറഞ്ഞു…
നാന എന്ന പദം മലയാളിയുടെ ‘ഇക്ക’ എന്ന വാക്കിന് തുല്യമാണെന്ന തിരിച്ചറിവിൽ ‘നാന’യെ തനിച്ചോ പേരിനോട് ചേർത്തോ അന്നു മുതൽ ഞാൻ സംബോധന ചെയ്യാൻ തുടങ്ങി..

“ഇറൈവനിടം കയ്യേന്തുങ്കള്‍
അവന്‍ ഇല്ലയെണ്ട്ര്
സൊല്ലവതില്ലൈ…
പൊറുമയുടന്‍കേട്ട്പാരുങ്കൾ
അവന്‍ പൊങ്കിശത്തൈ മൂടുവതില്ലൈ”
എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം ഞാൻ ആസ്വദിച്ചത്… കേട്ടു മറന്ന ഈരടികളുടെ ഉറവിടം തേടി മനസ്സ് യാത്ര തുടങ്ങി…. എന്റെ കൊച്ചന്നൂർ ഗ്രാമത്തിന്റെ തെരുവോരങ്ങളിൽ അന്ധഗായകർ വന്ന് മൈക്ക് കെട്ടി പാടിയിരുന്നത് ഈ ഗാനമായിരുന്നില്ലേ… അതോ തോളിൽ തൂക്കിയിട്ട ഹാർമോണിയപ്പെട്ടിയിൽ ഈണമിട് അറബനമുട്ടി വീടുകൾ തോറും കയറിയിറങ്ങി മദ്ഹ് ഗാനങ്ങൾ ആലപിച്ചിരുന്ന അവധൂതൻമാരിൽ നിന്നോ… എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആത്മബന്ധം ഗാനത്തിന്റെ ഉടമയുമായുണ്ടായി…
എന്നാൽ അസീസ് നാനയുടെ അസ്വാദനം തികച്ചും വിത്യസ്ഥമായിരുന്നു…. ചിന്തകൾക്ക് ചിറക് മുളച്ച് ഒരു ചിത്രശലഭമായി പറന്ന് പറന്ന് അങ്ങ് ശ്രീലങ്കയിലെ തന്റെ ദേശമായ കാൻഡിയും താണ്ടി തെക്കൻ മലനിരയോളമെത്തും… അവിടെ ദൈവകല്പന ധിക്കരിച്ച് വിലക്കപ്പെട്ട കനി തിന്നതിനു സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കൃതനായ ആദിപിതാവായ ആദം പ്രവാചകന്റെ പാദമുദ്ര പതിഞ്ഞ ആദം മലയിലേക്ക് മരണത്തിന്റെ നിർവൃതിക്കായ് കൂട്ടമായ് പറന്നടുക്കുന്ന മൃതപ്രായമെത്തിയ ശലഭ കൂട്ടങ്ങളോട് ചേരുമെത്രെ… കോടമഞ്ഞിറങ്ങുന്ന ആദം കൊടുമുടിയെ വട്ടമിട്ടു പറക്കുന്ന ശലഭ കൂട്ടങ്ങളിലേക്ക്….!!

”അരുള്‍മഴൈ പൊഴിവായ്
റഹ്മാനെ… ആലമെല്ലാം
അഴകായ്പടയ്‌തോനെ
അണ്ണല്‍ നബിയെ തന്നോനെ….”

ആത്മീയതയുടെ പാരമ്യത്തിലേക്കുയരാൻ പ്രേരിപ്പിക്കുന്ന ദൈവസ്മരണകൾ ഒഴുകുന്നു… ആസ്വാദനത്തിനിടയിൽ പഴയ പാട്ട്പുസ്തകം പോലുള്ള ചെറുപുസ്തകമെടുത്ത് നിവർത്തി എന്റെ താൽപര്യത്തിലേക്ക് കൂടുതൽ വിവരണങ്ങൾ നൽകാൻ തുടങ്ങി…. ഭാഷയുടെ മതിൽ കെട്ടുകൾക്കപ്പുറത്തുള്ള ഗ്രാഹ്യമല്ലാത്ത ആഖ്യാനമായിരുന്നതിനാൽ ആ ഭാഷയുടെ കാവ്യഭംഗി മാത്രം ആസ്വദിച്ച് ഞാൻ മിഴിച്ചിരുന്നു..
പിന്നീടുള്ള നാനയുടെ വിശദീകരണങ്ങളിൽ 1925 ഡിസംബര്‍ 25ന്, നാഗൂര്‍ സ്വദേശി ഇസ്മാഈലിന്റെയും ഭാര്യ മറിയം ബീവിയുടെയും മൂന്നാമത്തെ മകനായാണ് ഇസ്മാഈല്‍ മുഹമ്മദ് ഹനീഫ എന്ന നാഗൂര്‍ ഇ.എം ഹനീഫ ജനിച്ചത് എന്ന് ബോധ്യമായി… സംഗീതവുമായി പുലബന്ധമില്ലാത്ത ലോഹ പണിക്കാരുടെ കുടുംബം… ചെറുപ്രായത്തിൽ തന്നെ നാഗൂരിൽ സജീവമായിരുന്ന ഖിലാദിയ ബൈത്ത് സഭ എന്ന ഇസ്ലാമിക ഗായക സംഘത്തിന്ന്‍ വേണ്ടി പെയ്ത് തുടങ്ങിയ സംഗീതമഴ തമിഴകം നെഞ്ചിലേറ്റി സ്നേഹവായ്പുകളോടെ തന്റെ പേരിലെ ഇ.എം എന്നതിനെ ഗാനഗന്ധര്‍വന്‍ എന്നര്‍ഥമുള്ള ഇസൈമുറസ് എന്നു ചേര്‍ത്ത് വിളിക്കാനാരംഭിച്ചുവത്രെ…
തുടർന്നുള്ള നാളുകളിൽ നാനയോടൊന്നിച്ച് ഉപജീവനത്തിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞ് ദോഹയിൽ അലഞ്ഞു… ലക്ഷ്യപ്രാപ്തിയിലെത്തിയ അന്വേഷണങ്ങളുടെ ആത്മ നിർവൃതിയിൽ അസീസ്നാന പാടി….

“അല്ലാവെ നാം തൊഴുതാല്‍
സുഖമെല്ലാമെ ഓടിവരും
അന്തവല്ലോനെ നിനൈത്തിരുന്താല്‍
നല്ല വാള്‍കൈയും തേടിവരും.”

ജോലിയും താമസവും ഒരുമിച്ചായപ്പോൾ വിവരണങ്ങളും വിശേഷണങ്ങളും വർദ്ധിച്ചു… അഭിവൃദ്ധിയിൽ ഒരു വാഹനം ഞങ്ങൾ സ്വന്തമാക്കിയപ്പോൾ ഞങ്ങളുടെ തുടർ യാത്രകളിലും നാഗൂർ ഹനീഫയുടെ ഗാനങ്ങളും വിവരണങ്ങളും പശ്ചാതലമൊരുക്കി…

സ്വന്തമായി ഗാനങ്ങൾ രചിച്ച് സംഗീതോപകരണങ്ങളുടെ അമിതമായ ബഹളങ്ങളില്ലാതെ, ചമയങ്ങളില്ലാതെയുള്ള ഗാനങ്ങൾ തമിഴകത്തിന്റെ അതിരുകൾ കടന്ന് അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയത്രെ…
നാഗൂർ ഹനീഫയുടെ ഗാനാലാപന ശൈലിയിൽ താൽപര്യം തോന്നിയ ജ്ഞാനദേശികൻ എന്ന ബാലൻ ഗാനങ്ങൾക്ക് ഈണം നൽകി ചിട്ടപ്പെടുത്താൻ അവസരം ചോദിച്ചെത്തിയപ്പോൾ കൂടെകൂട്ടിയത് മുതൽ പുതിയൊരു ശൈലി രൂപപ്പെടുകയായിരുന്നുവത്രെ….

“തെന്‍ട്രല്‍ കാറ്റേ കൊഞ്ചം നില്ല്
എങ്കള്‍ തിരുനബിയിടം പോയ്
സൊല്ല്.. സലാം സൊല്ല്…”

എന്ന ഗാനം അടങ്ങുന്ന ആൽബം1974 ൽ ചിട്ടപ്പെടുത്തുമ്പോൾ ജ്ഞാനദേശികൻ എന്ന ബാലൻ തമിഴകത്തിന്റെ പ്രിയങ്കരനായ ഇസൈജ്ഞാനി ഇളയരാജ ആയിട്ടുണ്ടായിരുന്നില്ലത്രെ….

“ഫാത്തിമ വാഴ്ന്തമുറൈ
ഉനക്ക് തിരിയുമാ
അന്ത പാതയിലെ
വന്ന പെണ്ണേ നീ ശൊല്ലമാ…”

പ്രാവചക പുത്രിയെ കുറിച്ചുള്ള വരികൾ ഒരു ദിവസം പല തവണ റീപ്ലേയടിച്ച് കേൾക്കുന്നത് എന്നിൽ ആശ്ചര്യമുളവാക്കി… പിന്നെ ഒരു ഉറച്ച തീരുമാനത്തോടെയാണ് നാന സെറ്റ് ഓഫ് ചെയ്തത്… പഴയ ജോലി നഷ്ടമായതിനെ തുടർന്ന് നാട്ടിലാക്കിയ കുടുംബത്തെ തിരിച്ച് കൊണ്ടുവരണം എന്ന ആ തീരുമാനത്തെ ഞാനും അനുകൂലിച്ചു.. തുടർന്നുള്ള നാളുകൾ അതിനുള്ള ഒരുക്കങ്ങളുടേതായിരുന്നു…
അത് നിറവേറ്റിയ നിർവൃതിയാലാണ് നാഗൂർ ഹനീഫയെന്ന രാഷ്ട്രീയക്കാരനെ ഞാനറിയുന്നത്… ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആദിരൂപമായ നീതി കക്ഷിക്ക് ( ജസ്റ്റിസ് പാർട്ടി ) വേണ്ടി തോഴൻ കരുണാനിധിയോടൊപ്പം തുടങ്ങിവെച്ച രാഷ്ട്രീയ ചിന്തകളും യോഗങ്ങളിൽ ആളെ കൂട്ടുവാൻ വേണ്ടിയുള്ള ഗാനാലാപനങ്ങളും ഹനീഫയെ പാർട്ടിയുടെ അവിഭാജ്യ ഘടകമാക്കിയത്രെ….
“ഓടി വരുകിറാൻ ഉദയ സൂര്യൻ
ഉള്ളമെല്ലാം ഇമ്പ വെള്ളം പൊങ്കവേ…”

ഉച്ചഭാഷിണികളുടെ സഹായമില്ലാതെ ആയിരങ്ങളെ കൂട്ടുവാൻ കഴിഞ്ഞ ശബ്ദമാധുര്യം… ദ്രാവിഡ കക്ഷികള്‍ നടത്തിയ ഹിന്ദി വിരുദ്ധ പോരാട്ടത്തിലും മറ്റു എല്ലാ പ്രക്ഷോഭത്തിലും ഹനീഫ മുന്നില്‍ തന്നെ ഉണ്ടായിരുന്നുവത്രെ… മുസ്ലീം ഗാനങ്ങൾ മാത്രമല്ല രാഷ്ട്രീയ ഗാനങ്ങളും തനിക്ക് വഴങ്ങുമെന്ന് എഴുതി ചിട്ടപ്പെടുത്തി ആലപിച്ച ഗാനങ്ങൾ തെളിയിച്ചുവത്രെ…
കരുണാനിധിയുമായുള്ള ബന്ധം അണ്ണാദുരെയിലേക്കും പെരിയാറിലേക്കും അടുപ്പിച്ചു…. അമേരിക്കയിലെ ഹൂസ്റ്റൺ മെത്തോഡിസ്റ്റ് ഹോസ്പിറ്റലിൽ യന്ത്രങ്ങൾ നിലനിറുത്തിയിരുന്ന ഉയിരിന്റെ ഉണർവിൽ അത്യാസന്ന നിലയിൽ മുരശൊളിമാരൻ ഏറെ കേൾക്കാൻ കൊതിച്ചിരുന്നതും നാഗൂർ ഹനീഫയുടെ ഗാനങ്ങളായിരുന്നത്രേ…
രണ്ട് തവണ ഡി.എം.കെ ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും തോൽവി നേരിടേണ്ടിയും വന്നിട്ടുണ്ട് ഹനീഫയെന്ന രാഷ്ട്രീയക്കാരന്….

“എല്ലോരും കൊണ്ടാടുവോം
അള്ളാവിൻ പേരെ ചൊല്ലി
നാള്ളോർകൾ വാഴ്വയെണ്ണി”
എന്ന ഗാനം പാവമണിപ്പൂ എന്ന സിനിമക്ക് വേണ്ടിയും..
“ഉൻമതമാ എൻ മതമാ
ആണ്ടവൻ എന്തമതം
നല്ലവങ്കെ എമ്മതമോ
ആണ്ടവനന്ത മതം”
എന്ന ഗാനം രാമൻ അബ്ദുള്ള എന്ന ചിത്രത്തിന് വേണ്ടിയും പിന്നണി പാടി…
ജനം നെഞ്ചിലേറ്റിയ ഭക്തിഗാനങ്ങൾക്കുടമയുടെ വിശേഷണങ്ങളുമായ് നാളുകൾ നീങ്ങവെ കച്ചവടത്തിനേറ്റ പരാജയം ഉപജീവനത്തിന് എനിക്കും അസീസ് നാനക്കും പുതിയ മേച്ചിൽപ്പുറങ്ങൾ തിരഞ്ഞെടുക്കേണ്ടി വന്നു….
ബാബിയെന്ന് ഞാൻ വിളിച്ചിരുന്ന നാനയുടെ ഭാര്യ തയ്യാറാക്കിയിരുന്ന സ്വാദിഷ്ടമായ വിഭവങ്ങളും നാനയുടെ നാഗൂർ ഹനീഫാ വിശേഷണങ്ങളും അതോടെ നിലച്ചു…

അവിചാരിതമായ് ഒരു നാൾ അശുഭവാർത്തയുമായെത്തിയ ഫോൺ കോളിനെ തുടർന്ന് നടപടിക്രമങ്ങൾ കഴിഞ്ഞ് യാത്രക്കൊരുക്കിവെച്ച മൃതശരീരത്തിന് അടുത്ത് എത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ബാബിയും തളർന്നു പോയ മക്കളും… “ഭയ്യാ… തേരാ നാന…” മുറിഞ്ഞ് പോയ അവരുടെ വാക്കുകളും എന്റെ മറുപടിയും നാനയുടെ ഗാനാസ്വാദന വേളകളിലെ ചിത്രശലഭങ്ങളായി ആദം മലയിലേക്ക് പറന്ന് താഴ്വാരങ്ങളിൽ വീണ് പിടഞ്ഞു……

“മൗത്തയെ നീ ഇങ്ക് മറന്ന്
വാഴലാകുമാ…..
മാറിടും വാഴ്വിനിൽ
മൂഴ്കതിൽ ന്യായമാ…”

മയ്യത്ത് നമസ്കാരാനന്തരം യാത്രയാക്കിയെങ്കിലും മനസ്സിന്റെ കോണിലൊരു വിങ്ങലായ് നാനയിരുന്ന് പാടി…. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ശുന്യത ബാക്കിവെച്ച് കൊണ്ട്…..

നാഗൂർ ഹനീഫ വിശേഷണങ്ങളും ആസ്വാദനങ്ങളും നിലച്ചെങ്കിലും തുടരന്വേഷണങ്ങളിൽ ഡി.എം.കെ. സർക്കാർ 2007ൽ അദ്ദേഹത്തെ വഖഫ് ബോർഡ് ചെയർമാനാക്കിയതായറിഞ്ഞു… പിന്നെ കേൾവിശക്തി പൂർണ്ണമായും നഷ്ടമായതിനെ തുടർന്ന് അരങ്ങിൽ നിന്ന് പിൻവലിഞ്ഞു…
കാതുകളിലേക്ക് ഇമ്പമുള്ള ഗാനങ്ങൾ ആലപിച്ച് തന്ന തമിഴ് മുസ്ലീം ഭക്തിഗാന രംഗത്തെ മുടിചൂടാമന്നൻ കേൾവിയില്ലാത്ത ലോകത്ത് നിന്നും 2015 ഏപ്രിൽ 8ന് ബുധനാഴ്ച രാത്രി ഒമ്പതിന് ചെന്നൈയിലെ തന്റെ മകന്റെ വസതിയായ കോട്ടൂര്‍ ഗാര്‍ഡനിൽ വെച്ച് അദ്ദേഹം മരിക്കുമ്പോള്‍ 89 വയസായിരുന്നു..

“ഇറൈവനിടം കയ്യേന്തുങ്കള്‍
അവന്‍ ഇല്ലയെണ്ട്ര്
സൊല്ലവതില്ലൈ…
പൊറുമയുടന്‍കേട്ട്പാരുങ്കൾ
അവന്‍ പൊങ്കിശത്തൈ മൂടുവതില്ലൈ”
ഇന്നെന്റെ ആസ്വാദന വേളകളിൽ മനോമുകുരത്തിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങൾക്ക് വ്യാപ്തി കൂടിയിരിക്കുന്നു… ശബ്ദ നിയന്ത്രണത്തിന്റെ നോബ് പൊട്ടിയ ജെവിസി സെറ്റുമായ് കടന്നു വന്ന അസീസ് നാന… കൊച്ചനൂരിന്റെ തെരുവോരത്ത് മൈക്ക് കെട്ടി പാടിയ അന്ധഗായകർ… തോളിൽ തൂക്കിയിട്ട ഹാർമോണിയ പെട്ടിയിൽ ഈണമിട്ട് അറബനമുട്ടി പാടിയ അവദൂതൻമാർ… പിന്നെ ആദം മലയെ വട്ടമിട്ട് പറക്കുന്ന മൃതപ്രായമെത്തിയ ചിത്രശലഭങ്ങളും….!!

Leave a Reply

Your email address will not be published. Required fields are marked *