പകലിന്റെ കൂട്ടികിഴിക്കലുകളില്‍ ശിഷ്ടം വന്ന ക്ഷീണിച്ച ശരീരത്തിലേക്ക് നിദ്രപുല്കുമ്പോഴായിരുന്നു ഫോണ്‍ ശബ്ദിച്ചത്… “നാളത്തെ അവധി എന്റെ കൂടെ ചിലവഴിക്കാമോ..?” എന്ന ഫോണെടുത്തമാത്രയിലുള്ള ചോദ്യത്തിന്റെ ഉടമയെ ശബ്ദം കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് സ്ക്രീനില്‍ നോക്കി ഉറപ്പ് വരുത്തി… ഫിറോസ്; പഴയ സഹമുറിയന്…!!
“ഞാന്‍ വേണോ….?” എന്ന എന്റെ മറുചോദ്യത്തിന് “ഉപ്പ ഇവിടെ ഉണ്ടായിരുന്ന കാലത്തെ ഒരു കടമിടപാടുണ്ട്, ഇത്തവണ ഹജ്ജിനു പോവുന്നത് കൊണ്ട് അത് കൊടുത്ത് വീട്ടണമെന്നാണ് നിബന്ധന… അതിനു വേണ്ടി നമ്മളൊരുമിച്ചുപോവുന്നു”എന്നുമാത്രം പറഞ്ഞ് മറുത്തൊന്നും പറയാന്‍ അനുവദിക്കാതെ ഫോണ്‍ കട്ട് ചെയ്തു.. എവിടേക്കായിരിക്കാം എന്നൊരാശങ്കയില്‍ ഭംഗംവന്ന നിദ്രയെ ആവാഹിച്ചെടുക്കാനുള്ള ശ്രമമായിരുന്നു പിന്നെ…..
നേരത്തെ ഉഉണര്ന്നെണീറ്റ് അണിഞ്ഞൊരുങ്ങുന്നതിനു മുന്നെ പാര്‍ക്കിങ്ങില്‍ കാത്തുനില്ക്കുന്നുണ്ടെന്നറിയിച്ചു കൊണ്ട് എത്തിയ ഫോണ്‍ കാള്‍ പഴയപോലെതന്നെ ഇപ്പോഴും അവനൊരു കണിശക്കാരനാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു….
താണ്ടിയ ദൂരം സ്പീഡോമീറ്ററിൽ മൂന്നാമത്തെയക്കവും കടന്ന് മെല്ലെ കറങ്ങിക്കൊണ്ടിരുന്നു… അമിത വേഗതയെ നിയന്ത്രിക്കാനുതകുന്ന ദൈവത്തെ ഓർക്കാൻ മറക്കരുതെന്ന നീല പ്രതലത്തിലെ വെള്ള അറബിക് അക്ഷരത്തിലുള്ള ബോർഡുകളും പാത മുറിച്ച് കടക്കുന്ന ഒട്ടകങ്ങളെ സൂക്ഷിക്കാനുള്ള മുന്നറിയിപ്പുകളും മണൽ പരപ്പിനു കുറുകെയുള്ള വഥിക്കിരുവശവും പല തവണ കണ്ടു…
വഴി രണ്ടായ് പിരിയുന്നിടത്ത് ആശങ്ക തീർക്കാൻ ലക്ഷ്യ സ്ഥാനത്തേക്ക് വിളിച്ചതിന് വലത്തോട്ട് തിരിയുവാനുള്ള സൗമ്യ ഭാഷയിലുള്ള
ഉത്തരവുണ്ടായി…
‘’നമ്മളീ വിളിച്ച് കൊണ്ടിരിക്കുന്നത് കാണാൻ ഉദ്ദേശിക്കുന്ന ആളെയല്ല… അദ്ദേഹത്തിന്റെ വാസ സ്ഥലത്തിനടുത്തുള്ള പള്ളിയിലെ മുത്തവ്വയെയാണ്” എന്നവൻ ഉണർത്തിച്ചത് പുതിയൊരു അറിവായിരുന്നു…
ഫിറോസിന്റെ ഉപ്പ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഹൈദരാബാദ്ക്കാരൻ അയ്യൂബ് ഭായിയെ കാണാനാണ് ഞങ്ങൾ പോവുന്നത് എന്നും കക്ഷിയെ വർഷങ്ങളായി തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു എന്നും… ഈയിടെ ഈ മുത്തവ്വയുടെ നമ്പറിൽ നിന്ന് അയാൾ ഉപ്പാക്ക് വിളിക്കുകയായിരുന്നു എന്നും അവൻ പറഞ്ഞു…. ജോലിയിൽ നിന്നും സ്വയം വിരമിച്ച് അപ്രത്യക്ഷനായ അയ്യൂബ് ഭായ്….!! മനസ്സിൽ കൂടതല്‍ അറിയാനുള്ള അകാംക്ഷയുടെ
കനൽ കോരിയിട്ടു…
കാറ്റടിച്ചു മണൽ പരന്ന റോഡിനരികിലെ പൌരാണിക രീതിയിലുള്ള മസ്ജിദിനടുത്ത്നിന്ന് ഒരു മുത്തവ്വ കൈവീശി
കാണിക്കുന്നുണ്ടായിരുന്നു… ആ ആത്മീയ തേജസ്സിന് മുന്നില്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ ഇറങ്ങി…. തന്നെ അനുഗമിക്കാന്‍ ആജ്ഞാപിച്ചു കൊണ്ട് അദ്ദേഹം
ഒരു പഴയ കെട്ടിടത്തിലേക്കായിരുന്നു ഞങ്ങളെ നയിച്ചത്….. കെട്ടിടത്തിനുള്ളിലെ ചെറിയ ഹുക്കവലി കേന്ദ്രത്തിനുള്ളില്‍ തുര്ക്കിതൊപ്പിയണിഞ്ഞ വൃദ്ദനെ ചൂണ്ടി നിങ്ങള്‍
അന്വേഷിക്കുന്നആളാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് അയാള്‍ നടന്നു മറഞ്ഞു….
ഫിറോസിന്റെ പരിചയപ്പെടുത്തലിന്റെ തിരിച്ചറിവില്‍ നിറഞ്ഞ കണ്ണുകളോടെ അവനെ ആലിംഗനം
ചെയ്തുകൊണ്ട് അയ്യൂബ് ഭായ് വിറച്ചു… തലവരയുടെ ദൌര്‍ഭാഗ്യത്താല്‍ തകര്‍ന്ന ജീവിതത്തിന്റെ
ശേഷിപ്പിനെ കാണാന്‍ വരാന്‍ മാത്രം താനെന്തു പുണ്യം ചെയ്തെന്നു അയാള്‍ ഉറുദുവില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു….
“ശേഷിപ്പുകള്‍ക്ക് വില നിശ്ചയിക്കുവാനുള്ള അധികാരം ബാധ്യതയായ് ബാക്കിവെച്ചതിനാലാവാം’’ എന്ന് ഞാനും ചേര്‍ത്ത് പറഞ്ഞു…
“ഞാന്‍ വരിച്ച പത്നിക്കോ അവളില്‍ എനിക്ക് പിറന്ന മകള്‍ക്കോ തോന്നാത്ത ബാധ്യതയും കടപ്പാടും അല്ലെ …. നാണമുളാവാക്കുന്ന വാക്കുകള്‍ തന്നെ…” എന്നു പറഞ്ഞ് കൊണ്ട് ഫ്ലാസ്കില്‍ നിന്നും ചെറിയ ഗ്ലാസ്സിലേക്ക് പകര്‍ന്ന ഗാവയും ഈത്തപ്പഴവും ഞങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു…. “പഠനത്തേക്കാള്‍ കലാപരമായ കാര്യങ്ങളില്‍ മികവുപുലര്‍ത്തിയ ഏക മകളെ നൃത്തഅഭ്യസിപ്പിക്കണം എന്ന നിര്‍ബന്ധം ഭാര്യക്കായിരുന്നു… പരസഹായമില്ലാതെ നാട്ടില്‍ കഴിയുന്നവരുടെ ആഗ്രഹത്തിന്, ഭവിഷത്തുകളെയോര്ത്ത് ആദ്യം എതിര്‍ത്തെങ്കിലും പിന്നെ വഴങ്ങി… അംഗീകാരങ്ങള്‍ കൊണ്ട് അലങ്കരിച്ച സ്വീകരണമുറിയിലെ ചില്ലലമാരയില്‍ സ്ഥലം തികയാതെ വന്ന നാളുകള്‍…. ചടുല നൃത്തങ്ങളുടെ ചുവട് വെപ്പുകള്‍ പിന്നെ റിയാലിറ്റി ഷോയിലേക്കായിരുന്നു…. മുന്‍കൂട്ടി നിശ്ചയിച്ചു വെച്ച നാടകീയ മുഹൂര്‍ത്തങ്ങളുടെ കബളിപ്പിക്കലാണെന്ന തിരിച്ചറിവില്ലാതെ ക്യാമ്പിലെ എന്റെ സഹജീവനക്കാരോട് ഒന്നാം സ്ഥാനത്ത് എത്തിക്കാനായ് മെസ്സേജ് അയക്കാന്‍ കെഞ്ചിയ നാളുകള്‍…. സെമിഫൈനലിന്റെ മികവില്‍ മരിച്ചുപോയ ബാപ്പയെ ഓര്‍ത്ത് പൊട്ടികരഞ്ഞു കൊണ്ട് വോട്ടിരക്കുന്ന മകളെയും സാന്ത്വനിപ്പിക്കുന്ന ഉമ്മയെയും ജീവനോടെ ഇരിന്നു കൊണ്ട് കാണേണ്ടി വന്ന ഹതഭാഗ്യന്… പിന്നെ അഭ്രപാളിയിലെ മാദകറാണിയായ് അര്‍ദ്ധനഗ്നയായ് ആടിയുലയുന്നത് നിര്‍വൃതിയോടെ കൂടെയുള്ളവര്‍ ആസ്വദിക്കുന്നത് കണ്ടപ്പോള്‍ അവരോട് നിയന്ത്രണം വിട്ട് കയര്‍ക്കേണ്ടി വന്ന ഉപ്പ… പിന്നെ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ മകളെകുറിച്ചോര്ത്ത് സര്‍വ്വവും ത്യജിച്ചു കൊണ്ട് ഈ മരുഭൂമിയില്‍ ജീവിതം തുടങ്ങി…. ഇനി ഖബറിലേക്കുള്ള ദൂരം വളരെ കുറച്ചു മാത്രം… ഏവരും മരണത്തിന്റെ രുചിയറിയുക തന്നെ ചെയ്യുമെന്ന താക്കീതുമായ് വായ് തുറന്നുപിടിച്ച ഖബറുകള്‍ അവിടെ കാത്ത് കിടക്കുന്നുണ്ട്… “
അയ്യൂബ് ഭായിയുടെ വെളുത്ത മുഖത്ത് പടര്‍ന്ന ചുവപ്പ് രാശി ആകാശത്തും നിഴലിച്ചു… അവ്യക്തമായ് എന്തോ ഉരുവിട്ട് കൊണ്ട് കയ്യിലെ ജപമാലയില്‍ അലക്ഷ്യമായ് അയാള്‍ എണ്ണം പിടിക്കുന്നുണ്ടായിരുന്നു..