ഒരു വയനാടൻ വീരഗാഥ

കാലങ്ങൾക്കു ശേഷം ഇന്നാണ് താമരശേരി ചുരം വഴി ബാംഗളൂരിലേക്ക് പോവാൻ വേണ്ടി വയനാട്ടിലേക്ക് കടക്കുന്നത്, വഴിക്കടവ് – ഗൂഡല്ലൂർ പാത നവീകരിക്കുന്നതിനു മുന്നെ വണ്ടിയോടിച്ചു പോവുന്ന എല്ലാ ബാംഗളൂർ യാത്രകളും വയനാട് വഴിയായിരുന്നു.

അടിവാരത്തു നിന്ന് രാവിലെ ഏഴരക്ക് തുടങ്ങിയ ചുരം കയറ്റം എട്ടു മണിയോടെ മുകളിൽ ചെല്ലുമ്പോഴാണ് മനോഹരമായ ആ കാഴ്ച്ച കണ്ടത് നുര തുളുമ്പിയൊലിക്കുന്ന ഒരു പാൽപാത്രം പോലെ വൈത്തിരി വ്യൂ പോയിന്റിനു മുകളിലൂടെ ശുഭ്രതയാർന്ന കോടമഞ്ഞിന്റെ പ്രവാഹം താഴേക്കു നീങ്ങുന്നു, വ്യൂ പോയന്റിൽ രാവിലെ പുറപ്പെട്ട സഞ്ചാരികളുടെ തിരക്ക്, ജില്ലയുടെ സ്വാഗത കമാനം കടന്നതു മുതൽ വണ്ടി ഹെഡ് ലൈറ്റിടാതെ നീങ്ങാൻ നിവൃത്തിയില്ലെന്നായി, മരവും മനുഷ്യനും പട്ടണവും ക്യാൻവാസിലേതു പോലെയുള്ള വിദൂര ദൃശ്യാവസ്ഥയിൽ നിന്ന് കാഴ്ച്ച വട്ടത്തിലേക്ക് തെളിഞ്ഞു വരുന്നു, നേരം ഒമ്പതിനോടടുത്തിട്ടും വയനാട് ദിനചര്യകളിലേക്ക് സജീവമായിട്ടില്ല,മനസ്സില്ലാ മനസോടെ ചൂളിപ്പിടിച്ച് സ്റ്റോപ്പുകളിൽ വണ്ടി കാത്തു നിൽക്കുന്ന സ്കൂൾ കുട്ടികൾ, കൽപ്പറ്റയും ബത്തേരിയും കോട പുതച്ച് കിടക്കുകയാണ്, ഇത് ചുരത്തിനു മുകളിലെ കേരളം, സംസാരം കൊണ്ട് മാത്രം കേരളമാവുന്ന ഇവിടം ശരീരം കൊണ്ട് ഡക്കാൺ ഭൂമികയാവുന്ന അപൂർവ്വ കാഴ്ച്ചയാണിത്.

വണ്ടി കോടമഞ്ഞിലൂടെ വഴി തുളച്ചു പോവുകയാണ്, സുൽത്താൻ ബത്തേരിയെ പിന്നിട്ട് മുത്തങ്ങയിലെ ആദിവാസി പോരാട്ടം നടന്ന നിലങ്ങളിലെത്തുമ്പോഴേക്കും മഞ്ഞുമറക്ക് അല്പം ശമനമുണ്ടായി, മുത്തങ്ങ കഴിഞ്ഞാൽ നൂൽപ്പുഴ പാലത്തിനപ്പുറം കർണ്ണാടകയാണ്, മലയാളത്തിന്റെ രുചിപ്പെരുമ ഇവിടെ ചെക്പോസ്റ്റിനടുത്ത തട്ടുകടകളിലവസാനിക്കുന്നു.
പുലർച്ചെ നാലുമണിക്ക് പുറപ്പെട്ടതാണ് വിശപ്പുണ്ട് പ്രഭാത ഭക്ഷണം കാര്യമായി തന്നെ കഴിക്കണം, എനിക്ക് മുത്തങ്ങ തകരപ്പാടിയിലെ നബീസത്തായെ ഓർമ്മ വന്നു കാലമേറെയായി അവിടെ കയറിയിട്ട്, ചെക് പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട് പോയാൽ റോഡ് സൈഡിലെ ഒരു വൻമരത്തിനു മുകളിലെ ഏറുമാടവും താഴെ വെച്ചു കെട്ടിയ ഷെഡ്ഡിനുള്ളിൽ ചില്ലറ സാമാനങ്ങളുമായി ഒരു പെട്ടിക്കടയും, രണ്ടടുപ്പും രണ്ടു ബെഞ്ചും, ഒരു ചെറിയ ചില്ലലമാരയിൽ നാടൻ ചായക്കടികൾ, ഇത്രയുമാണ് തന്റെ കുടുംബത്തെ ജീവിതത്തിലേക്ക് എത്തിച്ചു പിടിക്കാനുള്ള നബീസത്തായുടെ സന്നാഹങ്ങൾ.

കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഇത്തരം ‘വീട്ടമ്മ സംരഭങ്ങൾ’ കാണാം, പക്ഷെ അവരെ ശ്രദ്ധേയയാക്കുന്നത് മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന തന്റെ ജീവിതോപാധിയെ ആ അതിർത്തി ഗ്രമത്തിൽ നിലനിർത്താനായി അവർക്ക് നേരിടേണ്ടി വന്ന കഷ്ട്ടപ്പാടും ത്യാഗങ്ങളുമാണ്, ഇതിൽ മനുഷ്യരേയും മൃഗങ്ങളേയും അധികാരികളേയും അവർക്ക് നേരിടേണ്ടി വന്നു, പത്തുപന്ത്രണ്ട് വർഷങ്ങൾക്ക് മുന്നെ ഏഷ്യാനെറ്റ് കണ്ണാടിയുടെ ഒരു എപ്പിസോഡിൽ അവതാരകൻ TN ഗോപകുമാർ തന്റെ പരുക്കൻ ശബ്ദത്തിൽ ആ കഥ പറയുമ്പോൾ തോന്നിയ വിസ്മയമാണ് പിന്നീട് അവരെ കാണുക എന്ന ലക്ഷ്യത്തിലെത്തിച്ചത്.

പിറ്റെത്തെ വർഷം നാട്ടിൽ പോകുമ്പോൾ ഞാനും, സഹോദരൻ ഹുസൈനും ഫാമിലിയുമടങ്ങുന്ന വാഹനം അവിടെ നിർത്തി,കടയിൽ കുറച്ചു യാത്രക്കാരുണ്ട് ഉമ്മയും, മോളും, മകനും വിളമ്പുകയും കാശ് വാങ്ങിക്കുകയും ചെയ്യുന്നു, ഒരു പണിക്കാരൻ ഷെഡ്ഡിന്റെ അറ്റകുറ്റപണികൾ ചെയ്യുന്നു, കഥ മനസ്സിലുള്ളത് കൊണ്ട് ഞാനത് കുറച്ചു നേരം നോക്കി നിന്നു പിന്നെ ഹുസൈനോട് പറഞ്ഞു, “ഇത് തന്നെയാണ് നമ്മുടെ നബീസത്താ… “കുറച്ചു പലഹാരങ്ങൾ പാർസൽ വാങ്ങി കാശ് കൊടുക്കുമ്പോൾ ഇത്തായോട് ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചന്വേഷിച്ചു, അവർ പറഞ്ഞു ” എന്ത് പറ്യാനാ നാളെ ദ് ണ്ടങ്കി ണ്ട് “നോക്ക്യേ…ന്നലെ രാത്ത് രി ആനേള് (രാത്രിയിൽ കാട്ടാനക്കൂട്ടം ഷെഡ് വലിച്ചിട്ടത്) കേടേര്ത്ത്യേതാപ്പൊ ആ ചെക്കൻ നിന്ന് ശര്യാക്ക്ണത്…”

ചാനലിൽ പറഞ്ഞ അപ്പുറത്തെ കടക്കാരനെ പറ്റി ഞാൻ ചോദിച്ചു ഒരു നിമിഷം എന്റെ മുഖത്തോട്ടു നോക്കി നിന്ന ശേഷം അവർ പറഞ്ഞു “ഓന്റെ എടങ്ങറാക്കലിന് കൊറവൊന്നുല്ലാ… ആപ്പീസ്കളില് കേറ്യെറങ്ങ്ണ്… പോലീസേരോട് പറേണ് ആൾക്കാരെക്കൂട്ട്ണ്….”

സംസ്ഥാന അതിർത്തിയിൽ ഭക്ഷണം കിട്ടുന്ന ഒരു സ്ഥലം എന്ന പ്രത്യേകത കൊണ്ടോ, നാടൻ രുചി പിടിച്ചോ യാത്രക്കാർ മിക്കവരും അവിടെ കയറുന്നു, ആൾത്തിരക്കുണ്ടാവുന്നു, എന്നതിൽ ‘സ്വാസ്ഥ്യം’ നഷ്ട്ടപ്പെട്ട പരിസരത്തുള്ള ഒരു പലചരക്ക് കടക്കാരൻ ചെയ്യുന്ന ദ്രോഹങ്ങളാണത്രെ ഇതെല്ലാം, അതിന് വേണ്ടി മുന്നൂറ് മീറ്ററോളം അപ്പുറത്തുള്ള ക്ഷേത്രത്തിന്റെ പവിത്രത, ഈ സ്ത്രീ ഇവിടെ മത്സ്യവും മാംസവും വിളമ്പി നശിപ്പിക്കുന്നു എന്ന വർഗീയ കാർഡും അയാൾ ഇറക്കി, ഡിപ്പാർട്ടാമെൻറും, പോലീസും ഇടക്കിടക്ക് അടപ്പിക്കും വീണ്ടും തുറക്കും, ദിവസമുള്ള കാട്ടാനക്കൂട്ടത്തിന്റെ ശല്യത്തിന് പുറമെയാണിത്,
(രാത്രിയിൽ ഇത്തായുടെ മകനും പണിക്കാരനും ഏറുമാടത്തിന് മുകളിൽ തങ്ങും ആനകൾ വരുമ്പോൾ ടിന്നിലടിച്ചും പടക്കം പൊട്ടിച്ചും പിന്തിരിപ്പിക്കാൻ ശ്രമിക്കും).
“ക്ക് വേറെ വയ്യില്ലാ ഞാനും ന്റെ കുട്ട്യേളും ദോ..ണ്ടാണ് കഞ്ഞി കുടിക്ക്ണത്.. ” എന്നു പറയുമ്പോൾ അവരുടെ ശബ്ദ്ദത്തിൽ ആത്മവിശ്വാസമണ് അന്ന് മുന്തിനിന്നത്.

പിന്നീട്‌ കാറിലുള്ള പോക്കുവരവുകളിൽ അതിർത്തിയിലെ ഈ ഉമ്മ സാന്നിദ്ധ്യം കുടുംബത്തിന് പരിചിതമായി, ഫാമിലിക്കിരിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് പലഹാരം പാർസൽ വാങ്ങും, വലിയ തിരക്കില്ലെകിൽ ഇത്ത കാറിനടുത്തേക്ക് വരും, ദൂരം കുറവുള്ള ഗൂഡല്ലൂർ റോഡ് നവീകരിച്ചപ്പോൾ യാത്രകളെല്ലാം അതിലെയായി.

തകരപ്പാടിയിലിപ്പോൾ വലുതായിട്ടല്ലെങ്കിലും മാറ്റങ്ങളുണ്ട്, തട്ടുകടകൾ കൂടിയിരിക്കുന്നു നബീസത്തയുടെ ഷെഡ്ഡ് കാണുന്നില്ല, ഏറുമാടം ഉണ്ടായിരുന്ന മരമേതെന്നു പോലും മനസ്സിലാകുന്നില്ല, തട്ടുകടകൾ ഏതാണ്ടെല്ലാം ടിൻഷീറ്റ് മേഞ്ഞതാണ്, നബീസത്ത കാലത്തിന്റെ തിരശീലക്ക് പിന്നിലായോ ഒന്നും മനസ്സിലാകുന്നില്ല, വണ്ടി പാർക്കു ചെയ്തു അവിടെ കുറച്ചു തിരക്കുള്ള കടയിൽ തന്നെ കയറി, ലുലുമെസ്സ്,രണ്ടു പെണ്ണുങ്ങളും രണ്ടാണുങ്ങളുമാണ് നടത്തുന്നത് അതിൽ ചെറുപ്പക്കാരി ചായ കൗണ്ടറും ക്യാഷ് കൗണ്ടറും നോക്കുന്നു തന്റെ പണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഗൗരവക്കാരിയാണവൾ, പൊറോട്ടയും അയില മുളകിട്ടതും കഴിച്ച് മൂക്ക് തുടച്ചു കൊണ്ടിരിക്കുന്ന, ബോംബെയിൽ നിന്ന് യാത്ര പുറപ്പെട്ട ബൈക് റൈഡർമാരിൽ നിന്നവൾ കാശ് കണക്കുകൂട്ടി വാങ്ങുന്നു, ടേബിളിന്റെ ചെയറുകളിലൊന്നിൽ ഇരുന്ന ഞാൻ മടിച്ച് മടിച്ച് ചോദിച്ചു “ഇവടെ ഒരു നബീസത്താ…. ”
കാലങ്ങൾക്കു ശേഷം വിരുന്നു വന്ന ബന്ധുവിനോടെന്ന പോലെ അവളെന്നോട് ഹൃദ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു ”ഉമ്മാന്റെ കട തന്നേണ് ദ് …”
ഉമ്മ പിന്നിലുള്ള വീട്ടിലുണ്ടെന്നും, ഇപ്പോൾ പഴയ പോലെ വയ്യ കുറച്ചു കഴിഞ്ഞേ വരൂ എന്നും അവൾ പറഞ്ഞു, ജ്യേഷ്ട്ടത്തിയും ആങ്ങളയും ഒരു ബന്ധുവുമാണ് ഇപ്പോൾ കടയിലുള്ളത്, പ്രശനങ്ങളൊന്നുമില്ല വേറെയും കടകൾ വന്നു കച്ചവടം കൂടിയിട്ടുണ്ട് സുഗമമായി പോകുന്നു, വിഭവങ്ങൾ പഴയതു തന്നെ എണ്ണ പലഹാരങ്ങൾക്കു പുറമെ പൊറോട്ടയും , പുട്ടും, കപ്പയും, ബീഫും, മത്തിയും അയിലയും മുളകിട്ടതും പൊരിച്ചതും, ഇപ്പോൾ സ്പെഷലെന്നു പറയാൻ കപ്പബിരിയാണിയുണ്ട്, നാടൻ രുചിക്ക് മാറ്റമൊന്നും വന്നിട്ടില്ല.

എനിക്ക് പറഞ്ഞ പൊറോട്ടയും അയില മുളകിട്ടതും കൊണ്ടുവന്നു വെച്ചു, ബാംഗളൂരിൽ നിന്ന് വന്ന മറാഠി ഡ്രൈവർ ശിവജിവംശജനെന്ന് മേന്മ പറഞ്ഞവനും അതുതന്നെ മതിയെന്നു പറഞ്ഞു (ഞാൻ ബീഫ് കഴിക്കുകയാണെങ്കിൽ അവനും ബീഫ് കഴിക്കും എന്നത് ഉറപ്പാണ്). ഒരു തണുപ്പു കൂടിയ പ്രഭാതത്തിൽ ചൂടുള്ള പൊറോട്ടയും എരിവുള്ള കറിയും കഴിച്ച കുതൂഹലത്തിന് മീതെ ഒരു കാപ്പിയും കഴിച്ച് കാശ് കൊടുത്തിറങ്ങുമ്പോൾ ആ ഇളയ മകൾ പറഞ്ഞു ”ഇക്കാ… ഉമ്മ കെടക്ക്കയാണ് ഞാൻ…”
വേണ്ട ഉമ്മ കിടക്കട്ടെ പിന്നൊയൊരിക്കൽ കാണാമെന്ന് ഞാനും പറഞ്ഞു,

ചരിത്രമാവുന്ന മഹത് ജീവിതമൊന്നുമല്ലെങ്കിലും,നബീസത്ത ജീവിതം കരുപ്പിടിപ്പിക്കാൻ പ്രതികൂല സാഹാചര്യങ്ങളെ എതിരിട്ട അസംഖ്യം മനുഷ്യാത്മാക്കളിലൊരാൾ മാത്രം, ആത്മാക്കളുടെ വിധി നിർണ്ണയിക്കുന്ന അന്ത്യനാളിൽ ദൈവത്തിങ്കൽ ഈ ത്യാഗങ്ങൾക്കുള്ള ഒരു വിഹിതം അവർക്കുമുണ്ടാകും, ഇനിയവർ വിശ്രമിക്കട്ടെ.